മാധവിക്കുട്ടിയെ തെറിവിളിച്ചു സുഖിക്കുന്നവർ!

പുന്നയൂർക്കുളത്തെ തറവാട്ടുസ്വത്തിൽ നീർമാതളം നില്‌ക്കുന്നിടം ഉൾപ്പെടെ 17 സെന്റ്‌ ഭൂമി കേരള സാഹിത്യഅക്കാദമിക്ക്‌ തിറെഴുതിക്കൊടുത്തതിലൂടെ വിശ്വസാഹിത്യകാരി മാധവിക്കുട്ടി സ്വതസിദ്ധമായ തന്റെ ‘വട്ട്‌’ ഒരിക്കൽകൂടി പെരുപ്പിച്ചിരിക്കുന്നു. പതിവുപോലെ ഇതുസംബന്ധിച്ചുമുണ്ടായി വിവാദം!

ഒന്നുചോദിക്കട്ടെ; അർത്ഥവത്തായ ഇത്തരം ‘വട്ടു’കൾ മലയാളത്തിൽ മാധവിക്കുട്ടിയ്‌ക്കല്ലാതെ മറ്റേത്‌ എഴുത്തുകാർക്കു തോന്നും? തൻകാര്യം മുഖ്യകാര്യമാക്കുന്ന നമ്മുടെ എഴുത്തുകാർ ചില കാര്യങ്ങളിലെങ്കിലും മാധവിക്കുട്ടിയെ ഗുരുവാക്കണം.

എന്തിനുമേതിനും മാധവിക്കുട്ടിയുടെമേൽ ചെളിവാരിയെറിയുന്നവർ, മാധവിക്കുട്ടിയോളം വളരാൻ തങ്ങൾക്ക്‌ സാധിച്ചുവോ എന്ന്‌ ചിന്തിക്കുന്നത്‌ നന്ന്‌. കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ എന്തുകൊണ്ട്‌ ലോകം അറിയുന്നു? കമലാസുറയ്യ ആയതുകൊണ്ടോ, നാലാപ്പാട്ട്‌ ജനിച്ചതുകൊണ്ടോ ആയിരിക്കില്ല; എഴുത്തുകാരി എന്ന നിലയിൽ മാത്രമാണ്‌ ലോകം ഇന്നും അവരെ ആദരിക്കുന്നത്‌. സാഹിത്യത്തിന്റെ പേരിൽ ഇത്രമാത്രം ലോകാദരവ്‌ ലഭിക്കുന്ന മറ്റൊരു സാഹിത്യപ്രതിഭ ഈ മലയാളത്തിലില്ല എന്ന്‌ സമ്മതിക്കാൻ എന്താണിത്ര മടി?

മലയാളം മാധവിക്കുട്ടിയെ തമസ്‌കരിക്കാൻ ഒത്തിരി അടവുകൾ പ്രയോഗിച്ചു കഴിഞ്ഞകാലങ്ങളിൽ. ഇതിനെയെല്ലാം അവർ ഒറ്റയ്‌ക്കുനേരിട്ടു. മതം മാറിയെന്നുപറഞ്ഞ്‌ ഇന്നും ഒരുവിഭാഗം അവരെ തെറിവിളിക്കുന്നു. മതമല്ലേ മാറിയുളളൂ, അവരിലെ എഴുത്തുകാരി മരിച്ചുപോയതൊന്നുമില്ലല്ലോ. ഈ എഴുത്തുകാരി മലയാളനാട്ടിലല്ലാതെ മറ്റേതൊരു രാജ്യത്ത്‌ ജനിച്ചിരുന്നെങ്കിലും അന്നാട്ടുകാർ തങ്ങളുടെ അഭിമാനമായി മാനംമുട്ടെ ഈ മഹാപ്രതിഭയെ എടുത്തുയർത്തിയേനെ. കണ്ണുളളപ്പോൾ കാഴ്‌ചയുടെ മഹിമ അറിയില്ലെന്നുളളത്‌ എത്രയോ വലിയ സത്യം!

Generated from archived content: editorial_july31_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here