പുതുകാലത്തെ ചില രക്‌തസാക്ഷികൾ

മഴ കനത്തതോടെ‘മഴക്കെടുതി’യെന്നായി വിശേഷണം. മഴയുടെ മഹാപാതകത്തിനുനേർക്ക്‌ പരാതികളും പരിദേവനങ്ങളും അമർഷ പ്രകടനങ്ങളും നിരത്തി വാർത്താമാധ്യമങ്ങൾ. മഴമരണങ്ങൾക്ക്‌ സർക്കാർവക റീത്തും പൂച്ചെണ്ടും പണക്കിഴിയും സർക്കാർവകയാണല്ലോ മഴയും! ‘കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടോയിക്കൊല്ലിച്ചതും നീയേ ചാപ്പാ’ എന്നുപറയും മാധ്യമങ്ങൾ. മരണപ്പെട്ടയാൾ തങ്ങൾക്ക്‌ എത്രയും വേണ്ടപ്പെട്ടവനാണെന്ന്‌ പ്രതിപക്‌ഷത്തുകാർക്ക്‌ വെളിപാടുണ്ടായതിനെത്തുടർന്ന്‌ പുകിലുകളുണ്ടായി. നേരിട്ടറിയാവുന്ന ഒരു മഴമരണത്തെക്കുറിച്ച്‌ പറയാം. കശുവണ്ടിയാപ്പീസിൽ പണിക്കുപ്പോകുന്ന ഭാര്യയെ പോക്കറ്റടിച്ച്‌ കള്ളവാറ്റ്‌ മോന്തുന്ന ഒരു ഭർത്താവ്‌ ഒടിച്ചുമടക്കി ഒരു കൂരയിൽ താമസം. മഴവെള്ളം പൊന്തിയ കൈത്തോടിനരികെയാണ്‌ കൂര. അവിടുത്തെ ഇടിയും തൊഴിയും &ലൈവായി‘ നാട്ടുകാർ കാണാറുണ്ട്‌. രാത്രിയിൽ പെരുമഴയത്ത്‌ കള്ളിന്റെ കൈത്താങ്ങിൽ ആടിക്കുഴഞ്ഞുവന്ന ഭർത്താവ്‌ ദുര്യോധനനെപ്പോലെ തോട്ടിലിറങ്ങി. കൂടെയുണ്ടായിരുന്നവർ വിലക്കി. തുടർന്ന്‌ അന്തരീക്‌ഷത്തിൽ മഴനനഞ്ഞ കുറെ തെറികൾ. ’നീ പോയി ചാകെടാ‘ എന്നു പറഞ്ഞ്‌ സഹകുടിയന്മാർ മടങ്ങി. അരയ്‌ക്കുതാഴെ വെള്ളം നിറഞ്ഞ കൊച്ചുതോട്ടിൽ ആ കള്ളുകുടിയൻ മുങ്ങിപ്പോയി. മരണാന്തരം അയാൾക്ക്‌ കിട്ടിയ ബഹുമതികളോ! സ്ഥലം എം.എൽ.എ. അയാളുടെ കൂരയിൽ ക്യാംപു ചെയ്യുകയായിരുന്നത്ര. ജില്ലാ കളക്‌ടറും പോലീസ്‌ ജമീന്ദാർമാരും ഓടിവന്നു. ഇരുപതിനായിരമാണ്‌ രൊക്കം കിട്ടിയത്‌. നല്ല വീടുൾപ്പെടെ ഒരുകൂട്ടം വാഗ്‌ദാനങ്ങളും കിട്ടി. മുറ്റത്ത്‌ പത്രക്കാരും ചാനലുകാരും തിക്കിത്തിരക്കി. ചാനലുകളിൽ ഫ്‌ളാഷ്‌ന്യൂസ്‌; രക്‌തസാക്‌ഷിയുടെ വീരപരിവേഷം. സഹതാപതരംഗം പുറമെയും. ’മഴ തകർത്ത ജീവിതസ്വപ്‌നങ്ങൾ‘ എന്നാണ്‌ ഒരു പത്രക്കാരന്റെ തലക്കെട്ട്‌. എല്ലാം കഴിഞ്ഞു. എല്ലാവരും സ്‌ഥലംവിട്ടു. മഴയും സലാം പറഞ്ഞു. കഴിഞ്ഞുപോയ നാടകമോർത്ത്‌ പരേതന്റെ ഭാര്യയും മക്കളും ആശ്വാസത്തോടെ നെടുവീർപ്പിടുന്നു. ’ഇടിയോടുകൂടിയ മഴ ഇക്കൊല്ലത്തോടെ അവസാനിച്ചല്ലോ…‘

Generated from archived content: editorial_oct11_2006.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English