ചീമുട്ടയും ചുവപ്പുപരവതാനിയും

2003ലെ വേൾഡ്‌ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിൽ ഇൻഡ്യയും ആസ്‌ട്രേലിയയും കളിക്കുമ്പോൾ ഇൻഡ്യയിലെ ജനകോടികൾ പ്രതീക്ഷിച്ചത്‌ ഒരത്ഭുതം സംഭവിച്ചേക്കും എന്നാണ്‌; കായബലംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടും കളിക്കുന്ന സായിപ്പിനെ ദൈവവിധിയാൽ നമ്മൾ മലർത്തിയടിക്കുമെന്ന്‌. അങ്ങനെ കപ്പുമായി വരുന്ന ഇൻഡ്യൻ ടീമിനു നൽകാൽ അത്ഭുതങ്ങൾ തന്നെ ഇവിടെ ഒരുക്കിവച്ചു. രാഷ്‌ട്രപതിഭവൻ ചുവപ്പുപരവതാനി വിരിച്ച്‌ ആ ‘അതിവിശിഷ്ട അതിഥി’കളെ വരവേൽക്കുമായിരുന്നത്രെ! എന്തായാലും ആ നാണക്കേട്‌ ഒഴിവായിക്കിട്ടി.

ഇക്കുറി ലോകകപ്പിന്‌ പുറപ്പെടും മുമ്പേ രാമേശ്വരം ചാട്ടത്തിനൊരുങ്ങുന്ന വീരഹനുമാനെപ്പോലെ നമ്മുടെ പയ്യൻ ശ്രീശാന്ത്‌ എന്തൊരു ഉശിരൻ ഫോമിലായിരുന്നു. പയ്യന്‌ കാണായ പ്രദേശങ്ങളിലൊക്കെ പലതരം ചരടുകൾ! പൂജാമുറിയിലേക്ക്‌ അമ്മ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും തത്സസമയ ടി.വി. സംപ്രേക്ഷണങ്ങൾ. ആറ്റുകാലമ്മയ്‌ക്ക്‌ രോമാഞ്ചമുണർത്തിക്കൊണ്ട്‌ ആയമ്മ പൊങ്കാലയിടുന്ന ദൃശ്യങ്ങൾ! അച്യുതാനന്ദനും അഴീക്കോടുമല്ല; ശ്രീശാന്താണ്‌ താരമെന്ന്‌ മാധ്യമസിൻഡിക്കേറ്റുകൾ…ശ്രീപത്മനാഭാ!

അഞ്ജു ബോബിജോർജ്ജ്‌ ചാടാൻ പോകുമ്പോൾ കേരളത്തിന്റെ ക്രിസത്യൻപള്ളികളിൽ നെടുനീളൻ കുർബാനകളും അടിയന്തിര പ്രാർത്ഥനകളുമുണ്ട്‌. (സാനിയ മിർസ ടെന്നീസ്‌ കളിക്കുന്നിടത്ത്‌ ദൈവത്തിന്റെ കളിയെന്താണോയെന്തോ?!) ദൈവം ബുദ്ധിമാനാകകൊണ്ടാവും അഞ്ജുവിനെ കൂടുതൽ നീളത്തിൽ ചാടിച്ചില്ല. ശ്രീശാന്തിനെക്കൊണ്ട്‌ ഇക്കുറി ഡാൻസും ചെയ്യിച്ചില്ല. നമ്മുടെ പൈതൃകം, ചരിത്രം, സംസ്‌കാരം എന്നുവേണ്ട എല്ലാം ക്രിക്കറ്റ്‌ ഭ്രാന്തിനു മുന്നിൽ റദ്ദു ചെയ്ത അഭിനവ സൂരിനമ്പൂരിപ്രാന്തതന്മാരുടെ നാട്ടിൽ, അതല്ലെങ്കിൽ എന്താകുമായിരുന്നു കഥ! ചാടിക്കുന്ന ദൈവങ്ങളും ഓടിക്കുന്ന ദൈവങ്ങളും ക്ലീൻബൗൾഡാക്കുന്ന ദൈവങ്ങളും കൂടി നാളെ ഇവിടെ പുത്തരിയങ്കം കുറിക്കുമെങ്കിൽ വേൾഡ്‌ കപ്പുകളും ഒളിമ്പിക്സ്‌ സ്വർണ്ണവും ഇൻഡ്യക്കുതന്നെ

വാല്‌ ഃ തിരുവനന്തപുരത്തെ തിരക്കേറിയ ഒരു സർക്കാരാഫീസ്‌. ഉച്ചയോടടുത്ത നേരം. അകത്ത്‌ പൊരിഞ്ഞ യുദ്ധമാണ്‌. തലേന്ന്‌ ബംഗ്ലാദേശിനോട്‌ ഏറ്റുമുട്ടി ദയനീയമായി ചത്ത ഇൻഡ്യൻ ടീമിനെച്ചൊല്ലിയാണ്‌ യുദ്ധം. കുന്നുകൂടിക്കിടക്കുന്ന ഫയലുകളും, കാര്യസാധ്യത്തിനെത്തി കാത്തുകെട്ടിനിൽക്കുന്ന സാദാപ്രജകളും കാഴ്‌ചക്കാർ. അടിയുടെ വക്കോളം വന്നതാണ്‌. അപ്പോഴേക്കും മണി ഒന്നടിച്ചു. അത്ഭുതമെന്നുപറയട്ടെ, പടയാളികൾ മുമ്പത്തേതിലും ഇരട്ടിവീറോടെ കാന്റീനിലേക്ക്‌ പായുന്ന കാഴ്‌ചയാണ്‌ പിന്നെ കണ്ടത്‌.

Generated from archived content: edit1_may15_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here