മുഖ്യമന്ത്രീ; ഞങ്ങൾ ലജ്ജിക്കുന്നു

മൂന്നാറിലെ ഇടിച്ചുനിരത്തലിന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സാറാജോസഫ്‌, പി. വത്സല, കെ. അജിത, സി.ആർ നീലകണ്‌ഠൻ എന്നിവരൊക്കെയടങ്ങുന്ന സാംസ്‌കാരിക പ്രവർത്തകർ ഒത്തുകൂടിയപ്പോൾ ആഹ്ലാദപൂർവ്വം ഈ കൊച്ചുപത്രാധിപരും പോയി ഒപ്പംചേരാൻ; അച്യുതാനന്ദന്റെ കൈകൾക്ക്‌ ശക്തിപകരാൻ. ഇപ്പോൾ അതോർത്ത്‌ ലജ്ജതോന്നുന്നു; നിരാശയും അമർഷവുമുള്ളവർ ഇനിയുമുണ്ട്‌.

മുഖ്യമന്ത്രിക്ക്‌ ഇതെന്തുപറ്റി? പ്രതിപക്ഷനേതാവായിരുന്നാലേ അദ്ദേഹം ശോഭിക്കൂ എന്നുണ്ടോ? വലിയ ഉത്തരവാദിത്വമില്ലല്ലോ, ബഹളമുണ്ടാക്കി നടന്നാൽ മതിയല്ലോ!

പാവം സുരേഷ്‌കുമാറിനോടും രാജുനാരായണസ്വാമിയോടും ഇത്രയും ക്രൂരത വേണമായിരുന്നോ? അവരെ തലയിലേറ്റി കൊണ്ടുനടന്ന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകിയിട്ട്‌ ഇപ്പോ ശക്തിപോരാന്നു പറഞ്ഞ്‌ താഴെയെടുത്തെറിഞ്ഞിരിക്കുന്നു മുഖ്യമന്ത്രി. സുരേഷ്‌ കോടതി കയറിയിറങ്ങി മാപ്പിരക്കുന്നു. സ്വാമി അന്തമില്ലാതെ ജില്ലകൾ മാറുന്നു. പാവം ഋഷിരാജ്‌സിംഗ്‌ എവിടെപ്പോയോ, എന്തോ!

ഇവിടെ നന്മ വിളയുമെന്ന മോഹം മനുഷ്യമനസ്സുകളിൽ കരിഞ്ഞുവീഴുന്നു. സമൂഹത്തെ ഒന്നടങ്കം പല്ലിളിച്ച്‌ കോക്രികാട്ടുന്ന, നാണവും മാനവുമില്ലാത്ത രാഷ്ര്ടീയ തമ്പ്രാക്കൾ അനുദിനം ഈ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ജോസഫിനെപ്പോലെ, കുരുവിളയെപ്പോലെ പെണ്ണും മണ്ണും പണവുമാണ്‌ ആധുനിക രാഷ്ര്ടീയ പ്രവർത്തനത്തിന്‌ ഉത്തേജകമരുന്നെന്ന്‌ വിശ്വസിക്കുന്ന രാഷ്ര്ടീയ കപടചാരികളെ ജനം തിരിച്ചറിഞ്ഞ്‌ പിടിച്ചുകെട്ടി ചന്തിക്ക്‌ പടപടേന്ന്‌ അടികൊടുക്കേണ്ടുന്ന കാലമാണിത്‌!

Generated from archived content: edit1_dec11_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here