വോട്ടുചോദിച്ചെത്തുന്നവർ തട്ടിപ്പറിച്ചുകൊണ്ടുപോകുന്നത് അഭ്യസ്‌തവിദ്യരായ തൊഴിലില്ലാപ്പടയുടെയും, സാധാരണക്കാരുടെയും ജീവിതമാണ്. നേടിയവർ പോകും വഴിയിലൊരു പൂടപോലും ശേഷിക്കുന്നില്ലല്ലോ! കണ്ണീര് കുടിനീരാകുമ്പോഴും ജീവിതം കടപ്പെടുമ്പോഴും പിന്നത്തെ അഭയമാണ് ആത്മഹത്യ!
* * * * * * * * * * * * * * * * *
രണ്ടു വയസ്സുകാരിയും ‘ലജ്ജാവതി’
കായംകുളം പുതുപ്പളളി ക്ലാസിക് സ്‌പോർട്‌സ് ക്ലബ്ബിന്റെ പതിന്നാലാം വാർഷികാഘോഷ സമ്മേളനം. ആദ്യകാല നാടകനടിയും ഗായികയുമായ കെ.പി.ഇ.സി സുലോചന ഉദ്‌ഘാടക. പത്രാധിപർ സമ്മാനദാതാവ്. രണ്ടുവാക്ക് പറഞ്ഞ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’യിലെ ഒ.എൻ.വിയുടെ ‘വെളളാരം കുന്നിലെ പൊൻമുളം കാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേവാ…’ എന്ന ഗാനം വിറയാർന്ന സ്വരത്തിൽ ആലപിച്ച് സുലോചന ഉദ്‌ഘാടനത്തിനായി നിലവിളക്കിലെ തിരികത്തിക്കാൻ ശ്രമിച്ചു. അപ്പോൾ കാറ്റോട് കാറ്റ്. ‘കത്തുന്നില്ലല്ലോ’ എന്ന് അവർ. ‘കാറ്റേ വാ…എന്ന് പാടിയിട്ടാ.’ പത്രാധിപരുടെ കമന്റ്.
‘ഫോർ ദി പീപ്പിൾ’ സിനിമയിൽ ലജ്ജ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പെങ്കൊച്ചിനെ നോക്കി ‘ലജ്ജാവതിയേ’ എന്ന് ജാസിഗിഫ്‌റ്റിന്റെ ശബ്‌ദത്തിൽ പയ്യൻ പാടുമ്പോൾ പെണ്ണിന് ലജ്ജയുണ്ടാവുന്നില്ല എന്നതുപോകട്ടെ, പ്രേക്ഷകരായ നമുക്ക് ലജ്ജതോന്നും. സുലോചന ‘കാറ്റേവാ’ പാടിയപ്പോൾ പ്രകൃതി അതുകേട്ടു. ജാസിഗിഫ്‌റ്റ് സിനിമയിൽ ‘ലജ്ജാവതി’ പാടുമ്പോൾ ജീവനുളള പെണ്ണിന് ലജ്ജ ഒട്ടും വരുന്നില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുളള അന്തരം! സംഗീതത്തിന് സത്യവും സൗന്ദര്യവുമുണ്ട്.
(ടി.വി. ചാനലുകളിൽ ‘ലജ്ജാവതിയേ’ എന്ന പാട്ടും ബഹളവും കാണുമ്പോൾ പത്രാധിപരുടെ രണ്ടുവയസ്സുകാരിയായ മകൾ സീത അന്തരീക്ഷത്തിൽ തുളളിച്ചാടുന്നത് കാണാം.)
* * * * * * * * * * * * * * * * *
ഒ.എൻ.വി. കുറുപ്പ് അവതാരിക എഴുതുന്നതിന് പ്രതിഫലം വാങ്ങിയിട്ടില്ല
കവി മങ്കൊമ്പ് രാജപ്പനെയും കൂട്ടി തിരുവനന്തപുരത്ത് ഒ.എൻ.വി. സാറിനെ കാണാൻ പോയത് മങ്കൊമ്പിന്റെ പുതിയ കവിതാസമാഹാരമായ ‘കൃഷ്‌ണപക്ഷ’ത്തിന് അവതാരിക എഴുതിക്കുന്നതിനാണ്.
“ഉൺമയുടെ ആറുപുസ്‌തകങ്ങൾക്ക് ഇതിനകം ഞാൻ അവതാരിക എഴുതിയിട്ടുണ്ട്. ഇനിയും വേണോ?”
വേണമെന്ന് പത്രാധിപരുടെ ശാഠ്യം.
സന്തോഷത്തോടെ അദ്ദേഹം ‘കൃഷ്‌ണപക്ഷ’ത്തിന്റെ കാര്യവുമേറ്റു. ഏറെനേരം സംസാരിച്ചിരുന്നശേഷം കവിതകളുടെ മാറ്റർ അദ്ദേഹത്തെ ഏല്‌പിച്ചു. കുറച്ചുനേരം തിരിച്ചും മറിച്ചും നോക്കിയശേഷം അദ്ദേഹം പറഞ്ഞു.
“നല്ല കവിതകളായതുകൊണ്ട് കുറിപ്പെഴുതാൻ അല്‌പം വൈകിയേക്കും.”
“സാരമില്ല സാർ. സന്തോഷമായി.” ഇതും പറഞ്ഞ് രാജപ്പൻ ഒരു കവർ അദ്ദേഹത്തിനുനേരെ നീട്ടി.
“എന്തായിത്?”
“ഒരു ദക്ഷിണയാണു സാർ.”
മങ്കൊമ്പിന്റെ ചുണ്ടിൽ വിറയൽ.
ഒ.എൻ.വി സാറിന് കാര്യം പിടികിട്ടി.
“അവതാരികയെഴുതുന്നതിന് ഞാൻ ദക്ഷിണ വാങ്ങുമെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ അതു ശരിയല്ല. ഞാൻ എഴുതിത്തരാം. പക്ഷെ ദക്ഷിണ വാങ്ങില്ല. വാങ്ങണമെന്ന് നിർബന്ധമെങ്കിൽ കവിതകൾ തിരികെ കൊണ്ടുപോകാം.”
“ക്ഷമിക്കണം സാർ…”
രാജപ്പൻ വല്ലാതായി.
പിന്നെയും ഒത്തിരി കാര്യങ്ങൾ പറഞ്ഞ് ചായയും കുടിച്ച് ഞങ്ങളിറങ്ങി.
* * * * * * * * * * * * * * * * *
പുറംതിരിഞ്ഞു നില്‌ക്കുന്നവർ
വരിസംഖ്യ അടച്ചില്ലെങ്കിലും ഉൺമ മിനിമാസിക ലഭിക്കുമെന്ന് കരുതുന്ന ഒത്തിരി വായനക്കാരുണ്ട്. ഒരുകാര്യം ഗൃഹാതുരത്വത്തോടെ അയവിറക്കട്ടെ; കഴിഞ്ഞകാലങ്ങളിൽ മനസ്സുതുറന്ന്, കൈയയച്ച് ഈ സംരംഭത്തോടു സഹകരിച്ചിരുന്നവരിൽ പലരും ഇന്ന് പുറംതിരിഞ്ഞ് നില്‌ക്കുകയാണ്. ഉൺമയുടെ ഹൃദയത്തോട് ഒട്ടിനിന്നിരുന്ന പല സ്‌നേഹിതരുടെയും ചിത്രം മുന്നിലിപ്പോൾ തെളിയുന്നു. തുച്ഛമായ വരിത്തുകയിന്മേലുളള പിശുക്കല്ല ഈ രോഗത്തിനു കാരണം. പലരുടെയും ഈ മനോഭാവത്തിന് ഒത്തിരി അർത്ഥങ്ങളുണ്ട് എന്നു മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടില്ല. ആരെയും നിർബന്ധിക്കുന്നില്ല. (മുമ്പും അങ്ങിനെ ചെയ്‌തിട്ടില്ലല്ലോ.) ഉൺമ ഒരു ലാഭക്കച്ചവടസംരംഭമല്ല. ഏറെ സാമ്പത്തികബാധ്യതയോടെയാണ് ഇന്നും ഈ പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. കുറഞ്ഞപക്ഷം വരിസംഖ്യയെങ്കിലും തരാൻ എല്ലാ വായനക്കാരും തയ്യാറാകണം. സഹകരിച്ചിട്ടുളളവരെ ഒരിക്കലും മറക്കാനാവില്ല. അയ്യായിരം രൂപവരെ തന്നു സഹായിച്ചവരെ എങ്ങനെ മറക്കും. ഒരുവർഷത്തെ വരിസംഖ്യ 50 രൂപയാണ്. രണ്ടുവർഷത്തേക്ക് 90 രൂപ. ആയുഷ്‌ക്കാലം 1000 രൂപ. ഉൺമ പബ്ലിക്കേഷൻസിന്റെ പുസ്‌തകങ്ങൾ ആവശ്യപ്പെട്ടും ഈ സാംസ്‌കാരികപ്രസ്ഥാനത്തോട് കൂറുപുലർത്തുമല്ലോ.
(മാസികയോട് താത്‌പര്യമില്ലാത്തവർ ആ വിവരം അറിയിക്കുന്നതിൽ വിരോധമില്ല.)
* * * * * * * * * * * * * * * * *
പത്രാധിപരെ കളിയാക്കുന്ന പ്രാവുകൾ!
ഉൺമയുടെ ഓഫീസ് പ്രവർത്തു തുടങ്ങിയ അന്നുമുതലാണ് ‘എസ്.ആർ.ബിൽഡിംഗി’ൽ രണ്ടുപ്രാവുകൾ ചേക്കേറാൻ തുടങ്ങിയത്. ഓഫീസ് റൂമിന്റെ മുന്നിലെ വെന്റിലേഷൻതന്നെ അവയ്‌ക്കു പ്രിയം. ആണിന്റെയും പെണ്ണിന്റെയും കുറുകൽ മനോഹരം. കാഷ്‌ഠമിട്ട് നിറയ്‌ക്കൽ അശ്രീകരവും. ഇവയെ ഓടിക്കാൻ ബിൽഡിംഗ് കാര്യസ്ഥർ പലവിധ ക്ഷുദ്ര പ്രയോഗങ്ങളും നടത്തിനോക്കി. നോ ഫലം!
അവയങ്ങനെ ആടിപ്പാടി കഴിഞ്ഞുവരവെ, അടുത്തിടെ ഒരുദിവസം പത്രാധിപർ എഴുതിക്കൊണ്ടിരിക്കുന്നു; പ്രാവുകളിലൊന്ന് ഓഫീസ് മുറിയുടെ വാതിൽക്കൽ പറന്നിറങ്ങി. പിന്നെ കുണുങ്ങിക്കുണുങ്ങി ഉളളിലേക്ക്. പിന്നാലെ മറ്റേതും. ‘ക്ഷുദ്ര പ്രയോഗം സഹിക്കാനാവുന്നില്ലേ, രക്ഷിക്കൂ, എന്ന് പ്രാവുകൾ പറയും പോലെ. താമസിച്ചില്ല, രണ്ടിനെയും കൂളായങ്ങു പിടികൂടി നേരെ ’കിളിപ്പാട്ടി‘ലേക്ക്. കിളിക്കൂട്ടിലിട്ട് ഏഴുനാൾ അരിയുംചോറും വെളളവും കൊടുത്തു. കിളിപ്പാട്ടിലെ സുകുമാരൻപൂച്ച കൂടിനുകീഴെ കുത്തിയിരുന്ന് മേല്‌പോട്ടുനോക്കി ’രണ്ടിനെയും കസ്‌റ്റഡിയിലെടുക്കുന്നുണ്ട്‘ എന്ന് മുറുമുറുക്കും.
പ്രാവുകളല്ലേ, ഇറങ്ങിക്കാണും എന്നു കരുതി എട്ടാംപക്കം കൂട് തുറന്നിട്ടു. ചോട്ടിൽപറ്റിയ പൊടിയുംതട്ടി അവ ആകാശപ്പരപ്പിലേക്ക് പറന്നുപോയി.
പിറ്റേന്ന് ഓഫീസ്് തുറക്കാൻ വന്നപ്പോൾ പ്രാവുകൾ രണ്ടും അതാ, വെന്റിലേഷനിലിരുന്ന് പത്രാധിപരെ കളിയാക്കി കുറുകുന്നു!
നൂറനാട്ടേക്കിപ്പോൾ പക്ഷികൾ എത്താറില്ല
മനുഷ്യമനസ്സിനുമുമ്പെ പക്ഷിമനസ്സുകൾ പറക്കുന്നുവെന്നതിന് ഒരു ഉദാഹരണം ഇതാ-
വിവിധയിനം പക്ഷികൾ ചേക്കേറിയിരുന്ന നൂറനാട്ടെ പ്രധാന നിരത്തുവക്കിലെയും പുഞ്ചയോരങ്ങളിലെയും വൻമരങ്ങൾ നിശ്ശബ്‌ദമായി കേഴുകയാവണമിന്ന്; തങ്ങളുടെ ശിഖരങ്ങളിൽ കൂടുകൂട്ടിയും തൂങ്ങിയാടിയും കലപില ചിലച്ചും കാഷ്‌ഠിച്ചും ഗോഷ്‌ടികാട്ടിയും മധുവിധുനുണഞ്ഞും കൂത്താടിക്കഴിഞ്ഞിരുന്ന ദേശാടനപ്പക്ഷികൾ ഇന്ന് എവിടെയെന്നോർത്ത് മരങ്ങൾ നൊമ്പരപ്പെടുന്നുണ്ടാം. പക്ഷികളുടെ വരവുകാലം ഈ മരങ്ങൾക്ക് ഉത്സവകാലമായിരുന്നല്ലോ. ആണ്ടോടാണ്ട് സീസണിൽ ദൂരദേശങ്ങളിൽനിന്നും പറന്നുപറന്നുവന്ന് നൂറനാട്ടെ വൻമരങ്ങളിൽ ചേക്കേറിയിരുന്ന ദേശാടനപ്പക്ഷികളിൽ ഒരു കുഞ്ഞിനെപ്പോലും ഇന്നാട്ടിലിന്ന് കണികാണാനില്ല. (അന്നിവിടെ സജീവമായുണ്ടായിരുന്ന പക്ഷിസ്‌നേഹികളെയും ഇപ്പോൾ കാണാനില്ല എന്നത് ശ്രദ്ധേയം!) പക്ഷിശല്യമെന്നപേരിൽ റോഡരുകിലെ സ്ഥാപന ഉടമകൾ പാട്ടകൊട്ടിയാണ് പക്ഷികളെ ഓടിച്ചത്. പോരാഞ്ഞ് ചില മരങ്ങൾ മുറുപ്പിക്കുകയും ചെയ്‌തു. തങ്ങൾക്കുനേരെ നടന്ന മനുഷ്യന്റെ കുത്സിതശ്രമങ്ങൾ ആ പക്ഷികളിൽ ആഴത്തിൽ മുറിവേല്‌പിച്ചതിനാലാവണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശാടനപ്പക്ഷികളുടെ വരവ് നൂറനാട് ദേശത്തേക്കില്ല. ഇവിടെയാരും അതേപ്പറ്റി ഓർക്കാറുമില്ല.
* * * * * * * * * * * * * * * * *
പത്രാധിപർ
Generated from archived content: edit_may.html