ആഘോഷങ്ങൾ – അഴിഞ്ഞാട്ടമാവുമ്പോൾ

മലയാളി ആഘോഷങ്ങളെ കയറൂരിവിടുകയാണോ?

പാശ്ചാത്യസംസ്‌കാരം തലയിൽ കയറിയ മലയാളിയും പുതുവർഷമേളങ്ങളിൽ ലഹരിയുടെ താളങ്ങളിൽ മയക്കം തേടുന്നു. ആഘോഷമെന്നാൽ ‘മദ്യവും ചിക്കനും’ എന്ന നിലയിലേക്ക്‌ മലയാളി ‘തരം’ താണിരിക്കുന്നു. വഴിവക്കിലെ ബിവറേജസ്‌ കോർപ്പറേഷൻ സ്‌റ്റാളിനുമുൻപിലെ ക്യൂവിന്റെ നീളംകണ്ട്‌ പിറ്റേന്നത്തെ ആഘോഷത്തിന്റെ മികവുതേടുന്ന കാലം സമാഗതമായിരിക്കുന്നു. ബന്ദ്‌ മാറി ഹർത്താൽ ആയപ്പോഴും തലേന്ന്‌ ബിവറേജസുകാരന്‌ തിരക്കൊഴിഞ്ഞ നേരമില്ല എന്നായി മാറിയിരിക്കുന്നു.

മലയാളി കുടിച്ചു മൂത്രമൊഴിച്ചുകളയുന്ന മദ്യത്തിന്റെ കണക്ക്‌ ലോകറിക്കാർഡിലേക്ക്‌ കടക്കുകയാണെന്നു തോന്നുന്നു. മദ്യഉപഭോഗത്തിൽ പഞ്ചാബിനെ കടത്തിവെട്ടി കേരളം ഒന്നാം സ്ഥാനത്തെത്തിയതോടെ ആത്മഹത്യക്കും കുറ്റകൃത്യങ്ങൾക്കും നാം നേടിയെടുത്ത ഒന്നാം സ്ഥാനത്തോടൊപ്പം ഒന്നുകൂടെയായി.

കഴിഞ്ഞ ഓണത്തിന്‌ ബിവറേജസ്‌ കോർപ്പറേഷൻ കടകളിൽ മാത്രം വിറ്റത്‌ 62 കോടിയുടെ മദ്യമായിരുന്നുവെങ്കിൽ ഈ ക്രിസ്‌തുമസിന്‌ വിറ്റുവരവ്‌ 85 കോടിയുടേതായി. പുതുവർഷത്തലേന്നുളള കണക്ക്‌ അതിനും മീതെയായി. ഇവകൂടാതെ ബാറുകൾ, കളളുഷാപ്പുകൾ, മിലിട്ടറി ക്യാന്റീനുകൾ, കണക്കിൽപെടാത്ത വ്യാജമദ്യം ഇവയൊക്കെയാവുമ്പോൾ കണക്കുകൾ ഭീമമാവുകയാണ്‌.

കേരളത്തിൽ അരി വാങ്ങുന്നതിലേറെ കോടികൾ മദ്യ ഉപഭോഗത്തിനായി ചെലവഴിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. അതായത്‌ കേരളത്തിലെ കുടുംബങ്ങൾ ഭക്ഷ്യധാന്യങ്ങൾക്കായി വരുമാനത്തിന്റെ 12% തുക ചെലവഴിക്കുമ്പോൾ 16% ആണ്‌ മദ്യ ഉപഭോഗത്തിനായി മാറ്റിവയ്‌ക്കുന്നത്‌. ആഘോഷമാവാം-എന്നാൽ കൂട്ടമായി, കുടുംബമൊന്നായി മദ്യപിക്കുന്നത്‌ അന്തസായി കാണുന്ന ഒരു തലമുറയിവിടെ ഉടലെടുക്കുന്നത്‌ ജീവിതസൗഭാഗ്യങ്ങളുടെ ഉന്നതിയല്ല, പിറകോട്ടുപോക്കാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു പുതുവർഷം-എന്ന്‌ സാധാരണയിൽ കവിഞ്ഞ യാതൊരു പ്രത്യേകതയും കല്‌പിക്കേണ്ടതുണ്ടോ? ഇനിയും പുതുവർഷങ്ങൾ പിറക്കും. അതിന്‌ ഇന്നലത്തേതിനേക്കാൾ മികവോ, മാറ്റമോ പറയാൻ കഴിയുമോ? ദുഃഖം വന്നാലും, സന്തോഷം വന്നാലും- അച്‌ഛൻ മരിച്ചാലും, ഉണ്ണി പിറന്നാലും മദ്യപിക്കുന്നതിനൊരു കാരണം കിട്ടാനാണോ വിഷമം? മധ്യകേരളമാണ്‌ മദ്യ ഉപഭോഗത്തിൽ മുന്നിൽ നില്‌ക്കുന്നത്‌. പ്രത്യേകിച്ചും ചാലക്കുടി മേഖല. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ആഘോഷങ്ങളിലൊന്നിലും ചാലക്കുടിയെ പിന്നിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നു പറയുമ്പോൾ, ധ്യാനകേന്ദ്രങ്ങളുടെ നാട്‌ മദ്യകേരളത്തിന്റെ തലസ്ഥാനമാവുകയാണോ?

Generated from archived content: essay1_july5_08.html Author: dr_santhosh_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here