സ്‌ത്രീ സ്വാതന്ത്ര്യം കേരളം മോഡൽ

കേരളത്തിൽ സ്‌ത്രീസ്വാതന്ത്ര്യം പുലരാൻ ഇനിയൊരടി മുൻപോട്ടുവയ്‌ക്കുകയേവേണ്ടു. സുപ്രധാനമായ ആ ഒരു ചുവട്‌ വേറൊന്നുമല്ല. ശബരിമലയിൽ സ്‌ത്രീകൾക്കു പ്രവേശനം. യുവതികൾക്ക്‌ (ബാലികമാരും വൃദ്ധകളും ഇപ്പോൾ തന്നെ പോകുന്നുണ്ടല്ലോ) തോന്നുമ്പോഴൊക്കെ ശബരിമലയിൽ പോകാൻപറ്റണം. ഇരുമുടികെട്ടിനുപകരം മേക്കപ്പ്‌ബോക്‌സ്‌ ചുമക്കാം. മലകയറാൻ നിക്കറും മിഡിയുമൊക്കെയാണ്‌ പറ്റിയ വേഷം. സന്നിധാനത്ത്‌ ലേഡീസ്‌ഹോസ്‌റ്റലുകൾ വേണം. ലിങ്ക്‌രാമൻ (ലക്ഷ്‌മണൻ) ഫ്‌ളാറ്റുകളും ആവാം. ബ്യൂട്ടിപാർലറുകൾ, ഹെൽത്ത്‌ ക്ലബ്ബുകൾ തുടങ്ങിയവ ഉടനടി സഥാപിച്ചുകിട്ടണം. കാട്‌ കണ്ടമാനം കിടക്കുന്നസ്ഥിതിക്ക്‌ ടൂറിസ്‌റ്റ്‌ റിസോർട്ടുകളും ആവാം. ഒരു പ്രധാനകാര്യം വിട്ടു. ശബരിമലയിൽ പ്ലേസ്‌കൂളും ബേബികെയർ സെന്ററുകളുംകൂടി തുടങ്ങിയാൽ നന്ന്‌. അമ്മതൊട്ടിലുകളും ഒരു കരുതലിനാവാം. സാറാജോസഫിനും കൂട്ടർക്കും ഇത്ര ചെറിയോരുകാര്യമേ ദേവസ്വംബോർഡിനോട്‌ ആവശ്യപ്പെടാനുള്ളു! ബാക്കിയെല്ലാം തികഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഇത്ര ലളിതമായ ഒരു വഴിയിലൂടെ സമ്പൂർണ്ണ സ്‌ത്രീസ്വതന്ത്ര്യവും സമത്വവും സ്ഥാപിച്ചുകിട്ടുമെങ്കിൽ ദേവസ്വംമന്ത്രി ജി. .സുധാകരൻ അമാന്തം കാട്ടരുത്‌. കേരളത്തിൽ ഒരു സ്‌ത്രീയെങ്കിലും അസ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ ഇവിടുത്തെ ഫെമിനിസ്‌റ്റുകൾക്ക്‌ എങ്ങനെ ഉറങ്ങാൻപറ്റും? അവരെ ഉറങ്ങാൻ അനുവദിക്കണം മന്ത്രിജീ. ഗുരുവായൂർപോലെ പേരെടുക്കട്ടെ ശബരിമലയും.

തേവരയിലെ ‘തന്ത്രിയേട്ടൻ’

കർണ്ണാടക ദേശക്കാരിയായ നടി ശബരിമല ദർശനത്തിനിടയിൽ യദൃച്ഛയാ വിഗ്രഹത്തിൽ സ്‌പർശിക്കാനിടവന്നപ്പോൾ അതൊരു ഭാഗ്യമായും പുണ്യമായും കരുതി. നിത്യബ്രഹ്‌മചാരിയെന്നു സങ്കൽപ്പമുള്ള ദേവവിഗ്രഹം തൊട്ടതിൽ കുറ്റബോധവും അവർക്കുണ്ടായി. എന്നാൽ വർഷങ്ങളായി വേശ്യാസംസർഗം നടത്തിപ്പോന്ന തന്ത്രിയാകട്ടെ കുറ്റബോധം ലവലേശമില്ലാതെ അധികാരത്തോടെ വിഗ്രഹത്തെ സപ്‌ർശിച്ചുപോന്നു. (സൂചി മോഷ്‌ടിച്ചവനെ വധശിക്ഷയ്‌ക്ക്‌ വിധിക്കാം. തൂമ്പാ മോഷ്‌ടിച്ചവനെയോ?) കൊഴുത്തുവീർത്ത്‌ പൊട്ടാറായ ബലൂൺപോലെയായിട്ടും സുഖലോലുപത്തിൽ ആറാടി, ഓരോ മാസാരംഭപൂജയ്‌ക്കുശേഷവും കാറിൽ പണച്ചാക്കുകളും നിറച്ച്‌ ഇല്ലത്തേക്കോ അല്ലാത്തിടത്തേക്കോ മടങ്ങുന്നു, നഗരഹൃദയങ്ങളിൽ പുത്തൻവീടു കെട്ടുന്നു. അനാശ്യാസപ്രവർത്തനത്തിന്‌ പിടിക്കപ്പെട്ട സ്‌ത്രീകളുടെ സ്വന്തം ‘തന്ത്രിച്ചേട്ടൻ’ കോടിക്കണക്കിന്‌ മൂഢഭക്തരുടെ ‘സ്വാമി’ തന്നെയാണെന്നോർക്കുമ്പോൾ, ദൈവമേ ഈ പെരുംകള്ളനെ ഏതു കുരിശിൽതൂക്കും ഞങ്ങൾ?!

അരമനവാഴുന്ന ആളെത്തീനികൾ

മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ എയ്‌ഡഡ്‌ വിദ്യാലയം. ഈർക്കിൽപാർട്ടിയുടെ നേതാവുകൂടിയായ മാനേജർക്ക്‌ നാലുകൊല്ലം മുമ്പ്‌ ഏഴുലക്ഷം കോഴകൊടുത്ത്‌ ഹയർസെക്കന്ററിയിൽ മകൾക്ക്‌ ഒരൊഴിവും കാത്തിരിപ്പാണ്‌ ഒരു വത്സലപിതാവ്‌. എം. എസ്‌. സി റിസൽട്ട്‌ വന്നപ്പോൾ മോള്‌ എട്ടുനിലയിൽപൊട്ടി. അക്കൊല്ലം ഹയർസെക്കന്ററി അധ്യാപികയാകേണ്ട മോളാണ്‌. മോളുടെ വിദ്യഭ്യാസനിലവാരം വച്ച്‌ ബി. എസ്‌. സിയ്‌ക്കും ബി. എഡ്‌ഡിനും എം. എസ്‌. സിയ്‌ക്കും സീറ്റുകിട്ടാൻ കോഴകൊടുക്കേണ്ടിവന്നു. എന്തായാലും അടുത്തയാണ്ടിൽ മോള്‌ പാസ്സായി; പ്ലസ്‌ടു പിള്ളേരുടെ ടീച്ചറുമായി.

മറ്റൊരുരംഗം – വൻവിളവിന്‌ കേൾവികേട്ട കോൺവന്റ്‌ വക എയ്‌ഡഡ്‌ വിദ്യാലയം. വാർഷികപരീക്ഷയ്‌ക്ക്‌ അടുത്തദേശത്തെ സർക്കാർസ്‌കൂളിൽനിന്നും പുതിയൊരു ടീച്ചർ ഡ്യൂട്ടിക്കുചെന്നു. പ്രിൻസിപ്പാളിന്റെ ക്യാബിനിൽനിന്ന്‌ ഇറങ്ങുമ്പോൾ പ്യൂൺവന്ന്‌ ടീച്ചറോട്‌ രഹസ്യംപറഞ്ഞു. “പുതിയ ആളായതോണ്ടു പറയുവാ, ടീച്ചറൊന്ന്‌ കണ്ണടച്ചേക്കണം….” ടീച്ചർ കണ്ണുതുറന്ന്‌ കണ്ടത്‌ ഇതാണ്‌; പരീക്ഷതുടങ്ങി അരമണിക്കൂറിനകം വൃത്തിയായി എഴുതിയ ഉത്തരക്കടലാസുകൾ ഓഫീസിൽ പ്യൂൺവഴി വന്നുചേരുന്നു. ശാന്തശാന്തമായി പ്രിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ കോപ്പിയടിയിൽ മുഴുകുന്നു. അതിനിടെ സ്‌കൂൾഗേറ്റിൽ ചില സിഗ്‌നൽ പടക്കം പൊട്ടലുകൾ. എല്ലാം തിരക്കഥയനുസരിച്ചുതന്നെ. പി. എസ്‌. സി പരീക്ഷയെഴുതി ഉദ്യോഗം നേടിയ ടീച്ചർക്ക്‌ കണ്ണ്‌ നല്ലോണംനൊന്തു. അതിനു ഫലമുണ്ടായി. പിറ്റേന്ന്‌ ടീച്ചറുടെ ഡ്യൂട്ടി പ്രൈവറ്റായി പരീക്ഷയെഴുതുന്ന തോറ്റ വിദ്യാർത്ഥികളുടെ ഹാളിൽ! അതിന്റെ പിറ്റേന്ന്‌ ടീച്ചർ നിർബന്ധിത അവധിയിലുമായി. ആസിഡുബൾബുകളും നാടൻബോംബുകളും സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട്‌ ഒരുമാസം ടീച്ചറുടെ ഉറക്കംകെടുത്തി. എന്തായാലെന്ത്‌; റിസൽട്ടുവന്നപ്പോൾ പ്രസ്‌തുത എയ്‌ഡഡ്‌ സ്‌കൂളിന്‌ നൂറുശതമാനം. അയലത്തെ സർക്കാർസ്‌കൂളിന്‌ വെറും 46 ശതമാനവും. സർക്കാർസ്‌കൂളുകൾ പൂട്ടട്ടെ. എയ്‌ഡഡ്‌ സ്‌കൂളുകൾ പൂത്തുകസറട്ടെ!

കത്തോലിക്കാസഭയുടെ സ്‌കൂളുകളിൽ കത്തോലിക്കകാരായ അധ്യാപകർ വാർഷിക പരീക്ഷയ്‌ക്ക്‌ ഡ്യൂട്ടി ചോദിച്ചുവാങ്ങും. അല്ലെങ്കിൽ അക്കാര്യത്തിലും മാനേജ്‌മെന്റ്‌ ഇടപെട്ട്‌ വേണ്ടതു ചെയ്യും. മാർത്തോമ്മാസാറും ഓർത്തഡോക്‌സുസാറും പരീക്ഷാകാലത്ത്‌ തനി ‘ഓർത്തഡോക്‌സാവും’. ഈ കുഞ്ഞാടുകൾ സഭയ്‌ക്കും പള്ളിക്കൂടത്തിനും ചെയ്യുന്ന സേവനത്തിന്‌ മതിയായ പ്രതിഫലവും കിട്ടും. പരീക്ഷയെഴുതുന്ന പിള്ളേരുടെ രക്ഷിതാക്കൾക്കും സന്തോഷം. കാട്ടിലെ തടി തേവരുടെ ആന.

എന്നാൽ ഇതിന്റെ ആത്യന്തികനഷ്‌ടം ആർക്കാണ്‌? നായർക്ക്‌ എൻ. എസ്‌. എസ്‌ വക പള്ളിക്കൂടങ്ങളുണ്ട്‌. അതുകൊണ്ട്‌ നായന്മാരിലെ ദരിദ്രനാരായണൻമാർക്ക്‌ ആശ്വസിക്കാൻ വല്ല വകയുമുണ്ടോ? അതിസമ്പന്നന്മാരുടെ മക്കൾക്കുമാത്രമേ അവിടെ ഉദ്യോഗത്തിന്‌ അപേക്ഷിക്കാൻ അർഹതയുള്ളു. എം. ഇ. എസ്സിലും എസ്‌. എൻ. ഡി. പിയിലും സ്ഥിതി തഥൈവ. സാധാരണക്കാരൻ – അവൻ ഏതുമതത്തിൽപെട്ടവനായിരുന്നാലും- ഇന്നാട്ടിൽ രക്ഷയില്ല. മെത്രാന്മാർ ഉച്ചരിച്ച്‌ അശ്ലീലമാക്കിയ ‘ന്യൂനപക്ഷം’ എന്ന വാക്കിന്‌ ഹിന്ദു-ക്രിസ്‌ത്യൻ-മുസ്ലീം വിഭാഗങ്ങളിലെ അതിസമ്പന്നന്മാരെന്നാണ്‌ ശരിയായ അർത്ഥം. സകല അവകാശങ്ങളും അവർക്കുള്ളതാണത്രെ. തോന്ന്യാസത്തിനുള്ള അവകാശം, സമാന്തരഭരണത്തിനുള്ള അവകാശം, പാവപ്പെട്ടവന്റെ കണ്ണിൽ പൊടിയിടാനും ‘ഞാൻ പെഴയാളി’ എന്നുപറയിപ്പിക്കാനുമുള്ള അവകാശം! സർക്കാർ ആർക്കെല്ലാം ശമ്പളം കൊടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ അവരാണ്‌. ഇടതനും വലതനും ഇത്രകാലവും എതിപ്പ്‌ പ്രകടിപ്പിച്ചില്ല. വിമോചനസമരമെന്നാൽ തേങ്ങാക്കുലയെക്കാളും വലിയ ബോംബാണല്ലോ. ചോദ്യം ചെയപ്പെടാഞ്ഞാൽ ഏതു തോന്ന്യാസവും നിയമമായിമാറുമെന്ന്‌ സ്വശ്രയ മാനേജുമെന്റുകൾ ഇന്ന്‌ വാദിക്കുന്നു.

ഇടയലേഖനങ്ങളിലൂടെ സ്‌റ്റേറ്റിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന കള്ളപുരോഹിതവർഗ്ഗത്തെ നിലയ്‌ക്കുനിർത്താൻ സർക്കാർ ഇക്കുറിയെങ്കിലും ധീരതകാണിക്കണം. കഴിവുള്ളവനുകിട്ടേണ്ട അവസരങ്ങൾ കാശുള്ള മന്ദബുദ്ധികൾ തട്ടിപ്പറിക്കുന്ന കാഴ്‌ച കണ്ടുകൊണ്ട്‌ കണ്ണ്‌ പുളിക്കാതായിരിക്കുന്നു.

Generated from archived content: editorial_sept1_06.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here