ആകാശം മൂടിക്കെട്ടി, കാറ്റ് പതിയെ വീശി. മഴ ഇപ്പം വീഴുമെന്നാശിച്ച ആറുവയസ്സുകാരി സീതമോളെയും കൂട്ടി വരാന്തയിലിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. അകലെയെവിടെയോ മഴയുടെ ഇരമ്പം. അടുത്ത നിമിഷം ചരൽവിതറുംപോലെ മുറ്റത്ത് മഴ ചിതറുമെന്ന് തീർത്തും കരുതി. പക്ഷേ മഴയുടെ ഇരമ്പം അകന്നകന്നു പോയി. മറ്റെവിടെയോ മഴ തൂളി. ഇടയ്്ക്ക് പിന്നെയും മഴയുടെ ലക്ഷണം കണ്ടു. മഴ വീഴുകയും ചെയ്‌തു. പക്ഷെ പെട്ടെന്ന് തോർന്നൊഴിഞ്ഞു. മഴ അങ്ങനെയങ്ങനെ ഞങ്ങളെ കളിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്‌ക്കൊരു തവണ അന്തരീക്ഷം ശരിക്കുമിരുണ്ടു. മഴ തിമിർത്തു പെയ്യുക തന്നെ ചെയ്‌തു.
കുട്ടിയുടുപ്പുമിട്ട് സീത അച്‌ഛന്റെ കൈപിടിച്ച് കനത്ത മഴയിലേക്ക് ഇറങ്ങി. മഴത്തുളളികൾ ഭാരത്തോടെ ദേഹത്തു പതിച്ചു. കുളിര്.. മോളേയും കൊണ്ട് മഴയിൽ ഓടിനടന്നു. ആകെ നനഞ്ഞു കുളിച്ചു. മഴ തോരല്ലേ എന്ന് കൊതിച്ചു. പത്തുമിനിറ്റേ നീണ്ടുനിന്നുളളു; മഴ എങ്ങോട്ടോ ചാഞ്ഞുപെയ്‌തു മറഞ്ഞു.
സീതയ്‌ക്ക് മഴ നല്‌കിയ ആദ്യാനുഭവം! അടുത്ത നാളിലും അവൾ പറഞ്ഞുഃ
“അച്‌ഛാ, നമുക്ക് മഴയിൽ കുളിക്കണ്ടേ…?”
അന്ന് പക്ഷേ വെയിലായിരുന്നു!
Generated from archived content: edit1_july11_08.html Author: editor