ആന്റണിയുടെ രാഷ്‌ട്രീയം

‘സത്യം ബ്രൂയാത്‌ പ്രിയം ബ്രൂയാത്‌

ന ബ്രൂയാത്‌ സത്യമപ്രിയം

പ്രിയം ച നാനൃതം ബ്രൂയാത്‌

ഏഷ ധർമഃ സനാതനഃ’ എന്ന്‌ മനുസ്‌മൃതി.

സ്‌മൃതികാരനെ അവലംബമാക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രി ആന്റണി ചെയ്‌തത്‌ ഘോരമായ ധർമ്മലംഘനമാണ്‌. എന്നാൽ ആന്റണിയുടെ കുരിശേറൽ ലക്ഷക്കണക്കായ ആളുകൾക്കുവേണ്ടിയായിരുന്നു എന്ന മറുപുറംകൂടി വായിക്കുമ്പോൾ അദ്ദേഹത്തെ സ്‌തുതിക്കാതെ വയ്യ.

തന്റെ രാഷ്‌ട്രീയ ജീവിതത്തിനിടെ പലപ്പോഴും ആന്റണിക്ക്‌ ഒരു ‘രക്തസാക്ഷി പരിവേഷം’ വീണു കിട്ടിയിട്ടുണ്ട്‌. ആ സന്ദർഭങ്ങളിലെല്ലാം ആന്റണി പൂർവ്വാധികം കരുത്തനാവുകയായിരുന്നു; വളരുകയായിരുന്നു.

ഇക്കുറി, ആന്റണിയെ വളർത്തിയവർ തന്നെയാണ്‌ കൊത്തിക്കൊല്ലാൻ ചെന്നത്‌; സത്യം പറഞ്ഞു എന്ന തെറ്റിന്‌. സത്യം എല്ലായിടത്തും മറയ്‌ക്കപ്പെടേണ്ടതാണ്‌. സത്യത്തിനു മീതെ പലതരം ചിരികളുണ്ട്‌ അണിയാവുന്നതായി. സൗഹൃദം, ദയ, സ്‌നേഹം, പ്രണയം, വാത്സല്യം, ആദരം, ഭക്തി എന്നിങ്ങനെ പലപല മേൽത്തരം മുഖം മൂടികളുണ്ട്‌. അവയിലൊന്ന്‌ സന്ദർഭാനുസാരം എടുത്തു ചാർത്തുകയേ വേണ്ടൂ.

സ്വർണ്ണപത്രം നീക്കി സത്യം പ്രദർശിപ്പിച്ചാൽ ലോകംതന്നെ ഇടിഞ്ഞുപൊളിഞ്ഞു പോയെന്നു വരും. ബന്ധങ്ങൾ പലതും ജലരേഖകളാകും. സൗഹൃദം വൈരമായും വൈരം ദയയായും മാറിപ്പോകും. പർവ്വതങ്ങൾ ധൂളികളായി നിലംപതിക്കും. സമുദ്രങ്ങൾക്ക്‌ തർപ്പണപുണ്യം കിട്ടാതാവും…. അതിനാൽ- സത്യങ്ങൾ ഒളിച്ചുവയ്‌ക്കപ്പെടണം! ആന്റണി തന്റെ മന്ത്രിപുംഗവന്മാരെ വിശ്വസിച്ച്‌ പ്രബുദ്ധകേരളം ഭരിക്കണം.

ജാതി മത വർഗ്ഗ വർണ്ണ പക്ഷപാതിത്വങ്ങളില്ലാതെ, സമൂഹം ഇന്നത്തെപ്പോലെ എന്നും സുന്ദരമായിരിക്കണം. തൊഴിൽ രഹിതരില്ലാതെ, കലാപങ്ങളും കന്നംതിരിവുകളുമില്ലാതെ സാക്ഷര സുന്ദര സമത്വകേരളം! ഹാ സുന്ദരം!!

Generated from archived content: aug_essay6.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here