പൂനയിലെ മാധവിക്കുട്ടി

എഴുത്തുകാരി മാധവിക്കുട്ടിയെപ്പറ്റി ഒരു പ്രസിദ്ധീകരണങ്ങളിലും ഇപ്പോൾ ഫീച്ചറുകൾ&വാർത്തകൾ വരാറില്ലെന്നും, അവരുടെ കുഞ്ഞുരചനകൾ ആകെക്കാണുന്നത്‌ ‘ഉൺമ’യിൽ മാത്രമാണെന്നും ആരോ എഴുതി. കേരളത്തിൽ സദാനേരവും സന്ദർശകതിരക്ക്‌ അനുഭവിച്ച അവർക്ക്‌ പൂനെ ജീവിതം മടുത്തുവത്രെ. കേരളത്തിൽനിന്നും കൂടുതലാരും വിളിക്കാറില്ല, സന്ദർശിക്കാറില്ല. മിക്കവാറും വിളിക്കുന്ന രണ്ടോ മൂന്നോ പേരേയുളളുവെന്ന്‌ പറഞ്ഞ്‌ അവർ വേദനിക്കുന്നു. പൂനയിലേക്ക്‌ പോകുന്നത്‌ തട്ടമുരിഞ്ഞുകളഞ്ഞ്‌ നേര്യതുടുക്കാൻ കൂടിയാണെന്ന്‌ അവർ പറഞ്ഞതോർക്കുന്നു. പൂനയിലേക്ക്‌ സ്‌നേഹപൂർവ്വമായ അവരുടെ ക്ഷണം നിരസിക്കാനേയാവുന്നില്ല. ‘ഒന്ന്‌ വന്നു കണ്ടിട്ടുപോ’ എന്ന്‌ അമ്മുവും ഇക്കഴിഞ്ഞനാളിൽ നിർബന്ധിച്ചു. ഏതവസ്ഥയിലും അവർ ‘ഉണ്മ’യ്‌ക്ക്‌ രചനകളും കത്തുകളുമയയ്‌ക്കുന്നു. ലോകത്തെമ്പാടും തന്നിലെ വെളിച്ചം പ്രസരിപ്പിച്ച ഈ എഴുത്തുകാരിയുടെ പാദസ്‌പർശം ഇനിയെന്നെങ്കിലും മലയാളമണ്ണ്‌ അനുഭവിക്കുമോ? ആ നീർമാതളത്തിന്റെ സുഗന്ധം ഇനിയുമിവിടെ പരക്കട്ടെ എന്നാശിച്ചുപോകുന്നു.

മണ്ണിന്റെയും മനുഷ്യന്റെയും വില

“താങ്കളോട്‌ പറഞ്ഞില്ലെന്ന്‌ നാളെയൊരിക്കൽ പറയരുതല്ലോ; അപ്പുറത്തെ മൂന്ന്‌ ഫ്‌ളോട്ടുകൾ ഞങ്ങൾ വാങ്ങി. അഡ്വാൻസ്‌ കൊടുത്തുകഴിഞ്ഞു. സെന്റിന്‌ മുപ്പത്തേഴായിരം. താമസിക്കാനല്ല; ആരെങ്കിലും ഞങ്ങളുടെ കൈയ്യിൽ വന്നുവീഴും. അമ്പതിനായിരത്തിന്‌ മറിച്ചുവിറ്റിട്ട്‌ ആ പണം വാങ്ങി മുപ്പത്തേഴായിരം വെച്ച്‌ പ്രമാണമെഴുതിക്കും. പതിമൂന്നുവച്ച്‌ ഞങ്ങൾക്കു ലാഭം. അമ്പതും മുപ്പതും ഇരുപതും സെന്റുവീതമുണ്ട്‌. താങ്കൾക്ക്‌ വേണമെങ്കിൽ നോക്കാം. വേറെ ആളുണ്ടെങ്കിൽ പറയണം.” (ഒരു തുളളി വിയർപ്പൊഴുക്കാതെ കിട്ടുന്നത്‌ 13 ലക്ഷം) പതിമൂന്നുകൊല്ലം മുമ്പ്‌ സെന്റിന്‌ രണ്ടായിരം രൂപ വച്ച്‌ വാങ്ങിയ ഭൂമിയിൽ പണിയിച്ച വീട്ടിലിരുന്ന്‌, പതിനയ്യായിരത്തിനു മുകളിൽ വില്‌പന നടന്നിട്ടില്ലാത്ത പ്രദേശത്തെ ഭൂമിവില ഉയർന്നതിന്റെ പിന്നിലെ രഹസ്യമറിഞ്ഞ്‌ തരിച്ചിരുന്നു. ഭൂമിയുടെ തൊളളകീറിയും മണ്ണിന്റെ മാനം കെടുത്തിയും ‘കമിഴ്‌ന്നുവീണാൽ കാൽപ്പണം’ മാതിരി പണം കൊയ്‌ത്‌ പളളയും കീശയും വീർപ്പിക്കുന്ന മനുഷ്യന്റെ വിലയെന്തേ ഒരിഞ്ചുപോലും ഉയരാത്തത്‌?

Generated from archived content: edit1_oct20_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here