മലയാളിക്ക്‌ കാണാൻ എഴുന്നൂറ്‌ ചാനലുകൾ!

ഒരു വായനാദിനംകൂടി കടന്നുപോകുമ്പോൾ കേരളജനതയ്‌ക്കൊരു സന്തോഷവാർത്ത; എഴുന്നൂറ്‌ ചാനലുകൾ കാണാനുളള സൗഭാഗ്യം മലയാളിക്ക്‌ കൈവരുന്നുവത്രെ. ഒരു ജന്മംകൊണ്ട്‌ ഒരാൾക്ക്‌ കണ്ടുതീരാനാവുമോ ഇത്രയധികം ചാനൽവിശേഷങ്ങൾ! ഇപ്പോൾത്തന്നെ അമ്പതിലേറെ ചാനലുകൾ ഏതൊരു ഗ്രാമപ്രദേശത്തുമുളള വീടുകളിലെ ടെലിവിഷനിൽ ലഭ്യമാണ്‌. എഴുന്നൂറ്‌ ചാനലായാലത്തെ സ്ഥിതിയെന്താകും. ആനന്ദലബ്‌ധിക്ക്‌ ഇനി നമുക്കെന്തു വേണം, അല്ലെ!

(ഈ ആനന്ദത്തിൽ ആറാടുന്നതിനെപ്പറ്റിയോർക്കുമ്പോഴും പെട്ടെന്ന്‌ മനസ്സിൽ തെളിയുന്നത്‌ മറ്റൊരു ചിത്രമാണ്‌. മലയോരജില്ലകളിലെ ആദിവാസികോളനികളിലും തോട്ടംമേഖലയിലെ പാഡികളിലും, തീരപ്രദേശങ്ങളിലും ദുരിതം കൊടികുത്തി വാഴുകയാണ്‌. മഴക്കാലമായതോടെ ഇവിടങ്ങളിലെ മനുഷ്യരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നു. ഭക്ഷണവും മരുന്നും വെളിച്ചവും പോയിട്ട്‌ തല ചായ്‌ക്കാനിടംപോലും വേണ്ടത്രയില്ലാത്ത ഇക്കൂട്ടരും കേരളീയ സമൂഹത്തിന്റെ ഭാഗംതന്നെ. ശീതീകരിച്ച മുറികളിലും കൊട്ടാരസതുല്യമായ സ്വീകരണമുറികളിലും സുഖലോലുപതയിലമർന്ന്‌ എഴുന്നൂറ്‌ ചാനലുകൾ കണ്ടുകണ്ട്‌ ലോകംമറക്കുന്ന ഭാഗ്യവാന്മാരുടെ കണ്ണിലും മനസ്സിലും ഇത്തരം സുഖകരമല്ലാത്ത ചിത്രങ്ങൾ പതിയില്ലല്ലോ.)

വായനയുടെ ലോകം അന്യമാകുന്ന ഇക്കാലത്ത്‌ എഴുന്നൂറു ചാനലുകളുടെ ലഭ്യത മനുഷ്യമനസ്സുകളെ കൂടുതൽ മലീമസമാക്കാനേ ഉപകരിക്കൂ. മനുഷ്യത്വം നഷ്‌ടപ്പെട്ട സമൂഹത്തെ വളർത്താനുളള വളമാണീ ധാരാളിത്തമെന്നു പറയുമ്പോൾ പഴഞ്ചനെന്നു കൂകിവിളിക്കുന്നവരെ മുന്നിൽ കാണുന്നുണ്ട്‌.

മലയാളി ഇന്നേറ്റവുമധികം ഉപയോഗിക്കുന്ന വായ്‌മൊഴി ‘വായിക്കാൻ നേരമില്ല’ എന്നതുതന്നെ. ആധുനികതയുടെ കടന്നുകയറ്റം വായനയുടെ എല്ലാ സാദ്ധ്യതകളെയും നിഷ്‌കാസിതമാക്കുമോ എന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ‘വായനശാല, പുസ്‌തകം, വായനക്കാർ’- സംസ്‌കാരത്തിന്റേതായ പര്യായങ്ങൾ ഗതകാലസ്‌മരണകളിലൊടുങ്ങുന്നുവോ?!

Generated from archived content: editorial1_aug13_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English