വകുപ്പുമന്ത്രി ആദിവാസിജീവിതം കാണട്ടെ

പുതിയ സാംസ്‌കാരികവകുപ്പുമന്ത്രി എ.പി.അനിൽകുമാർ അധികാരം കൈവന്നയുടനെ ചെയ്‌ത കർമ്മം കേരളസംസ്ഥാനത്ത്‌ ജീവിച്ചിരിക്കുന്ന സാഹിത്യ സാംസ്‌കാരിക നായകൻമാരെ അവരുടെ വീട്ടിൽച്ചെന്ന്‌ കാണലായിരുന്നു. അല്ല, ഇതുകൊണ്ടൊക്കെ ഈ മന്ത്രി എന്താണുദ്ദേശിക്കുന്നത്‌? മന്ത്രിപട്ടം തലയിൽ ചൂടിയവന്‌ കാര്യമൊന്നുമില്ലെങ്കിലും വീടുകളിൽ കടന്നുചെല്ലുന്നതിന്‌ വിലക്കുകളൊന്നുമില്ലല്ലോ. (ജി.കാർത്തികേയൻ സാംസ്‌കാരിക നായകൻമാരോട്‌ കൊമ്പുകോർത്തതിന്റെ പരുക്കുകൾ മായാതെ ചരിത്രത്തിൽ കിടപ്പുണ്ട്‌.)

അനിൽകുമാറിന്റെ കൈയിൽ ഹരിജനഗിരിജനക്ഷേമ വകുപ്പുകൂടിയുണ്ടല്ലോ. അതു സംബന്ധമായുളള സന്ദർശനങ്ങൾ വല്ലതും അദ്ദേഹം നടത്തിയതായുളള സമാചാർ കേട്ടില്ല. ആദിവാസി കോളനികളിൽചെന്ന്‌ മൂപ്പന്മാരെക്കണ്ട്‌ വണങ്ങുകയോ, ജാനു തുടങ്ങിയ ആദിവാസി സമരനായകരെ കാണുകയോ ചെയ്‌തിട്ടില്ല. എന്തേ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പ്‌? സാംസ്‌കാരികനായകൻമാരെ ധൃതിവെച്ച്‌ സന്ദർശിച്ചതുപോലെ വളരെ വേഗം നിർവഹിക്കേണ്ട ഒരു കൃത്യത്തിലേക്ക്‌ മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇതും ആദിവാസി വിഷയംതന്നെ. ആദിവാസി ഭൂമി ഇടപാടുപോലുളള, ജാനു വിളിച്ചുകരയുന്ന വലിയ കാര്യങ്ങളിൽ ഒരുപക്ഷേ വകുപ്പുമന്ത്രിക്ക്‌ പെട്ടെന്ന്‌ ഇടപെടാൻ പറ്റിയെന്നു വരില്ല. തന്നെയുമല്ല, അത്‌ കൈപൊളളുന്ന കാര്യവുമാണല്ലോ. വളരെ സിമ്പിളായ മറ്റൊരുകാര്യം; പിന്നോക്കജില്ലകളിലെ മലമടക്കുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ പുഴുക്കളെപ്പോലെ ജീവിക്കുന്ന ആദിവാസികളെ ഒരിക്കലെങ്കിലും ഒന്നു ചെന്നുകാണുക. ഇതുകുറച്ച്‌ സാഹസികമായിരിക്കും കേട്ടോ. കൊടിവെച്ച സ്‌റ്റേറ്റുകാറ്‌ ഊരുകളിൽവരെ എത്തിയെന്നുവരില്ല. ഉൾപ്രദേശങ്ങളിൽചെന്ന്‌ അവരുടെ യഥാർത്ഥജീവിതം കാണണമെങ്കിൽ അൽപ്പം വിയർത്തേ പറ്റൂ. നാട്ടിലൊക്കെ നടന്ന്‌ ആദിവാസിക്ഷേമം പ്രസംഗിച്ചാൽ മാത്രം പോരല്ലോ. നരകതുല്യമായ ഇക്കൂട്ടരുടെ ജീവിതം കണ്ടറിയണം. ആരെയും കരയിക്കുന്ന കാഴ്‌ചകൾ ആദിവാസിക്കുടികളിൽ അനവധിയാണ്‌. ഉടയാത്ത ഖദർവേഷം നനഞ്ഞ്‌ ഉടഞ്ഞെന്നുവരും. ചിലപ്പോൾ ചേറ്‌ അല്‌പം പറ്റിയെന്നും വരും. എന്നാലും വേണ്ടില്ല മന്ത്രീ, സംസ്‌കാരമുണ്ടെന്നു കാണിച്ചുതന്ന താങ്കൻ കുട്ടപ്പൻമന്ത്രിയെ അനുകരിക്കാതെ, കടന്നുചെല്ലൂ പൈതൃകമുറങ്ങുന്ന നമ്മുടെ ആദിവാസി സമൂഹമദ്ധ്യത്തിലേക്ക്‌. അവരും കാണട്ടെ ആദ്യമായി ഒരു മന്ത്രിയെയും പരിവാരങ്ങളെയും. ചൂഷണരഹിതമായ ജീവിതം ആദിവാസിക്കു പ്രദാനം ചെയ്യാൻ കഴിയുമോ എന്നു നോക്കുക. റോഡും വണ്ടിയും വെളിച്ചവും വെളളവുമൊന്നും താങ്കൾ നല്‌കണ്ട; അവർക്ക്‌ അവകാശപ്പെട്ട മറ്റ്‌ അനവധി ആനുകൂല്യങ്ങൾ കടലാസ്സിലുണ്ടല്ലോ. വസ്‌ത്രം, ഭക്ഷണം, മരുന്ന്‌, അതിജീവനത്തിനുളള മറ്റ്‌ സൗകര്യങ്ങൾ. അതങ്ങു കൊടുത്തേക്കുക. അല്ലെങ്കിൽ അവർക്കിതൊക്കെ കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. ആദിവാസികളെ പലവിധേന ചൂഷണംചെയ്യുന്ന ശക്തികളെ നിലയ്‌ക്കു നിർത്തുക. ഒപ്പം മറ്റൊരു കാര്യംകൂടി; താങ്കൾ ഉൾപ്പെടുന്ന പട്ടികജാതി വിഭാഗത്തിന്റെ നീറുന്ന ഒട്ടനവധി പ്രശ്‌നങ്ങൾക്കും പരിഹാരം കാണുക. മന്ത്രിപദവിയും പോക്കറ്റിലിട്ട്‌ സർക്കാർവക വണ്ടിയിൽ കയറി തെക്കുവടക്ക്‌ പറന്നുനടക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കുക. ഉളള നാളുകൾക്കുളളിൽ നല്ലതു വല്ലതും ചെയ്യുക. പടമല്ല പണിയാണ്‌ പ്രധാനമെന്നറിയുക. എങ്കിൽ തീർച്ചയായും ജനകീയ മന്ത്രിയെന്നു പേരിട്ട്‌ താങ്കളെ ജനം ബഹുമാനിക്കും. സാംസ്‌കാരിക നായകൻമാരെ ചെന്നു കണ്ടതുകൊണ്ട്‌ പാവം പ്രജകളുടെ വയറുനിറയില്ലല്ലോ മന്ത്രീ!

– പത്രാധിപർ

Generated from archived content: edit2_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English