കഴുതയും കാരറ്റും

ഒരു ജനസംഘാതം പങ്കുവയ്‌ക്കുന്ന ചിന്തകളുടെ ആകെത്തുകയാണ്‌ അതിന്റെ സംസ്‌കാരം. പരമ്പരീണമായ ഊർജ്ജത്തിൽനിന്ന്‌ ഉയിർക്കൊളളുന്നതാവാം ചിന്തകൾ. അല്ലെങ്കിൽ ഇതരസംസ്‌കാരങ്ങളുടെ സമ്പർക്കത്തിലൂടെ സംക്രമിക്കുന്നതുമാകാം. അതൊരു മസൃണസ്‌പർശനമാകാം. ത്രസിപ്പിക്കുന്ന വിദ്യുല്ലതയാകാം. എങ്ങനെയായാലും ഒരു നിശ്ചിത ഭൂവിഭാഗത്തിൽ അത്‌ വേരുകളാഴ്‌ത്തുകയും മെല്ലെ മെല്ലെ ജനതയുടെ മൊത്തം ചിന്താശീലത്തെ വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ നമ്മുടെ ചിന്ത, കുറഞ്ഞ സമയംകൊണ്ട്‌ കൂടുതൽ പണമുണ്ടാക്കുന്നതെങ്ങനെയാണെന്നാണ്‌. മോഡികെയറും ആംവേയും പോലുളള നെറ്റ്‌വർക്ക്‌ മാർക്കറ്റിംഗ്‌ കമ്പനികളും ഓൺലൈൻ ലോട്ടറികളും ടെലിവിഷൻ സീരിയലുകളും ഗുണ്ടാപ്പിരിവുകളുമൊക്കെ അതുകൊണ്ടാണ്‌ നമ്മുടെ ഇന്നത്തെ സംസ്‌കാരമായി മാറിയിരിക്കുന്നത്‌. പാർലമെന്റ്‌ സീറ്റും നമ്മെ വിഭ്രമിപ്പിക്കുന്നുണ്ടിപ്പോൾ. ബിസിനസിന്റെ അയുക്തികമായ ഒരു മേലാപ്പ്‌ നമ്മുടെ സംസ്‌കാരത്തനിമയുടെ പുറത്തു വന്നുവീണിരിക്കുന്നു. ബിസിനസ്‌ പണമുണ്ടാക്കുന്ന ഏർപ്പാടാണെന്ന്‌ ആർക്കാണറിഞ്ഞുകൂടാത്തത്‌? ഈ നാടിനെത്തന്നെ കച്ചവടച്ചരക്കാക്കിയതിന്റെ ഉദാഹരണമാണല്ലോ ‘ദൈവത്തിന്റെ സ്വന്തം നാട്‌’ എന്ന പരസ്യമുദ്രാവാക്യം. ദൈവങ്ങളും ദൈവത്തിന്റെ പ്രതിപുരുഷന്മാരും ബിസിനസ്‌ വിഭവങ്ങളായിട്ട്‌ ഏറെ നാളുകളായില്ല.

യഥാർത്ഥത്തിൽ പശ്ചിമഘട്ടത്തിനിപ്പുറത്ത്‌ ജീവിച്ചുപോന്നത്‌ ഒരു ‘പാവം’ ജനസംഘാതമായിരുന്നു. വലിയ മോഹങ്ങളില്ലാത്ത ചെറിയ ജനത. നമ്മുടെ ദേശത്തിന്റെ ഭൂവിസ്‌തൃതിയും ജനസംഖ്യയും കുറവായിരുന്നതുപോലെ മലയാളിയുടെ ആഗ്രഹങ്ങളും നന്നേ ചെറുതായിരുന്നു. സർക്കാർ സർവ്വീസിൽ ഒരു ജോലി, തിരക്കില്ലാത്ത ഏതെങ്കിലുമൊരു മൂലയിൽ ഒരു കൊച്ചുവീട്‌, തീവ്രസൗന്ദര്യമില്ലാത്ത ഭാര്യയോ ഭർത്താവോ….ഇത്രയൊക്കെയേ നമ്മുടെ ആണിനും പെണ്ണിനും ആഗ്രഹങ്ങളായി ഉണ്ടായിരുന്നുളളു.

തൊണ്ണൂറുകളുടെ തുടക്കംവരെ ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ചിന്തകൾ. സ്വതേ ഒരു വിവൃതസംസ്‌കാരമായതിനാൽ ആർക്കും കയറിയിരുന്നു നിരങ്ങാവുന്നവയാണ്‌ മലയാളിയുടെ ചുമൽ. തൊണ്ണൂറുകളുടെ ആരംഭത്തിൽ നാം വീണ്ടും നമ്മുടെ ചുമൽ കാട്ടിക്കൊടുത്തു. ബിസിനസിന്റെ ഭാരമേറിയ വിഴുപ്പുമായി വിദേശീയൻ ആ ചുമലിൽ കയറി. അവിടെയിരുന്ന്‌ നീളമുളള ഒരു കമ്പ്‌ നമ്മുടെ മുന്നിലേക്കു നീട്ടിപ്പിടിച്ചു. കമ്പിനറ്റത്തു കെട്ടിത്തൂക്കിയ കാരറ്റ്‌ നമ്മെ സദാ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

നാം നടക്കുകയാണ്‌; നീട്ടിപ്പിടിച്ച കമ്പിനറ്റത്തു തൂക്കിയ കാരറ്റ്‌ തിന്നാൻ കഴുത്തു നീട്ടുന്ന കഴുതയായി.

Generated from archived content: essay2_may.html Author: dr_rajanperunna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here