എഡിറ്റോറിയൽ

മനുഷ്യാവകാശികളെ കണ്ടവരുണ്ടോ?

മതമൗലികവാദികൾ മനുഷ്യസ്‌നേഹത്തിന്റെ കുപ്പായം ധരിച്ചിറങ്ങുന്ന നാട്ടിൽ, സത്യം പറഞ്ഞതിന്‌ തസ്ലീമനസ്‌റീൻ എന്ന എഴുത്തുകാരി വീണ്ടും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ‘ദാസിയായിരിക്കുന്നതിനേക്കാൾ ഭേദം വേശ്യയായിരിക്കുന്നതാണ്‌’ എന്നു പറഞ്ഞതാണ്‌ അവർ ചെയ്‌ത മാപ്പർഹിക്കാത്ത പാതകം. അതിന്‌ അവരെ വീട്ടിൽനിന്നോടിച്ചു, നാട്ടിൽനിന്ന്‌ ആട്ടിപ്പായിച്ചു, ചെല്ലുന്നേടത്തെല്ലാം അധിക്ഷേപിച്ചു. ശേഷിക്കുന്ന ജീവിതം മുഴുവൻ ഏകാന്തത്തടവ്‌ വിധിച്ചു. സംശയകരമായ സാഹചര്യത്തിൽ പിടിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്ന കൊടുംഭീകരർക്കുപോലും മനുഷ്യാവകാശത്തിന്റെ തുണ്ടുതുണി ലഭിക്കാറുണ്ട്‌ നാണംമറയ്‌ക്കാൻ. ഭരണഘടന ഉറപ്പുനല്‌കുന്ന ന്യൂനപക്ഷസംരക്ഷണം അവർക്കുളള ജീവൻരക്ഷാ ഔഷധമാണ്‌ പലപ്പോഴും. അഹിംസാവാദം ഹിംസാത്മകതയെ പൊതിഞ്ഞ്‌ സംരക്ഷിക്കാറുണ്ട്‌. അറിയാവുന്നതും അറിയാത്തതും തൊളളതുറന്ന്‌ വിളിച്ചുകൂവുന്ന പ്രസംഗകലാകാരന്മാർ ഇതൊന്നും അറിഞ്ഞില്ലേ? ആയകാലത്ത്‌ എഴുത്തുകാരിയെ പുകഴ്‌ത്താനും അവരുടെ ധീരതയെ പ്രശംസിക്കാനും സ്‌ത്രീശക്തിയെ നമിക്കാനും ഇവർ എല്ലാപേരും ഉണ്ടായിരുന്നല്ലോ. ഇപ്പോൾ വീട്ടുതടങ്കലിലടയ്‌ക്കപ്പെട്ട തസ്ലീമയ്‌ക്കുവേണ്ടി വാദിക്കാൻ ജീവനിൽ കൊതിയില്ലാത്ത ഒരു മഹാപ്രതിഭയും രംഗത്തില്ല. ചില സത്യങ്ങൾ അങ്ങിനെയാണ്‌, എല്ലാവർക്കുമറിയാം. പക്ഷെ അറിഞ്ഞതുകൊണ്ടെന്തുഫലം?

മേധയെ തല്ലി അധഃപതിക്കുന്നവർ

നന്ദിഗ്രാമിൽ പ്രതിഷേധിക്കാൻചെന്ന മേധാപട്‌കറുടെ കരണത്തുതല്ലിയവരും, അവർക്ക്‌ ഒത്താശയും സംരക്ഷണവും നല്‌കിയവരും ലോകനീതിക്കുമുന്നിൽ ംലേച്ഛന്മാരാണ്‌. ഏതായാലും മേധാപട്‌കറോളം ഉയരാൻ ഈ അധഃമന്മാർക്ക്‌ എത്ര ജന്മം പ്രവർത്തിച്ചാലും കഴിയില്ലെന്നു തെളിയിക്കാൻ കാലം മതിയല്ലോ!

കണ്ണീരൊപ്പാൻ രത്തൻടാറ്റ

രത്തൻടാറ്റ ഒരുലക്ഷത്തിന്റെ കാറുകൾ നിർമ്മിച്ചു നല്‌കി, മഴയും വെയിലുമേറ്റ്‌ കഷ്‌ടപ്പെടുന്ന ഇൻഡ്യാക്കാരന്റെ കണ്ണീരൊപ്പുമെന്ന്‌! പാവത്താന്മാർക്ക്‌ ആശ്വസിക്കാൻ ഇനിയെന്തുവേണം. ഇങ്ങനെയൊരാളില്ലായിരുന്നുവെങ്കിൽ ഇവിടുത്തെ പാവങ്ങളുടെ കാര്യം മഹാകഷ്‌ടമായേനെ. ഒരു ടൂവീലറിൽ വലിയൊരു കുടുംബം അതിസാഹസികമായി സഞ്ചരിക്കുന്നതു നേരിൽ കണ്ടപ്പോഴാണത്രെ ടാറ്റയുടെ തലയിൽ, വിലകുറഞ്ഞ കാറുകൾ സൃഷ്‌ടിക്കണമെന്നുളള ആശയം മുളച്ചത്‌. ഇൻഡ്യയിലെ, പ്രത്യേകിച്ചും കേരളത്തിലെപ്പോലുളള കുഞ്ഞുറോഡുകളിൽ ഒരുലക്ഷത്തിന്റെ കാറുകൾ വൈകാതെ നിറഞ്ഞുകവിയും. പാവപ്പെട്ടവന്റെ മനസ്സിൽ മോഹംവിതറി പണം കൊയ്യാനുളള ടാറ്റയുടെ ഗൂഢലക്ഷ്യം പക്ഷെ കഴുതകളായ നമ്മൾ മനസ്സിലാക്കില്ല. ടാറ്റയെ വാനോളം പുകഴ്‌ത്തുന്നവർ ഒരു യാഥാർത്ഥ്യമോർക്കണം, ഇൻഡ്യൻ റോഡുകൾ രക്തപങ്കിലമാകുന്നത്‌ ഇനി ഇന്നത്തേതിലും വളരെ വേഗത്തിലാവും. മുതലാളിവർഗ്ഗത്തിന്‌ ഇൻക്വിലാബ്‌ വിളിക്കാൻ എക്കാലവും ഇവിടുത്തെ ജനം തയ്യാറായിട്ടേയുളളു. അതിന്റെ ദോഷഫലങ്ങളാണ്‌ നാമിന്ന്‌ പലവിധേന അനുഭവിക്കുന്നത്‌.

പുരസ്‌കാരങ്ങൾ ദാനമോ?

പല ആസന്നമരണസംഘടനകളുടെയും പ്രസ്‌ഥാനങ്ങളുടെയും ജീവൻ പിടിച്ചുനിർത്തുന്നത്‌ പുരസ്‌കാരങ്ങളാണ്‌. വർഷത്തിലൊരിക്കൽ പത്രങ്ങളിൽ പ്രത്യക്ഷപ്പെടാനൊരവസരം. സംഘാടകർക്ക്‌ വീരശൂരപരിവേഷം. സാംസ്‌കാരികമാർക്കറ്റിൽ അതോടെ ഇവർക്ക്‌ വിലകയറും. ഒക്കെ നല്ലത്‌. പക്ഷെ, ‘പുരസ്‌കാരദാനം’ എന്ന പ്രയോഗം ഒഴിവാക്കുകതന്നെവേണം. ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാർക്കും കലാകാരൻമാർക്കും പുരസ്‌കാരം പ്രഖ്യാപിച്ച്‌, സമ്മേളനത്തിന്‌ അവരെ വിളിച്ചുവരുത്തി ഏതെങ്കി​‍ും രാഷ്‌ട്രീയതാരത്തെക്കൊണ്ട്‌ ‘പുരസ്‌കാരദാനം’ നടത്തിക്കുമ്പോൾ അർഹതനേടിയവരുടെ തല താഴുകയുമരുത്‌. ഉന്നതശീർഷരായവർക്ക്‌ നല്‌കപ്പെടുന്നതിലൂടെ പുരസ്‌കാരം പുരസ്‌കൃതമാവുകയാണെന്ന തിരിച്ചറിവ്‌ എല്ലാ പുരസ്‌കാര സംഘാടകർക്കും വേണം. അതുകൊണ്ട്‌ പുരസ്‌കാരദാനമല്ല, പുരസ്‌കാര സമർപ്പണമാണ്‌ ആവശ്യം. ആരുടെയും ശിരസ്സ്‌ പുരസ്‌കാരങ്ങൾക്കുമുൻപിൽ താഴാതിരിക്കട്ടെ.

എന്താണ്‌ മതനിരപേക്ഷത?

‘കറുപ്പ്‌’ തിന്നും കുടിച്ചും വലിച്ചും ബോധം നഷ്‌ടപ്പെട്ട മനുഷ്യരുടെ കൂത്താട്ടങ്ങൾകണ്ട്‌ വഴിപോക്കനെപ്പോലെ ചോദിച്ചുപോകുന്നു; എന്താണ്‌ മതനിരപേക്ഷത? മതേതരത്വം? കൂടുതൽ ശല്യം ചെയ്യുന്നവർക്ക്‌ കൂടുതൽ ആനുകൂല്യം എന്നതാണോ? കൂടുതൽ കുട്ടികളെ ഉല്‌പാദിപ്പിക്കാൻ ആളുകളോട്‌ ആഹ്വാനംചെയ്യുമ്പോൾ തന്നെ ന്യൂനപക്ഷാവകാശം പിടിച്ചുവാങ്ങുന്നതാണോ അതിന്റെ വാമൊഴിവഴക്കം? നിയമം, നീതി, ന്യായം, സമത്വം, സാഹോദര്യം തുടങ്ങിയ പദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്‌ തൻകാര്യം നേടലാണോ അതിന്റെ പൗരോഹിത്യം?

കളിസമരം

ഒരുപവൻ സ്വർണ്ണത്തിന്‌ പതിനായിരം രൂപ, ഒരുകിലോ അരിക്ക്‌ ഇരുപതുരൂപ, പാലിനും അത്രതന്നെ. (ചോറോ പാലോ വേണ്ടതെന്ന്‌ ഇനി യഥേഷ്‌ടം തിരഞ്ഞെടുക്കാം) പച്ചക്കറികൾ തൊട്ടാൽപൊളളും. പനിപിടിക്കുമ്പോൾ തിന്നുന്ന പാരസെറ്റമോൾ ഗുളിക തൊട്ടാലും പൊളളും. ഒരുലിറ്റർ പെട്രോളിന്‌ അൻപതുരൂപ കവിഞ്ഞു. എന്നാലും ആശ്വാസത്തിന്‌ വകയുണ്ട്‌; ഒരു കാറിന്‌ ഒരുലക്ഷം രൂപയേയുളളു വില! വൈകാതെ ഒരുലിറ്റർ പെട്രോൾ വാങ്ങുമ്പോൾ ഒരു കാർതന്നെ ഫ്രീ കിട്ടിയേക്കും. വില കയറുകയാണോ? കോൺഗ്രസുകാർ ഉപവസിക്കുന്നതോടെ കയറിയ വില താഴോട്ടിറങ്ങിക്കളയുമോ എന്തോ?

Generated from archived content: editorial_mar10_08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English