പി.കെ.നരേന്ദ്രദേവ്‌ഃ അക്ഷരങ്ങളുടെ കാവൽക്കാരൻ

അറുനൂറോളം മിനിമാസികകളുടെ അത്യപൂർവ്വ പ്രദർശനം കേരളമൊട്ടാകെയായി തൊണ്ണൂറു സ്ഥലങ്ങളിൽ ഉൺമ നടത്തുകയുണ്ടായി. 1987 മുതൽ ഈ പ്രദർശനം ഉൺമ നടത്തിവരുന്നു.

ഉൺമയുടെ ഈ സംരംഭം മിനിമാസികകളുടേതു മാത്രമാണെങ്കിൽ, വാരികകളുടെയും മാസികകളുടെയും പത്രങ്ങളുടെയും വൻശേഖരവുമായി ഒരാൾ നമുക്കിടയിൽ കൗതുകമായി ജീവിക്കുന്നു.

കൂത്താട്ടുകുളത്തിനടുത്ത്‌ തിരുമറാടിയിലെ ‘നളന്ദാ’ എന്ന വീട്ടിൽ എഴുപതിനുമേൽ പ്രായമുളള പി.കെ. നരേന്ദ്രദേവ്‌ ആണ്‌ അക്ഷരങ്ങളുടെ ഈ കാവൽക്കാരൻ. പ്രസിദ്ധീകരണങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ട്‌ അമ്പതു കൊല്ലത്തിനു മേലെയായി.

പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം കേരളത്തിൽ തുടങ്ങിവെച്ചത്‌ ഒരുപക്ഷെ നരേന്ദ്രദേവ്‌ ആകണം. 1957-ൽ സാഹിത്യപരിഷത്തിന്റെ വാർഷികത്തോടനുബന്ധിച്ച്‌ അഞ്ഞൂറോളം പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം കോട്ടയത്ത്‌ ദേവ്‌ നടത്തി.

ആയിരത്തിയഞ്ഞൂറോളം പ്രസിദ്ധീകരണങ്ങൾ ഇക്കാലമത്രയുമായി ദേവ്‌ സമാഹരിച്ചു കഴിഞ്ഞു. 1892 മുതലുളള മാസികകൾ അദ്ദേഹത്തിന്റെ സമാഹാരത്തിലുണ്ട്‌. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ചിട്ടാണ്‌ ഇത്രയധികം പ്രസിദ്ധീകരണങ്ങൾ അദ്ദേഹം ശേഖരിച്ചത്‌. പലതിന്റെയും ഒന്നാംലക്കം തന്നെയാണ്‌ ശേഖരത്തിലുളളത്‌.

തൃശൂരിൽനിന്നും പ്രസിദ്ധീകരിച്ച ‘വിദ്യാവിനോദിനി’യുടെ 1892ലെ ലക്കം, 1898 ൽ കൊല്ലത്തുനിന്നും പ്രസിദ്ധപ്പെടുത്തിയ ‘വിദ്യാവിലാസിനി’, കോട്ടയ്‌ക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ചിരുന്ന ‘ധന്വന്തരി’യുടെ 93 വർഷം പഴക്കമുളള ലക്കം, 80 വർഷം പഴക്കമുളള ‘ക്രൈസ്‌തവ മഹിളാമണി’ ‘കഥാകൗമുദി’ എന്നിവയും, ജ്യോതിഷവിലാസിനി, സാഹിത്യമാലിക, ദീപം, നിരൂപകൻ, ലോകബന്ധു, കഥാമാലിക, രസികൻ, കേരളകർഷകൻ, നാരദർ, ഉണ്ണിനമ്പൂതിരി, നവജീവൻ, കഥാമഞ്ഞ്‌ജരി, കഥാമാസിക, സഞ്ഞ്‌ജയൻ, ജയകേരളം, മഹിളാമന്ദിരം, മംഗളോദയം, ഗോപുരം, സമീക്ഷ, മഹിളാനവസാഹിതി, ജ്ഞാനനിക്ഷേപം, ലക്ഷ്‌മീഭായി, കമ്മ്യൂണിസ്‌റ്റ്‌, അമൃതവാണി, ദേശബന്ധു, ലോകവാണി തുടങ്ങി നൂറ്റാണ്ടുപഴക്കമുളള പ്രസിദ്ധീകരണങ്ങളും കേടുകൂടാതെ ഭദ്രമായി ദേവ്‌ സൂക്ഷിക്കുന്നു. ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ വരെ ശേഖരത്തിൽ കാണാം.

പ്രസിദ്ധീകരണശേഖരം ഒരു തപസ്യയായി കരുതുന്ന പി.കെ.നരേന്ദ്രദേവ്‌ ഗ്രന്ഥകാരൻ കൂടിയാണ്‌. ‘കവികളെഴുതിയ കഥകൾ’ സമാഹരിച്ച്‌ 1999-ൽ പ്രസിദ്ധീകരിച്ചു. ചെറുപ്പം മുതൽതന്നെ വായനയിലും സാഹിത്യരചനയിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും തല്‌പരനായിരുന്നു ദേവ്‌. കഥകളും കവിതകളും എഴുതി. വർഷങ്ങൾക്കുമുമ്പ്‌ ‘ഉഷ’ സിനിമാമാസികയുടെ പത്രാധിപരായിരുന്നു ദേവ്‌. പില്‌ക്കാലത്ത്‌ സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ ഉദ്യോഗസ്ഥനായി. 1988-ൽ വിരമിക്കുന്നതിനിടയിലെ അദ്ദേഹത്തിന്റെ സമ്പാദ്യം, മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭമതികളായ എഴുത്തുകാരുമായുളള ദൃഢബന്ധവും, പ്രസിദ്ധീകരണങ്ങളുടെയും പുസ്‌തകങ്ങളുടെയും വമ്പിച്ച ശേഖരവുമാണ്‌.

അക്ഷരക്കൂട്ടം ഇന്നും ഈ മനുഷ്യനെ ആവേശം കൊളളിക്കുന്നു.

ഗവേഷണ വിദ്യാർത്ഥികൾക്ക്‌ ദേവിന്റെ പ്രസിദ്ധീകരണശേഖരം ഉപയോഗപ്പെടുത്താവുന്നതാണ്‌.

Generated from archived content: essay10_sep2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here