‘മത്സ്യകൂർമ്മ വരാഹശ്ച
നരസിംഹാശ്ച വാമനഃ
രാമോ രാമ രാമശ്ച
കൃഷ്‌ണാ കൽക്കി ജനാർദ്ദനഃ’
അതായത് ആമ, പന്നി, മത്സ്യം, നരസിംഹം, വാമനൻ, പരശുരാമൻ, ബലരാമൻ, ശ്രീരാമൻ, ശ്രീകൃഷ്‌ണൻ, കൽക്കി എന്നാണല്ലോ മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ, ദശാവതാരങ്ങളിൽ ആറാമനായ പരശുരാമൻ ഉണ്ടാക്കിയ കേരളമെങ്ങനെ അഞ്ചാം അവതാരമായ വാമനന്റെ കാലത്ത് മഹാബലി ഭരിക്കും?
ഇത്തരമൊരു ചോദ്യത്തിൽനിന്നും ഉയർന്നുവരുന്ന മറുചോദ്യങ്ങളുമേറെ- ബലരാമനും, ശ്രീകൃഷ്‌ണനും സഹോദരന്മാരായി ഒരേ കാലത്ത് ജീവിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും പരശുരാമനും വാമനനും ഒരേകാലത്ത് ജീവിച്ചിരുന്നതായി എങ്ങും വായിച്ചറിഞ്ഞിട്ടില്ല.
കസവുമുണ്ടും നേര്യതും സെറ്റുസാരിയുമൊക്കെയിന്ന് മലയാളത്തനിമ പേറുന്ന വസ്‌ത്രങ്ങളായി വിപണി കീഴടക്കിക്കഴിഞ്ഞു. (ആഗസ്‌റ്റ് 15നും ചിങ്ങം ഒന്നിനും മാത്രം അണിയാനുളള വസ്‌ത്രമായി പുതുതലമുറ അതിനെ കരുതുന്നുണ്ടെങ്കിലും….)
എന്നാൽ നമ്മുടെ ഒരു തലമുറയ്‌ക്കുമുൻപുപോലും മാറുമറയ്‌ക്കാനുളള അവകാശം മലയാളിക്ക്&സ്‌ത്രീകൾക്ക് ഇല്ലായിരുന്നുവെന്നതല്ലേ സത്യം. തോർത്തുമാത്രം അരപ്പട്ടയാക്കിയ ആ തൊട്ടു മുൻകാല തലമുറയ്‌ക്കും മുൻപുളള മാവേലിനാട്ടിലെങ്ങനെ കസവുമുണ്ടും നേര്യതുമൊക്കെ മലയാളി ഓണപ്പുടവയായി ധരിച്ചിരിക്കും?
രാക്ഷസരാജാവായ മഹാബലിയെ വിഷ്‌ണുവിന്റെ അഞ്ചാം അവതാരമായ വാമനൻ 3 അടി മണ്ണിനായി ചവിട്ടിത്താഴ്‌ത്തി&കാലപുരിയ്‌ക്കയച്ചുവെന്നു പറയുമ്പോൾ, നമ്മുടെ മുൻതലമുറ മുഴുവൻ അസുരജന്മമായിരുന്നുവോ? അങ്ങനെയെങ്കിൽ നാമിന്ന് നാട്ടിൽ ദേവഗണങ്ങളെ പൂവിട്ടു പൂജിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുവാന കഴിയും?
ഇന്ന് ഓണക്കാലമെന്നാൽ ഡിസ്‌കൗണ്ട് കാലം മാത്രം. എല്ലായിടത്തും, ചിലവാകാതെ കിടക്കുന്നത് പുതിയ പരസ്യതന്ത്രങ്ങളുടെ അകമ്പടിയോടെ മലയാളിയുടെ തലയിൽ കെട്ടിവെയ്‌ക്കാവുന്ന കാലം.
മാവേലി എന്തു നല്ല ‘സെയിൽസ് പ്രമോട്ടർ.’ അതിനായി ബോണസും മറ്റു സാമ്പത്തികാനുകൂല്യങ്ങളും നൽകുമ്പോൾ പുതിയ വാമനന്മാർ ഉടലെടുക്കുകയല്ലേ? ഇനിയെന്നാണാവോ ഒരു പരശുരാമൻകൂടി പിറവിയെടുക്കുന്നത്?
Generated from archived content: sept_essay8.html Author: dr_santhosh_mohan