ലാവ്‌ലിൻ വെളിച്ചത്തിൽ

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നിന്‌ കേരളം സാക്ഷിയാകുന്നു. വലതുപക്ഷത്തെ വെള്ളാനകളല്ല ഈ അഴിമതിക്കഥയിലെ പ്രധാനതാരങ്ങൾ എന്നതും ശ്രദ്ധേയം. ലാവ്‌ലിൻ എന്നെഴുതി വലതുവശത്തൊരു ഡാഷ്‌ വരച്ചാൽ ഇപ്പോൾ നമ്മുടെ എൽ.പി. പിള്ളേർ പൂരിപ്പിച്ചേക്കും ‘പിണറായി’ എന്ന്‌. പള്ളിവാസൽ ചെങ്കുളം പന്നിയാർ റിനൊവേഷൻ ആന്റ്‌ മോഡേണൈസേഷൻ എന്ന പദ്ധതിയുടെ മറവിൽ ഒന്നും രണ്ടുമല്ല, 375 കോടി രൂപയുടെ തിരിമറി സംശയിക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ ഭെൽ കേവലം 100കോടി രൂപയ്‌ക്ക്‌ പൂർത്തീകരിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്ത പണികൾ ബാലാനന്ദൻ കമ്മിറ്റിയുടെ ശുപാർശകളേയും കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശങ്ങളേയും ധനകാര്യ സെക്രട്ടറിയുടെ എതിർപ്പുകളേയും മറികടന്ന്‌ ഒരു വിദേശകമ്പനിയെ ഏല്പിക്കാൻ 96ലെ നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയൻ അത്യുത്സാഹം കാട്ടി. ധനകാര്യ സെക്രട്ടറിയുടെ യുക്തിഭദ്രമായ വിയോജിപ്പുകൾക്ക്‌ മറുപടിയായ ‘തലയ്‌ക്ക്‌ കാര്യമായ തകരാറുള്ളതിനാൽ അടിയന്തിരമായി തല പരിശോധിക്കണം’ എന്ന്‌ പിണറായി ഫയലിൽ എഴുതിചേർത്തു!

ഇപ്പോൾ സി ബി ഐ പരിശോധിക്കാനൊരുങ്ങുകയാണ്‌ തകരാറെവിടെയെന്ന്‌. 103 കോടിയുടെ നിർദ്ദിഷ്ട മലബാർ കാൻസർ സെന്ററിലെ ചികിത്സ തേടിയേക്കാവുന്ന മൂന്നു സംസ്ഥാനങ്ങളിലെ കാൻസർ രോഗികളെ മറയാക്കി നടത്തിയ രാജ്യാന്തര അഴിമതി നാടകത്തിന്റെ സൂത്രധാരനാരെന്ന്‌. എ.കെ. ബാലൻ പറയുന്നു ‘ഒരു പുല്ലും കണ്ടുപിടിക്കാനി’ല്ലെന്ന്‌. വികസന പ്രവർത്തനങ്ങളൊന്നും ശരിയായി നടപ്പാക്കാത്ത ഒരു സംസ്ഥാനമായി കേരളം എന്നേ ലെബൽ ചെയ്യപ്പെട്ടതാണ്‌.

സർവ്വതും രാഷ്‌ട്രീയമയമാണിവിടെ. കാളപെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന രാഷ്‌ട്രീയപാലകർ, വർഷത്തിൽ ഏറ്റവുമേറെ ഹർത്താലുകൾ, ഏറ്റവും വലിയ മദ്യോപഭോക്തക്കൾ, ഏറ്റവും തന്ത്രശാലികളായ പാരപണിക്കാർ, ഉളുപ്പുതീണ്ടാത്ത പെൺപിടിയൻമാർ – വർഗീയതയുടെ പുഴുക്കൾ വളരാൻ ഇപ്പറഞ്ഞതെല്ലാം ‘പോ എഡിബീ, വാ എഡിബീ’ എന്നെല്ലാം വിളിക്കുന്നത്‌ ഒരേ കൂട്ടർ തന്നെ. അരങ്ങിൽ ഇടതുവലതു നാടകം അവിരാമം തുടരുമ്പോഴും ഇവിടെ ജനം എരിപൊരി സഞ്ചാരത്തിലാണ്‌. ആകെയൊരു ജനകീയാശ്വാസം ഹർത്താൽ മാത്രം. അത്‌ സർക്കാർ നേരിട്ടും നടത്തിത്തരുന്നുണ്ടല്ലോ!

Generated from archived content: edit1_apr2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here