മാംസവില്പന ഒരപരാധമായി ആരും കരുതുന്നില്ല. ഓണം, ക്രിസ്‌തുമസ്, റമളാൻ തുടങ്ങിയ വിശേഷദിവസങ്ങളിൽ എത്രായിരം മിണ്ടാപ്രാണികളെയാണ് നമ്മൾ വകവരുത്തി തീൻമേശയ്‌ക്കലങ്കാരമാക്കുന്നത്. (ഇതെഴുതുന്ന ആൾ ഉൾപ്പെടെ) ‘നാലെണ്ണം വീശി’ അഞ്ചാറ് ഇറച്ചി കടിച്ചുവലിച്ചെങ്കിൽ മാത്രമേ ആഘോഷം അതിന്റെ ശരിയായ അർത്ഥത്തിൽ ആഘോഷമാകൂ.
വാമനന്റെ ചതിയുടെ കഥ & സമഭാവന എന്ന പ്രാകൃത കമ്മ്യൂണിസത്തിന്റെ സ്മരണ; കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ലോകം എന്നൊക്കെ ഓണത്തിനും, ‘ഭയപ്പെടേണ്ട, ഇതാ എല്ലാ ജനങ്ങൾക്കുമായുളള ഒരു മഹാസന്തോഷത്തിന്റെ നല്ല വാർത്ത ഞാനറിയിക്കുന്നു. ഇന്ന് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്ക് ഒരു രക്ഷകൻ, കർത്താവായ ക്രിസ്‌തു, പിറന്നിരിക്കുന്നു……..’ (ലൂക്കോസ് 2; 10, 11, 12 മലയാളം ബൈബിൾ) എന്നൊക്കെ ക്രിസ്‌തുമസിനും, മനുഷ്യവംശത്തിന് ഒരു മാർഗ്ഗദർശനമായും (സത്യാസത്യങ്ങളെ) വേർതിരിക്കുവാനും മാർഗ്ഗദർശനത്തിനുളള വ്യക്തമായ ദൃഷ്ടാന്തമായും ഖുർ ആൻ (ഏറ്റവുമാദ്യമായി ലോകത്തേക്ക്) അവതരിച്ചത് റംസാൻ മാസത്തിലായിരുന്നു (പരിശുദ്ധ ഖുർ ആൻ 2185) അന്നൊക്കെ റമളാനും നല്ല ലക്ഷ്യങ്ങളുണ്ട്. പറഞ്ഞിട്ടു ഫലമെന്താ? അകം പൊളളയായ കുറെ ആചാരങ്ങൾകൊണ്ട് നമ്മൾ ഇക്കാലത്ത് കർട്ടനിടുകയല്ലേ പതിവ്? എന്നിരുന്നാലും ഇവിടെയൊന്നും ‘മാംസ’ത്തിന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല.
സിനിമയിലെ ഇറച്ചിയെടുക്കാം. അവിടെ രൂപം മാറും; ഭാവം തീരെ മാറുന്നില്ല. ആദ്യകാലങ്ങളിൽ ഇറച്ചിയുളള സിനിമയെ ‘കമ്പി’ എന്നു വിളിച്ചു. കമ്പിക്കഥ, കമ്പിപുസ്‌തകം ഇത്യാദി വകഭേദങ്ങൾ. കമ്പി മാറി ‘തുണ്ടായി’. തുണ്ട് നീലയായി……അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും, സിനിമ തുടങ്ങിക്കഴിഞ്ഞ് കയറിയും തീരുന്നതിനു മുൻപ് ഇറങ്ങിയും എത്രയോ തവണ ‘കമ്പിതഗാത്ര’നായി തീർന്നിട്ടുണ്ട്. ആരെല്ലാം മലർന്നും കമിഴ്‌ന്നും കിടന്ന് കാട്ടിലും വീട്ടിലുമായി എത്രതവണ എണ്ണതേക്കുകയും കുളിക്കുകയും ചെയ്‌തു. പാറപ്പുറത്തും പുഴയോരത്തും കട്ടിലിൽകിടന്നും സഹശയനം നടത്തി, ക്യാമറയ്‌ക്കു മുന്നിൽ ഒരു ഉളുപ്പുമില്ലാതെ. ആകാശം ഇടിഞ്ഞുവീണോ? അവിടെയും ഒരു ചോദ്യം………എന്തവശേഷിച്ചു? ചില്ലറ നിമിഷത്തേക്കുളള ആനന്ദം!
പുസ്‌തകത്തിലേക്കു വന്നാലും ഇതു തന്നെ ഗതി. ‘അതിരസം കുഞ്ഞന്നാമ്മ’ ‘വഷളൻ’ അണലി……..എത്രയധികം പേരുകൾ. എഴുത്തുകാർ, പ്രസിദ്ധീകരണങ്ങൾ. എന്തവശേഷിച്ചു?
‘നളിനി ജമീല’യും തന്റെ കഥ പറയട്ടെ. നാട്ടുകാർ വായിക്കട്ടെ. വിവർത്തനം ചൂടുപൊറോട്ടപോലെ വിറ്റുമാറ്റട്ടെ. അവരു പറയുന്ന കഥയിൽ എവിടെയും എടുത്തുകാട്ടാവുന്ന ഒരു ജീവിതവുമുണ്ടോ? എന്തിന്റെയുമൊക്കെപേരിൽ ആരും ആരും ഇഷ്ടപ്പെടാത്ത ഒരു ജീവിതം തെരഞ്ഞെടുത്തതിന്റെ ആഖ്യാനം നമ്മെ ചുട്ടുപൊളളിക്കുന്നുണ്ടോ? വാക്കുകൾ കൊണ്ട് നക്ഷത്രമുണ്ടാക്കുന്നുണ്ടോ? എന്നിൽ ‘കൃതി’യെന്ന നിലയിൽ അതിനു ചിരംജീവിത്വം ഉണ്ടാകും. വെറും ‘ഇറച്ചിക്കഥ’യാണെങ്കിൽ ‘പത്തുപുത്ത’നുണ്ടാക്കി എഴുത്തുകാരിയും പ്രസാധകനും ‘ക്ലീൻബൗൾഡ്’ ആകും.
പിന്നെ നമ്മുടെ ചാനലുകളിൽ ‘മ്യൂസിക്’ എന്ന ഓമനപ്പേരിൽ ഇറുകിയ വസ്‌ത്രമണിഞ്ഞ് ‘ടെലിഫോണിലൂടെ’ ‘ഹലോ രതി’ ഓതുന്ന പെങ്കുഞ്ഞുങ്ങളെ കണ്ടിട്ട് നമുക്ക് നെറ്റിചുളിയുന്നില്ലല്ലോ!
Generated from archived content: essay1_dec9_06.html