വാനരവംശം

ആകാശത്ത്‌ വെളിച്ചത്തിന്റെ താമര വിടർന്നു. ഓരോ ഇതളിൽനിന്നും പ്രകാശത്തിന്റെ പൂമ്പൊടി പറന്നു.

ദേവദത്തൻ അപ്പോൾ കാമായനിയുടെ മടിയിൽ തലചായ്‌ച്ചു കിടക്കുകയായിരുന്നല്ലോ. ദേവദത്തൻ എഴുന്നേറ്റിരുന്നു. കാമായനി മെല്ലെ ചോദിച്ചുഃ

“എന്താണ്‌ ദേവദത്തൻ ഞെട്ടിയുണർന്നത്‌?”

“ഞാൻ ഒരു സ്വപ്‌നം കാണുകയായിരുന്നു.”

“എന്തു സ്വപ്‌നം?”

“ഞാൻ എന്തുതെറ്റാണ്‌ കാമായനി ചെയ്‌തത്‌. പഠിക്കാൻ പറഞ്ഞതൊക്കെ ഞാൻ പഠിച്ചില്ലേ? പാടാൻ പറഞ്ഞപ്പോഴൊക്കെ പാടിയില്ലേ? ഞാൻ വാക്കായും പാട്ടായും നിന്റെ മുന്നിൽ പെയ്‌തൊഴുകിയില്ലേ?”

കാമായനിയുടെ കണ്ണുകളിൽ അമ്പരപ്പിന്റെ കടൽ നിറഞ്ഞുതുളുമ്പി. ദേവദത്തൻ എന്തൊക്കെയാണ്‌ പറയുന്നത്‌? ഇവനിതെന്തുപറ്റി?

മഠത്തിന്റെ പുറംചുവരുകൾക്കുളളിൽ പ്രകാശത്തിന്റെ ഇലകൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. മതിലിനുമേലെ ആകാശത്തിന്റെ ചില്ലകൾ.

ദേവദത്തൻ പോകാനായി എഴുന്നേറ്റു. കാമായനി ചോദിച്ചു.

“നീ പാൽ കുടിച്ചില്ലല്ലോ കുഞ്ഞേ!”

കാമായനിയുടെ മുലപ്പാൽ മഴയായി പെയ്യുന്നത്‌ ദേവദത്തൻ അറിഞ്ഞു. അവൻ വീണ്ടും ഒരു ശിശുവായി. അവന്റെമേൽ പാൽമഴ പെയ്‌തിറങ്ങി. ദേവദത്തൻ ഒരിക്കൽകൂടി ആകാശത്തേക്കു നോക്കി.

എന്തിനാണ്‌ പിന്നെയും മരത്തിന്റെ ചില്ലകളിൽ കയറിക്കൂടാൻ ആഗ്രഹിക്കുന്നതെന്ന്‌ അവൻ അമ്പരന്നു. അവന്‌ സ്വയം അവജ്ഞ തോന്നി. അവന്റെ പുച്ഛം ആകാശത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്നു.

Generated from archived content: story1_nov25_05.html Author: dr_rajanperunna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here