കോളക്കമ്പനി എന്തുകൊണ്ട്‌ പൂട്ടുന്നില്ല?

കേരളത്തിലെ ജനങ്ങൾ ശുദ്ധമായ തെങ്ങിൻകളേളാ പനങ്കളേളാ കുടിച്ചിരുന്ന കാലമുണ്ട്‌. തെങ്ങിന്റെയും പനയുടെയും കുറ്റിയറ്റതോടെ നിർബന്ധമുളളവർ വിഷക്കളള്‌ സേവിച്ചു തുടങ്ങി. കരിക്കിൻവെളളവും അന്ന്‌ സുലഭമായിരുന്നു. പാവപ്പെട്ടവന്റെ അക്കാലത്തെ പെപ്‌സിയും കോളയും കശുമാങ്ങാപ്പഴത്തിന്റെയും പൈനാപ്പിളിന്റെയുമൊക്കെ നീരായിരുന്നു. ദാഹത്തിന്‌ ചെറുനാരങ്ങയും മോരും ഉപയോഗിച്ചിരുന്നു.

മലയാളിയുടെ മനസ്സിലേക്ക്‌ ഈ ഫോറിൻ ദാഹശമനികളെ സന്നിവേശിപ്പിച്ചത്‌ ഒരുപക്ഷെ പരസ്യങ്ങളുടെ പൊളളത്തരങ്ങളാവണം. മനുഷ്യശരീരത്തിന്‌ പ്രകൃതി കനിഞ്ഞു നല്‌കിയതൊക്കെ പോരാഞ്ഞ്‌ അധികകാര്യങ്ങൾക്കുപിന്നാലെ ആളുകൾ പോകാൻ തുടങ്ങിയത്‌ പരസ്യരീതിയുടെ അതിശയോക്തികലർന്ന വാചകക്കസർത്തുകളിലൂടെയാണ്‌. പരസ്യങ്ങളെ വിശ്വസിച്ചാൽ ജീവിതക്രമത്തിനുതന്നെ വലിയ മാറ്റം സംഭവിക്കുമെന്ന യാഥാർത്ഥ്യം മലയാളി മനസ്സിലാക്കുന്നില്ല. അങ്ങനെയാണ്‌ വിദേശ ഉല്‌പന്നങ്ങളായ പെപ്‌സിയും കൊക്കക്കോളയും നമ്മുടെമാത്രം സ്വന്തമായ ഈ ചെറിയതുണ്ടു മണ്ണിൽ തങ്ങളുടെ വിഷക്കാലുകൾ ആഴത്തിലിറക്കിയത്‌. പിന്നീട്‌ നാം കണ്ടത്‌ മലയാളമണ്ണിൽനിന്നും ഈ വിദേശികളെ ഓടിക്കാൻ ഒരുകൂട്ടമാളുകൾ മറ്റൊരു സ്വാതന്ത്ര്യസമരത്തിലേർപ്പെടുന്നതാണ്‌. രാഷ്‌ട്രീയ-സാംസ്‌കാരിക-പരിസ്ഥിതി മണ്ഡലങ്ങളിൽപെട്ട പുരോഗമനവാദികൾ, നാടിനു നാശമായിത്തീർന്നിട്ടുളള കൊക്കക്കോളകമ്പനി പൂട്ടിക്കാൻ നടക്കുന്ന മൂന്നേകാൽവർഷത്തെ സമര പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.

ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ ഈ സമരം തുടങ്ങിവച്ചത്‌ ഏതാനും ആദിവാസി കുടുംബങ്ങളാണ്‌. പ്രതിബന്ധങ്ങളേറെയും തരണംചെയ്‌ത്‌ സമരം കൂടുതൽ ജനകീയമാക്കാൻ അവർക്കു കഴിഞ്ഞു.

അതിജീവനത്തിനുവേണ്ടി പോരാടുന്ന ഈ മനുഷ്യരുടെ മുന്നിൽ ഭരണകൂടവും നീതിപീഠവും കരുണയറ്റവരായിത്തീർന്നിരിക്കുന്നു. തങ്ങൾക്കവകാശപ്പെട്ട മണ്ണും വെളളവും വായുവും ജീവിതംതന്നെയും തട്ടിപ്പറിച്ചെടുത്ത്‌ പണം കൊയ്യുന്ന വിദേശകമ്പനിയെ നാടുകടത്താൻ എന്തുകൊണ്ട്‌ ഇവിടുത്തെ അധികാരികൾക്ക്‌ കഴിയുന്നില്ല? പാലക്കാട്‌ ജില്ലയിൽപെട്ട പ്ലാച്ചിമടയിലെ ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവിതം പഠിക്കുമ്പോഴാണ്‌ കൊക്കക്കോള-പെപ്‌സി കമ്പനിയുടെ പ്രവർത്തനം അതിക്രൂരമാണെന്ന്‌ ബോധ്യമാകുന്നത്‌.

ഇത്രയധികം ശക്തമായ പ്രതിഷേധമുണ്ടായിട്ടും കോളകമ്പനി സുഗമമായി പ്രവർത്തിക്കുന്നതിന്റെ പിന്നിൽ തീർച്ചയായും രാഷ്‌ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കുടിക്കാനൊരിറ്റുവെളളം അവശേഷിപ്പിക്കാതെ, ഉളളവെളളം മലിനപ്പെടുത്തി, വായുവും മണ്ണും വിഷലിപ്‌തമാക്കി, പച്ചപ്പിനെ വളരാനനുവദിക്കാതെ, മനുഷ്യർക്ക്‌ രോഗപീഡയും പട്ടിണിയും ദാനം നല്‌കി ഒരു സമൂഹത്തെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു?

-ഉൺമ

Generated from archived content: essay3_aug13_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here