മനുഷ്യൻ പ്രകൃതിശക്തിയെ തൊട്ടറിയുന്നു!

പ്രകൃതിക്കും അതീതമെന്ന ഭാവം ഭരിക്കുന്ന മനുഷ്യമനസ്സുകൾക്ക്‌ സുനാമി ദുരന്തം വലിയൊരു പാഠമാണ്‌. ഓരോ ദുരന്തങ്ങളും താത്‌കാലികമായൊരു വിനയമേ മനുഷ്യനിലുണ്ടാക്കുന്നുളളൂ. എല്ലാം മാഞ്ഞുമറയുമ്പോൾ പിന്നെയുമവൻ കൊന്നിലും കൊമ്പുകോർക്കലിലും പെടുന്നു. ഒന്നിനേയും വകവെയ്‌ക്കാത്ത മനുഷ്യൻ ഒന്നിനെമാത്രം കൂടുതൽ ഭയക്കണം എന്നൊരു മുന്നറിയിപ്പാണീ ദുരന്തം; പ്രകൃതിയെ. എല്ലാ ദൈവങ്ങളും ചേരുന്നതാണ്‌ പ്രകൃതി എന്നുളള വിശ്വാസം ഓരോരുത്തരുടെ ഉളളിലുമുണ്ടാകട്ടെ. പ്രകൃതിയുടെ ക്രൂരതയെപ്പറ്റിപ്പറഞ്ഞ്‌ മനുഷ്യന്‌ സ്വന്തം ക്രൂരതയിൽനിന്നും രക്ഷനേടാനാവില്ല. ആധുനികകാലം നമ്മെ ദുരന്തമുഖത്തേക്ക്‌ വലിച്ചിഴച്ചു കൊണ്ടുപോകുന്നത്‌ മുൻകൂട്ടിക്കാണാനും കഴിയണം.

കടൽത്തിരകളിലടിഞ്ഞുടഞ്ഞുപോയ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖചിത്രങ്ങൾ എത്രയോ തവണയാണ്‌ കരയിച്ചത്‌. സ്വന്തം കുഞ്ഞുങ്ങളുടെ മുഖത്തെ നിഷ്‌കളങ്കമായ ചിരിയും കളിവട്ടവുമായിരുന്നു ഓർമ്മയിലപ്പോൾ. അക്കാഴ്‌ചകൾ മഹാപീഡനം തന്നെ.

വിഭാഗീയതകളില്ലാത്ത മനുഷ്യക്കൂട്ടായ്‌മയാണ്‌ എല്ലാ ദുരന്തങ്ങളുടെയും മുറിവുണക്കാനുളള മരുന്നെന്ന്‌, കടൽക്ഷോഭത്തെത്തുടർന്നുളള ദുരിതാശ്വാസമേഖലകളിൽനിന്നും പഠിക്കാനാവും. എന്തുകൊണ്ട്‌ മനുഷ്യന്‌ വിടവുകളില്ലാതാക്കി ഒന്നിച്ചുനിന്നുകൂടാ? മലപോലത്തെ തിരകളെയും തീയേയും അതിജീവിക്കാൻ ഒരുപക്ഷേ മനുഷ്യമതിലുകൾക്കു കഴിഞ്ഞേക്കും. ഈ ദുരന്തഭൂമിയിൽ നിന്നുകൊണ്ടെങ്കിലും നാമതിന്‌ ശ്രമിക്കേണ്ടതാണ്‌. മനുഷ്യന്റെ ദുഃഖമറിയാൻ മനുഷ്യനേ കഴിയൂ!

Generated from archived content: edit_jan.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here