ജനപ്പെരുപ്പം കുറയ്‌ക്കാൻ സ്‌പീഡ് സേവകർ!
ഓണംവരാൻ ഒരു മൂലംവേണം. അതത്ര പ്രയാസമുളള കാര്യമല്ല. ഈയാണ്ടത്തെ ബസ്‌സമരത്തിന് കാരണം വേഗമാനകം. വേഗം നിയന്ത്രിക്കാനേ പാടില്ല എന്നാണ് ബസ്-ലോറി ഉടമകളുടെ ന്യായയുക്തമായ വാദം. ലോറി ഉടമസ്ഥരുടെ നേതാവ് മുഹമ്മദാലി പത്രസമ്മേളനം നടത്തി. പറഞ്ഞത്; ലോറികൾ അതിവേഗത്തിൽ ഓടിക്കേണ്ടത് ജനസംഖ്യാപ്പെരുപ്പത്തിന് തടയിടാനാവശ്യമാണെന്നാണ്. മാന്യവും വിനീതവുമായ ആ വായ്‌മൊഴി ഇങ്ങനെയായിരുന്നു. “ലോറിയിടിച്ച് ആളുകൾ മരിക്കും. അത് പ്രകൃതിനിയമമാ. എത്ര പേര് സുനാമിയിൽ മരിച്ചു? എത്രപേര് ചിക്കുൻഗുനിയ വന്നു മരിക്കുന്നു. ജനസംഖ്യ നിയന്ത്രിക്കാൻ അതെല്ലാം ആവശ്യമാണ്.” ലോറി ഉടമകളും ഡ്രൈവർമാരും സാമൂഹ്യസേവകരാണെന്ന് മുഹമ്മദാലി പറഞ്ഞില്ല. അത് സകല മലയാളിക്കഴുതകളും മനസ്സിലാക്കേണ്ടതാണെന്ന് സാരം.
ഭൂമിക്ക് ഭാരമാകാതെ ചിലർ
സൈക്കിൾ ഉരുട്ടിപ്പോകുന്ന അയാളെ പലപ്പോഴും പലയിടത്തും കണ്ടിട്ടുണ്ട്. സൈക്കിൾ ഓടിച്ചുപോകുന്നതും, ഒരിടത്തു നിൽക്കുന്നതും ഒരിക്കലും കണ്ടിട്ടില്ല. പതിറ്റാണ്ടുകളുടെ പഴക്കം തോന്നിക്കുന്ന തുരുമ്പിച്ച സൈക്കിൾ. അതെ കോലമാണ് അയാൾക്കും; അസ്ഥികൂടം പോലൊരാൾ. കുളിച്ചിട്ടും, ഉടുതുണി കഴുകിയിട്ടും കാലങ്ങളായിട്ടുണ്ടാകും. തിരക്കേറിയ നിരത്തിലൂടെ വിദൂരതയിലേക്ക് കണ്ണുംനട്ട്, തിരക്കിട്ട് സൈക്കിളുന്തിപ്പോകുന്ന അയാളെയും ഒരുനാൾ കാണാതാവും.
പാഞ്ഞുപോകുന്ന വാഹനങ്ങളെ ചിരിച്ചുകൊണ്ട് തൊഴിക്കാൻ ഭാവിക്കുകയും, ഇടതടവില്ലാതെ ഭളളുപറയുകയും ചെയ്യുന്ന ആ അപ്പൂപ്പൻ നിത്യകാഴ്‌ചയായിരുന്നു. ആ മനുഷ്യൻ മണ്ണോടുചേർന്നു കഴിഞ്ഞാണ്, അയാളെയിപ്പോൾ കാണേറേയില്ലല്ലോ എന്നോർക്കുന്നത്.
അഴിഞ്ഞുലഞ്ഞ വസ്‌ത്രങ്ങളും, പാറിപ്പറക്കുന്ന തലമുടിയുമായി ആൾത്തിരക്കിലൂടെ തെറിവിളമ്പിപ്പോകാറുണ്ടായിരുന്ന മെല്ലിച്ച ആ സ്‌ത്രീയെ ഇപ്പോൾ കാണാറേയില്ല.
യൗവ്വനം തുളുമ്പുന്ന ഒരു പെൺകുട്ടി; ആക്രോശത്തോടെ അവൾ കല്ലുകൾ വലിച്ചെറിഞ്ഞുകൊണ്ട് നിരത്തിലൂടെ ഓടുന്നത് ഭീതിപരത്തുന്ന കാഴ്‌ചയായിരുന്നു. ആളുകളപ്പോൾ ഓടിമാറാറുണ്ടായിരുന്നു. അവളും മണ്ണിലഭയം കണ്ടെത്തിയെന്നുളളത് എത്രയോ വൈകിയാണറിയുന്നത്.
കാവി വസ്‌ത്രത്തിൽ പൊതിഞ്ഞ ഒരു അപ്പൂപ്പൻ. കാവിത്തുണികൊണ്ട് തലയിലൊരു കെട്ട്. രണ്ട് ചെവിമേലും ചെമ്പരത്തിപ്പൂക്കൾ. കൈയിൽ ഭാണ്ഡക്കെട്ടും തിളങ്ങുന്ന കുന്തവും. മുഖത്ത് പുഞ്ചിരി. പിറുപിറുത്തുകൊണ്ടുളള നടപ്പ്. ആ നിരുപദ്രവകാരിയേയും നിരത്തിലും കടത്തിണ്ണകളിലുമിപ്പോൾ കാണാറില്ല.
തോളിന്മേലേന്തിയ കമ്പിന്റെ രണ്ടറ്റത്തും മൺകലവും കറിച്ചട്ടികളും കെട്ടിത്തൂക്കി, ആരെയും ഗൗനിക്കാതെ നടന്നുപോകുന്ന അയാൾ. തലയിൽ വലിയൊരു തുണിക്കെട്ട്. വിജനസ്ഥലങ്ങളിൽ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നത് കാണാറുണ്ടായിരുന്നു. അയാളിപ്പോൾ എവിടെയാണ്?
മുതലകളും മുല്ലപ്പെരിയാറും
ഒരു കൊച്ചുതൂവാലത്തുണ്ടോളമുളള സംസ്‌ഥാനത്തിന് 44 നദികളും അനവധി കായലുകളുമുണ്ട്. ഇത്രയ്‌ക്കും വെളളം വേണോ എന്നാണ് അയൽപക്കത്തെ തമിഴൻ ചോദിയ്‌ക്കുന്നത്. മലയാളികൾക്കാണെങ്കിൽ അവരുടെ നദിയും പുഴയുമൊക്കെ കാൽക്കാശിന്റെ വിലയില്ലാത്ത വകയാണെന്ന് ഈ അയൽക്കാരന് അറിയാം. തമിഴൻ തന്റെ മണ്ണിനോടും പെണ്ണിനോടും ഭാഷയോടും ഇത്തിരിക്കൂറ് നിലനിർത്തുന്നുണ്ട്. അമേരിക്കൻ വിസയും കാത്തിരിക്കുന്ന മലയാളിക്ക് ഇതെല്ലാം എളുപ്പം വിറ്റഴിക്കാവുന്ന ചരക്കുകളാണെന്ന അത്യന്താധുനിക സാങ്കേതികജ്ഞാനമാണുളളത്. 113 വർഷം മുമ്പ് എഴുതിയുണ്ടാക്കിയ ഒരു കരാറിന് യാതൊരു കേടുപാടും പറ്റാത്തത് അതുകൊണ്ടാണല്ലോ! കാട്ടിലെ തടിയും മുല്ലപ്പെരിയാറിലെ വെളളവും മൂന്നാറിലെ ഭൂമിയും, ബ്യൂറോക്രസിയിലും രാഷ്‌ട്രീയത്തിലുമുളള പലരെയും അതിസമ്പന്നൻമാരാക്കി. നാടുവാഴിത്തമ്പുരാന്റെ നിയമത്തിൽ യാതൊരു പൊളിച്ചെഴുത്തും നടത്തണമെന്ന് പിൽക്കാലത്തെ ജനാധിപത്യത്തമ്പുരാക്കൻമാർക്ക് തോന്നാഞ്ഞത് അതുകൊണ്ടായിരിക്കണം.
കുടിവെളളത്തിന് മുട്ടുളള അയൽപക്കക്കാരനോട് നമ്മൾ അനുഭാവം കാണിക്കണം. അത് മനുഷ്യനന്മ. എന്നാൽ മുല്ലപ്പെരിയാറിന്റെ താഴ്‌വരയിലെ ലക്ഷക്കണക്കിനു മനുഷ്യരും മറ്റു ജീവജാലങ്ങളും പൊന്നുവിളയുന്ന കറുത്തമണ്ണും നാളെയും നമുക്കുണ്ടാവുകയും വേണം. മറ്റുളളവർക്ക് തീറാധാരം നൽകാൻ കേരളത്തിലെ നദികൾ ഇടതുപക്ഷ സർക്കാരിന്റെയോ വലതുപക്ഷ സർക്കാരിന്റെയോ സ്വന്തമല്ല; ജനങ്ങളുടെ സ്വത്താണത്.
ഇപ്പോൾ മുല്ലപ്പെരിയാറിനു പിറകെ നെയ്യാറും തമിഴ്‌നാട്ടിലേക്കൊഴുകുമെന്ന് തീർച്ചയായിരിക്കുന്നു. വേണ്ടപ്പെട്ടവന് വേണ്ടാത്ത വക വല്ലവനും കൊണ്ടുപോകും. നമുക്ക് സമ്മേളനങ്ങളിലെ സത്യവാങ്ങ്‌മൂലങ്ങൾ മതി. നമ്മുടെ പ്രധാന വിഷയം തന്നെ മുരിങ്ങൂരിലെ ‘ദുരിതാശ്വാസകേന്ദ്രത്തിൽ’ കോടതി കണ്ണെത്തിച്ചതിലാണല്ലോ!
പീഡനമെന്നു കേട്ടാലോ തിളയ്‌ക്കണം……..
നമ്മുടെ സൂപ്പർ മെഗാനടന്മാരെല്ലാം മാധ്യമങ്ങളുമായുളള അഭിമുഖവേളകളിൽ ആവേശത്തോടെ വിവരിക്കാറുളളതാണ് അവരുടെ സിനിമാഭിനയ മോഹകാലത്തെ ചരിത്രം.
കോടമ്പാക്കത്ത് തെക്കുവടക്കായി തെണ്ടിയതും, പച്ചവെളളം നുണച്ചിറക്കി പട്ടിണി കിടന്നതും നിർമ്മാതാക്കളുടേയും സംവിധായകരുടെയും പടിവാതിലിൽ കാവൽ കിടന്നതും…………
നടികൾ അവകാശപ്പെടുന്നതാകട്ടെ, ഒരു സുപ്രഭാതത്തിൽ ഒരു വെളളിത്താലത്തിൽ നായികാപട്ടം തന്റെ പടിവാതിലിൽ വന്നെത്തുകയായിരുന്നെന്നും!
കിളിരൂരും കവിയൂരും അടിമാലിയിലുമുളള മൂന്നേ മൂന്നു പെൺകുട്ടികൾ മാത്രമാണ് സിനിമാസീരിയൽ നായികാപദവി മോഹിച്ചത്! അതിനുളള ശിക്ഷ അവർക്കു കിട്ടി. അതിനാൽ പെൺകുട്ടികളേ, നിങ്ങളാരും മോഹിക്കരുത്. ഷോർട്ട് ടോപ്പും ടൈറ്റ് ജീൻസും ധരിച്ച് ലിപ്‌സ്‌റ്റിക്കിട്ട ചുണ്ടിൽ കരീനകപൂറിന്റെ ചിരിചിരിച്ച്, നയൻതാരയ്‌ക്കു പഠിച്ച് പാസ്സായി ഡോക്‌ടർമാരും എഞ്ചിനിയർമാരും, ഐ.ടി.സ്പെഷ്യലിസ്‌റ്റുകളുമാകുക. അവസരങ്ങൾ വെളളിത്താലത്തിൽ വന്നെന്നിരിക്കും.
പീഡനമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളിൽ………!
Generated from archived content: vakkerukal_dec9_06.html Author: editor