തഴപ്പായിലൊരു ഉറക്കം

മൗസ്‌ കൈപ്പത്തിയ്‌ക്കുളളിൽ കയറുന്നതോടെ രാമാനുജന്റെ ദിവസം ആരംഭിക്കുന്നു. പിന്നെ കീബോർഡ്‌, മോണിറ്റർ, ഫ്‌ളോപ്പി, സി.ഡി ഇവയുടെ കൊടുംകാടുകൾക്കിടയിലൂടെ സൈബർ സ്‌പേയ്‌സിന്റെ അനന്തസാദ്ധ്യതയിലേക്കുളള പ്രയാണം തുടരും. അന്വേഷണങ്ങൾക്കിടയിൽ ഭൂമിയിൽ ഇരുൾ വീഴുന്നതാകട്ടെ അയാൾ അറിയുകയേ ഇല്ല. പാതിരാവിലും ഉറക്കം അയാളെയും കാത്ത്‌ പത്തടി അകലെ മാറിനില്‌ക്കും.

ഊർമ്മിളയുടെ കണ്ണുകൾ പലവട്ടം രാമാനുജന്റെ മുറിയുടെ നടകേറി മടുപ്പോടെ മടങ്ങിവരും. നേരം പുലരവെ അവളുടെ കാമനകൾ കാമത്തിന്റെ കലിതുപ്പി ഒരു ഇഴജന്തുവെപ്പോലെ അകംവിട്ട്‌ പുറത്തുപോകും.

അവൾക്കു പകരം ഗർഭം ധരിച്ചത്‌ അവളുടെ മൗനത്തിന്‌ ആയിരുന്നു. തൊട്ടുതലോടി വേദനയകറ്റാൻ യശോദാമ്മ തന്നെ ശരണം. അമ്മ നാട്ടിൽനിന്നും കൂട്ടിനായി അയച്ചുതന്ന മദ്ധ്യവയസ്‌ക. മഞ്ഞിന്റെ പെരുംതണുപ്പിൽ ഒരു രാത്രി ഊർമ്മിളയുടെ ഭാരിച്ച ചിന്തകളുടെ തണ്ണീർക്കുടം പൊട്ടി യശോദാമ്മയുടെ തഴപ്പായിൽ വീണു. രാത്രിയുടെ യാമങ്ങളെ അവർ രണ്ടായി പകുത്തെടുത്തു.

പിറ്റേന്ന്‌ പ്രഭാതത്തിൽ പതിവ്‌ ചായയ്‌ക്കായി രാമാനുജൻ നീട്ടിയ വിരൽതുമ്പിനെ ശൂന്യത നക്കി. സാവധാനം കമ്പ്യൂട്ടറുമായുളള ബന്ധം വിടർത്തി അയാൾ കിടക്കമുറി പിന്നിട്ട്‌ ചായ്‌പിലേക്ക്‌ എത്തിനോക്കി. തറയിൽ തഴപ്പായിൽ യശോദാമ്മയും ഊർമ്മിളയും പരസ്‌പരം പുണർന്ന്‌ ഉറങ്ങുന്നു. ഊർന്നുവീണ ചിരി സഹതാപത്തിന്‌ വഴിമാറി. പക്ഷെ പൊടുന്നനെ അവരുടെ അരികിൽ അണഞ്ഞ രാമാനുജന്റെ തൊണ്ട വരണ്ടു! കണ്ണീരിന്റെ കുതിർമഴ നെഞ്ചിലേറ്റിയ തലയണ; മക്കളില്ലാത്ത യശോദാമ്മയ്‌ക്ക്‌ ഒരു മകളെ കിട്ടിയപോലെ ഊർമ്മിളയെ നെഞ്ചോട്‌ ചേർത്തിരിക്കുന്നു!

ഒരു നീണ്ട ഉറക്കത്തിലേക്കുളള യാത്രയിലായിരുന്നു അവർ ഇരുവരും.

ഭയാനകമായ മൗനത്തി​‍െൻ വന്യതയിലേക്ക്‌ രാമാനുജൻ കുഴഞ്ഞുവീഴുമ്പോൾ മച്ചകത്തുനിന്നും ഒരു ചുണ്ടെലി പരിഹാസച്ചിരിയോടെ പുറത്തേയ്‌ക്കോടി.

Generated from archived content: story1_june.html Author: dr_saraswathisarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here