ഒരുകിലോ അരിക്ക് ഇരുപത്തിനാല് രൂപയത്രെ! ഞെട്ടുന്നതുകണ്ട് കടക്കാരൻഃ “ആന്ധ്രയിൽ നിന്നും അരി ലോറിയിൽ കയറിക്കഴിഞ്ഞു. രണ്ടുമൂന്നുനാൾക്കകം ഇങ്ങെത്തും. ആവശ്യത്തിന് തെരഞ്ഞെടുക്കാൻ ഐറ്റമുണ്ടാകും. പക്ഷെ വില ഇതിലും കൂടും. മുപ്പതെങ്കിലും…”
അരിക്ക് കിലോയ്‌ക്ക് പതിനൊന്ന്-പന്ത്രണ്ട് രൂപയായിരുന്ന വളരെ അടുത്തകാലത്തിന് ഇത്രയുമകലമോ! ഇങ്ങനെപോയാൽ അടുത്തുവരുന്നത് എന്തുതരം കാലമായിരിക്കും? ച്ഛെ, പഞ്ഞകാലമെന്ന് പറഞ്ഞ് കാലത്തെ പഴങ്കഞ്ഞിയാക്കരുത്. ദേ, ഇങ്ങോട്ടൊന്നു നോക്കിയേ, കാലന്റെ സ്വന്തം കാലം തൊട്ടുമുന്നിൽ.
വിലക്കയറ്റമോ? പട്ടിണിയോ? ദാരിദ്ര്യമോ? വീട്ടിൽ പശുവില്ല അല്ലെ പാലുകുടിക്കാൻ, കോഴിയില്ല അല്ലെ മുട്ട കഴിക്കാൻ, കരിക്കുകുടിക്കാൻ തെങ്ങില്ലെന്നോ? എന്തിനു വിലപിക്കുന്നു? പറമ്പിലേക്കിറങ്ങി റബ്ബർമരത്തിലൊന്ന് ചെത്ത്. പാലുവരും. വയറുനിറയെ കുടിച്ചാൽപോരേ. വിശപ്പ് പിന്നെ ഉണ്ടാവത്തേയില്ല. വിവിധ നിറമുളള നോട്ടുകെട്ടുകൾ കണ്ടാൽപോരേ വിശപ്പ് ഉണ്ടാവത്തേയില്ലല്ലോ. മരച്ചീനി, ചേമ്പ്, കിഴങ്ങ്, കാച്ചിൽ, ചേന, മത്തങ്ങ, കുമ്പളങ്ങ, പടവലങ്ങ, വഴുതനങ്ങ, പാവയ്‌ക്ക, ചീര, പയറ്, വാഴ- പറമ്പുകൾ സമ്പന്നമാക്കിയിരുന്ന പഴയ തലമുറക്കാർ എത്ര മണ്ടന്മാർ!
ചക്ക തമിഴ്‌നാട്ടിൽനിന്നും വരണമെന്നോ? ഇന്നിപ്പോ കോരനുമില്ല കഞ്ഞിയുമില്ല, പിന്നെയെന്തിന് പ്ലാവും പ്ലാവിലയും. (പ്ലാവിലകുത്ത് മറന്നിട്ടിപ്പോൾ കത്തുക്കുത്തിലാ ഡിഗ്രി) തൂമ്പ, കൂന്താലി, പിക്കാസ്-പരണത്തെവിടെയോ തുരുമ്പിച്ച് അന്ത്യം സംഭവിച്ചിട്ടുളള പുരാവസ്‌തുക്കൾ. മണ്ണിൽ മുളളുന്നതുതന്നെ അന്തസ്സല്ലെന്നു തിരിച്ചറിഞ്ഞ മലയാളി, മണ്ണിലൊന്ന് കിളച്ചിട്ട് ഒരുതുളളി വിയർപ്പൊഴുക്കുന്നതും അന്തസ്സുകേടാണെന്ന് ചിന്തിക്കുന്നു! സ്വന്തമായുളള മണ്ണ് തരിശാക്കി, തരിശിട്ട മണ്ണ് കിളച്ചുമാന്തി അണ്ഡകടാഹംപോലത്തെ കുഴിയാക്കി, നിലമൊക്കെ കരയാക്കി, മലയൊക്കെ നിരപ്പാക്കി, കരയും നിരപ്പും മുറിച്ചുമുറിച്ചുവിറ്റ് പണമാക്കി. പുതുമണ്ണിനുമേൽ സിമന്റുകൊട്ടാരങ്ങൾ നിരന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ താറുമാറായി.
പണ്ട്‌ഃ നമ്മൾ വിതയ്‌ക്കും വയലെല്ലാം നമ്മള് കൊയ്യും പൈങ്കിളിയേ..
ഇന്ന്‌ഃ വിതയ്‌ക്കാൻ ആളെവിടെ? വിത്തെവിടെ? വയലെവിടെ?
കൊയ്യാൻ ആളെവിടെ? അരിവാളെവിടെ? നെല്ലെവിടെ? ആന്ധ്രയിൽ അരിയുണ്ടെങ്കിൽ മലയാളി ഉണ്ടിരിക്കുമെന്ന് പ്രമാണം!
കളളപ്പണം ഒഴുകിപ്പരകുന്നു, പണത്തിനുമേൽ പരുന്തും പറക്കില്ലെന്ന് വിളിച്ചുകൂവി പുതുപ്പണക്കാർ വിലസുന്നു. കളള്, സ്വർണ്ണം, മണ്ണ്, പെണ്ണ്, ജാതി, മതം, രാഷ്‌ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ആരാധന- കച്ചവടമിപ്പോൾ എവിടെയും കൊഴുക്കുകയാണ്. പണക്കാരനാവാൻ ലേറ്റസ്‌റ്റ് മാർഗ്ഗംഃ ക്വട്ടേഷൻ സംഘത്തിൽ ചേരുകയോ, സ്വന്തമായി സംഘം രൂപീകരിക്കുകയോ ചെയ്യുക. സഹജീവിയുടെ തലയും കാലും കൈയും അരിഞ്ഞെടുക്കാം, കാശുവരാം, മേനികാട്ടാം, മാന്യനാകാം.
ദാരിദ്ര്യരേഖയ്‌ക്ക് കീഴിലകപ്പെട്ട് ഒടുങ്ങിപ്പോകുന്ന പാവം മനുഷ്യർക്ക്, ജന്മജന്മാന്തരങ്ങളോളം വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പുമാത്രം സ്വന്തം!
(അരിയുടെ വിലയെത്രയേറിയാലെന്ത്, നമ്മുടെ ഭക്ഷ്യവകുപ്പുമന്ത്രിയുടെ മുഖത്തെ അസ്‌തമിക്കാത്ത പ്രസാദം കണ്ടാൽ ഏത് കോരന്റെയും വിശപ്പ് കെടും!)
Generated from archived content: edit1_june27_08.html Author: editor