കുഞ്ഞുങ്ങളെ എവിടെയൊളിപ്പിക്കും!

വീടിന്റെ ചുറ്റുവട്ടങ്ങളുടെ അതിർത്തികൾ ഭേദിച്ച്‌, വയലും മലയും താണ്ടി ഓടിച്ചാടി നടന്ന്‌ മരം കേറിയും കാലാപെറുക്കിയും കഴിച്ചുകൂട്ടിയ കുട്ടിക്കാലം. ഇന്ന്‌ സ്വന്തം കുട്ടികൾ മുറ്റത്തെ ഗേറ്റിനരികിലേക്കു പോകുമ്പോഴേ പിൻവിളിയിലൂടെ തട്ടിപ്പറിച്ചെടുക്കുന്നത്‌ അവരുടെ കുട്ടിക്കാലമാണ്‌. വിലക്കുകൾ കുട്ടികൾക്ക്‌ വിലങ്ങുകളാണെന്ന്‌ നല്ല നിശ്ചയമുണ്ട്‌. അയൽപക്കത്തും പരിസരങ്ങളിലുമൊക്കെ അവരുടെ കാലടിപ്പാടുകൾ പതിയണമെന്നും, കാഴ്‌ചച്ചിത്രങ്ങൾ പിഞ്ചുമനസ്സിൽ നാളേയ്‌ക്കായയി സൂക്ഷിക്കപ്പെടണമെന്നുമൊക്കെ ആഗ്രഹമുണ്ടെങ്കിലും, പുതിയകാലം മനസ്സിലേല്‌പിക്കുന്ന അറിവുകളുടെ ആഘാതം ഭീകരമാണ്‌. ആലപ്പുഴയിലൊരിടത്ത്‌ രാഹുൽ എന്ന ഏഴുവയസ്സുകാരനെ കാണാതായിട്ട്‌ ആഴ്‌ചകളായിരിക്കുന്നു. വീടിനടുത്ത്‌ കൂട്ടുകാരുമൊത്ത്‌ കളിച്ചുകൊണ്ടുനിന്ന രാഹുൽ ദൂരെവീണ പന്തെടുക്കാനോടിയതാണ്‌. പട്ടാപ്പകൽ ആ കുട്ടി പിന്നെങ്ങോട്ടു പോയി എന്നറിയില്ല. അവന്റെ മാതാപിതാക്കളെയോർക്കുമ്പോൾ വേദനയാണ്‌. ആ കുഞ്ഞ്‌ ഇപ്പോൾ എവിടെയായിരിക്കും?

ഇടുക്കി ജില്ലയിലെ ഒരു സ്‌കൂൾ വാർത്ത ഇങ്ങനെഃ ചെറിയ ക്ലാസ്സിലെ രണ്ടു വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്‌ത രണ്ട്‌ അധ്യാപകരുടെ വിചാരണ കോടതിയിൽ തുടങ്ങി.

മലപ്പുറം ജില്ലയിൽനിന്ന്‌ ഒരു കോളിളക്കവാർത്തഃ ഒരു ബാലനെ ദിവസങ്ങളോളം കൊണ്ടുനടന്ന്‌ ഒരുസംഘം കാമകിങ്കരന്മാർ പ്രകൃതിവിരുദ്ധ ലൈംഗികചൂഷണത്തിന്‌ വിധേയനാക്കിയത്രെ. ഇത്തരം വാർത്തകൾ പലരൂപത്തിലും ഭാവത്തിലും കടന്നുവന്ന്‌ നിത്യേന മനസ്സിനെ മഥിക്കുകയാണ്‌.

പെൺകുഞ്ഞായാലും ആൺകുഞ്ഞായാലും ഓമനിച്ചു വളർത്തുന്ന മക്കളെ എവിടെയാണ്‌ ഒന്നൊളിപ്പിച്ചു വയ്‌ക്കുക? വെളളത്തെയും കാറ്റിനെയും തീയേയും ഭൂകമ്പത്തേയുംകാൾ ഇന്ന്‌ ഏറെ ഭയപ്പെടേണ്ടത്‌ മനുഷ്യനെത്തന്നെയാണെന്ന്‌ നാം നന്നായി പഠിക്കുന്നു.

‘മനുഷ്യൻ എത്ര നല്ല പദം’ എന്ന്‌ ആരാണ്‌ പറഞ്ഞുവച്ചത്‌?

Generated from archived content: edit_june_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here