കളളികളിലാക്കിയ മനുഷ്യസൗഹൃദം

ഇനി സ്‌നേഹം പഠിപ്പിക്കാനൊരു സർവ്വകലാശാല കൂടിയാവാം; സ്‌നേഹത്തിന്റെ സിലബസ്സും വേണം. ആരായിരിക്കും വൈസ്‌ ചാൻസലർ? അദ്ധ്യാപകർ ആര്‌? പഠിതാക്കളോ? ഈ നൂറ്റാണ്ടിനു യോജിക്കാത്ത, ഭ്രാന്തമായൊരു സ്വപ്‌നം. വരും നൂറ്റാണ്ടുകളിൽ എപ്പോഴെങ്കിലും…

‘കാലം അങ്ങ്‌ മാറിപ്പോയി… പണ്ടത്തെ കാലമല്ലിപ്പോൾ…’ ഇത്‌ വെറും വാക്കാണ്‌. കാലത്തിന്‌ മാറാനാവുമോ? കാലം അതിന്റെ വഴിയേ അങ്ങു പോകുകയാണ്‌. മാറ്റം മനുഷ്യനിലാണ്‌. അത്‌ അതിവേഗതയിലാണുതാനും. പഴയതെല്ലാം തച്ചുടച്ച്‌ പുതിയതിലേക്കുളള പാച്ചിലിനിടയിൽ നഷ്‌ടമാകുന്നത്‌ പൈതൃകമാണ്‌, സംസ്‌കാരമാണ്‌.

കോപം വന്നാൽ ഉടൻ ഒരുവൻ ഇപ്പോൾ ചെയ്യുന്നത്‌ സഹജീവിയെ വെട്ടിനുറുക്കുക എന്നതാണ്‌. (നാക്കുകൊണ്ട്‌, കത്തികൊണ്ട്‌) പിതാവിനെയാകാം, മാതാവിനെയാകാം…. സഹോദരങ്ങളെ, മക്കളെ, ഭാര്യയെ, അയൽക്കാരനെ… സ്വയം ഇല്ലായ്‌മ ചെയ്യലും വർദ്ധിച്ചിരിക്കുന്നു. മനുഷ്യനെ കാട്ടാളനാക്കുന്നത്‌ മതം, ജാതി, രാഷ്‌ട്രീയം, അധികാരം, പണം എന്നിവയോടുളള ഭ്രമം ആണ്‌. ലോകം നിലനില്‌ക്കൻ ഇതൊക്കെ വേണ്ടേ എന്നു ചോദിച്ചാൽ, വേണം. പക്ഷെ, ഈ ഭ്രമം ഭ്രാന്തായിപ്പോകുന്നു.

അസൂയ എന്നത്‌ ബാലിശമെങ്കിലും ബന്ധങ്ങളുടെ കണ്ണികൾ അകലാൻ, വൈരം വളരാൻ അത്‌ കാരണമാകുന്നു.

അയൽക്കാർ തമ്മിൽ പരസ്‌പരം ഒന്നു നോക്കാൻ, ഉരിയാടാൻ, പുഞ്ചിരിക്കാൻ ഒന്നും തയ്യാറല്ല. അറിയാനും അംഗീകരിക്കാനും ആദരിക്കാനും ഇപ്പോ മനസ്സില്ലത്രെ. സൗഹൃദം പോലും നാം കളളികളിലാക്കിക്കഴിഞ്ഞല്ലോ.

മനുഷ്യൻ പുരോഗതിയുടെ വഴിയിലാണ്‌!

Generated from archived content: edit_june.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here