ബ്ലേഡുകാരൻ സ്വന്തമാക്കിയ വീടും പുരയിടവും റെഡ്‌ഫ്‌ളാഗ് സംഘം പിടിച്ചെടുത്ത് ഉടമയ്‌ക്കു നൽകിയതായുളള മാനന്തവാടിയിലെ വാർത്ത വായിച്ചപ്പോൾ രക്തം തിളച്ചുമറിയുന്നുണ്ടായിരുന്നു. (ഈ രക്തം തിളയ്‌ക്കലിൽനിന്നാവണം നക്‌സലിസം രൂപംകൊണ്ടതും, ഒരുകാലത്ത് കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിലും ഈ പ്രസ്ഥാനം തഴച്ചുവളർന്നതും). നാല്‌പതിനായിരം രൂപ കടം ചോദിച്ചവന് ബ്ലേഡുകാരൻ നൽകിയത് മുപ്പത്തിയാറായിരം രൂപ. രണ്ടുവർഷത്തിനിടയിൽ ബ്ലേഡുകാരന് ഈ പാവപ്പെട്ടവൻ തിരികെ നല്‌കിയത് 1,50,000 രൂപ. എന്നിട്ടും ബ്ലേഡുകാരന്റെ നിരന്തരശല്യം. ചെക്കും ഭൂമിയുടെ ആധാരവും കൈവശംവെച്ചുകളിച്ച് ഒടുവിലവൻ ആ സാധുവിന്റെ വീടും പറമ്പും സ്വന്തം പേരിലാക്കിയത്രെ. നിസ്സഹായനും നിരാശ്രയനുമായ വീട്ടുടമസ്ഥൻ കുടുംബത്തെയുംകൂട്ടി വാടകവീട്ടിലേക്ക്. ഇതൊക്കെയറിയുമ്പോൾ പൗരബോധമുളള ആരുടെ രക്തമാണ് തിളയ്‌ക്കാതിരിക്കുക. തക്കസമയത്ത് ധീരതയോടെ പ്രതികരിച്ച റെഡ്‌ഫ്‌ളാഗ് സംഘത്തെ നക്‌സലൈറ്റെന്നു മുദ്ര കുത്തി ശിക്ഷിക്കാനാവുമോ? ആവശ്യത്തിലേറെ പോലീസും പിന്നെ നിയമവുമൊക്കെയുളളപ്പോഴും ഇത്തരം അനീതി പനപോലെ തഴച്ചുവളരുകയാണിവിടെ. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്ന ഇവിടുത്തെ നിയമംകൊണ്ട് പാവപ്പെട്ടവന് എന്തുപ്രയോജനം? ഇന്ന് നാടിനെ നയിക്കുന്നത് ബ്ലെയ്‌ഡ് മാഫിയാസംഘമാണ്. മാനന്തവാടി സംഭവം ഒറ്റപ്പെട്ടതല്ല. നാട്ടിലുടനീളം ഇത്തരം പരമ്പരകൾ നിത്യേന അരങ്ങേറുന്നുണ്ട്. നക്കാപ്പിച്ച നൽകി പാവങ്ങളുടെ ജീവിതം അപ്പാടെ നക്കിയെടുക്കുന്ന ബ്ലെയ്‌ഡ് സംഘങ്ങളെ കർശനമായി നിയന്ത്രിക്കുവാൻ ബന്ധപ്പെട്ടവർ എന്തിനു മടിക്കുന്നു?
പണക്കൊതിയന്മാരായ വട്ടിപ്പലിശക്കാരുടെയും, ചിട്ടിപ്പണക്കാരുടെയും അഴിഞ്ഞാട്ടംമൂലം ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്, വഴിയാധാരമാകുന്ന കുടുംബങ്ങളുടെ കണ്ണീർത്തടാകം ഒരിക്കലും വറ്റുന്നില്ല. ഇത്തിരി നൽകി ഒത്തിരി നേടുന്നവർ പലരുടെയും ജീവിതം നക്കിയെടുത്ത് നക്കിക്കൂട്ടമായി മാറുകയാണ്. സമൂഹത്തിനുമുന്നിൽ മാന്യതയുടെ പുറംചട്ടയണിഞ്ഞ് ഇക്കൂട്ടർ ഞെളിഞ്ഞു നടക്കുന്നതു കാണുമ്പോൾ കാർക്കിച്ചുതുപ്പാനാണ് തോന്നുക.
Generated from archived content: editorial2_aug13_05.html