അറുപത് കഴിഞ്ഞ ഹാജിയാരുടെ ചുമന്നമോണയിൽ നോക്കി ഡോക്ടർ ചന്ദ്രനാഥ് അത്ഭുതം കൂറി. പിഴുതെറിഞ്ഞ പല്ലിന്റെ സ്ഥാനത്ത് പുതിയൊരു പല്ല് മുളച്ചിരിക്കുന്നു! ഇതുവരെയുള്ള വൈദ്യശാസ്ര്തത്തിന്റെ അടിവേരു പിഴുതെറിഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെട്ട കോമ്പല്ല് ഡോക്ടറുടെ രാപകലുകളെ കാർന്നുതിന്നാൻ തുടങ്ങി. അപ്പോളാണ് വിചിത്രമായ മറ്റൊരു സത്യം കണ്ട് ഡോക്ടർ പകച്ചത്. ഇന്നലെ വന്ന ക്ഷമാനന്ദസ്വാമികളിലും ഇന്ന് വന്ന ഫാദർ വർഗീസ് വാകത്തറയിലും കോമ്പല്ലുകൾ പിഴുതിടങ്ങളിൽ വക്രിച്ചുപൊന്തിയിരിക്കുന്നു. തുടർന്ന് വന്ന എല്ലാ രോഗികളിലും സംഭവം ആവർത്തിച്ച് കാണുന്നു. ചന്ദ്രനാഥിന്റെ ഗവേഷണം ത്വരിതഗതിയിലിറങ്ങി അമ്പരിപ്പിക്കുന്ന ആ സത്യത്തെ പുറത്തെടുത്തു കൊടിലിൽ കുത്തിനിർത്തി. എല്ലാം ഒരേയിനം പല്ലുകൾ. വിഷപ്പല്ലുകൾ! അവയത്രയും പിഴുതെറിയാൻ ഡോക്ടർ തീരുമാനിച്ച പകലറുതിയിൽ അവ ഒറ്റക്കെട്ടായി കൺസൾട്ടിങ്ങ് റൂമിലേയ്‌ക്ക് ഇരച്ചുകയറുകയും ഡോക്ടറെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും ചെയ്തു. പല്ലുകളുടെ വളർച്ച പൂർവ്വാധികം വർദ്ധിക്കുകയും മുറ്റം കടന്ന് നാടാകെ അതിശീഘ്രം പടരുകയും ചെയ്യുന്നതുകണ്ട് ആ കണ്ണിൽ നിസ്സഹായത നിഴലിട്ടു. അപ്പോൾ ഭൂമിയുടെ നെഞ്ചകത്തുനിന്നും ക്ഷമയുടെ കുടംപൊട്ടുന്ന ശബ്ദം മുഴങ്ങി. വന്യമായ പ്രതികാരത്തോടെ കടലേഴും മുഴക്കം ഏറ്റുവാങ്ങി ഇളകിമറിയാൻ തുടങ്ങി. അതുകണ്ട് ഉഗ്രസർപ്പങ്ങൾ ഞൊടിയിട കിടുങ്ങിവിറച്ചു.
Generated from archived content: story4_agu31_07.html Author: dr_saraswathisarma
Click this button or press Ctrl+G to toggle between Malayalam and English