മഴക്കാഴ്‌ചകൾ

കഥ പറയുന്ന

ചോരച്ചക്രങ്ങൾ

മഴയിൽ നനഞ്ഞു കുതിച്ചുവന്ന തീവണ്ടി സ്‌റ്റേഷനിലേക്ക്‌ വേഗംകുറച്ച്‌ കടക്കുന്നു. കിതച്ചുകിതച്ച്‌ വണ്ടി

നിൽക്കുമ്പോൾ കൊലപാതകിയുടേതായ വികാരമൊന്നും വണ്ടിച്ചക്രങ്ങൾക്കില്ലല്ലോയെന്നു തോന്നി. തൊട്ടപ്പുറത്ത്‌

പാളം മുറിച്ചു കടന്ന വൃദ്ധ ചതഞ്ഞരഞ്ഞ്‌… ചക്രക്കാലുകളിലെ ചോരപ്പാടുകൾ പാളത്തിൽ വീണ

മഴത്തുള്ളികളിൽ അലിഞ്ഞലിഞ്ഞ്‌…

കണ്ടുകൂടാത്തതിങ്ങനെ

തലസ്ഥാനത്ത്‌ നിരത്തുവക്കിലെ കോൺക്രീറ്റുതറയിൽ, കോരിച്ചൊരിയുന്ന മഴയിൽ ഒരാൾ ഉച്ചനേരത്ത്‌ ഉടുമുണ്ടു

പുതച്ചു കിടക്കുന്നു. കടന്നുപോകുന്നവരാരും ഈ കാഴ്‌ച കാണുന്നില്ലെന്നും, സമീപത്തുകൂടെ മന്ത്രിവണ്ടികൾ

മിന്നിമറയുന്നുവെന്നും പുതപ്പിനുള്ളിലുള്ളയാളും അറിയുന്നില്ലായിരിക്കാം.

കാലം കോറിയ ചിത്രം

പഴകിപ്പൊടിഞ്ഞ ഓലമേച്ചിലിൽ മഴവെള്ളം കുടഞ്ഞുവീണ്‌ കുടിലിനുള്ളിലേക്ക്‌… വൃദ്ധൻ പഴകിദ്രവിച്ച കുടയുടെ

അസ്ഥികൂടം തലയ്‌ക്കുമേൽ പിടിച്ച്‌ കുടിലിന്റെ വാതിലിൽ കുന്തിച്ചിരുന്നു. നിറംകെട്ട കൈലിമുണ്ടിൽ

പൊതിഞ്ഞ ആ പഴകിയ ശരീരം പതുക്കെ വിറയ്‌ക്കുന്നു….

മാലിന്യം തന്നെ ജീവിതം

രാവിലെ ലോഡ്‌ജുമുറിയുടെ കതകുപാളി തുറന്നത്‌, മഴക്കോട്ടു ചൂടി നഗരത്തിലെ മാലിന്യം തൂത്തുകൂട്ടുന്ന

പെൺകൂട്ടത്തിലേക്ക്‌. അവർ ജോലിചെയ്യുന്നതിനൊപ്പം തങ്ങളുടേതായ ശൈലിയിൽ പരസ്പരം എന്തോ ഉറക്കെ

പറയുകയും ചെയ്യുന്നു. നനഞ്ഞുചീഞ്ഞ മാലിന്യം തൂത്തുവാരുമ്പോഴും അതിലെന്തൊക്കെയോ തിരയുന്നു;

പ്ലാസ്‌റ്റിക്‌ സാധനങ്ങൾ, നനയാത്ത കടലാസുകൾ, തുണികൾ…. അവരത്‌ പ്രത്യേകം സൂക്ഷിക്കുന്നു.

ഗ്രാമമുഖങ്ങളിലൊന്ന്‌

വീടിനു മുന്നിലെ കാവിനോടും കുരിയാലയോടും ചേർന്നുള്ള കൃഷിയിടത്തിലെ മഴപെയ്തു കുതിർന്ന മണ്ണിൽ

അടുത്ത വീട്ടിലെ വൃദ്ധൻ ചുരുണ്ടു കിടക്കുന്നത്‌ ഇരുൾ പരക്കാൻ തുടങ്ങിയപ്പോഴാണ്‌ ആരുടേയോ

കണ്ണിൽപെട്ടത്‌. സന്ധ്യാനേരത്തെ നിലവിളികളും കണ്ണീർമഴയും, ഗ്രാമത്തിന്റെ കെട്ടുപോകാത്ത

പതിവുകളിലൊന്നിനെ ഓർമ്മിപ്പിച്ചു.

Generated from archived content: eassy6_agu31_07.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here