വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്‌കരണം

നമ്മുടെ ഭരണഘടനയുടെ സത്തയ്‌ക്കു വിരുദ്ധമായ നൂതന സാമ്പത്തികനയം, 1990കളിൽ കേന്ദ്രസർക്കാർ സ്വീകരിച്ചതോടെ എല്ലാ മേഖലകളിലേക്കും സ്വകാര്യവത്‌കരണം വ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, ബാങ്കിംഗ്‌, തപാൽ, ടെലിഫോൺഷ തുടങ്ങി എല്ലാ മേഖലകളിലും ഇത്‌ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യവത്‌കരിക്കുന്നതോടെ സാധാരണക്കാരുടെ നിലനില്‌പുതന്നെ അപകടത്തിലാകും. സമ്പൂർണ്ണ സാക്ഷരത നേടിയ കേരളം നിരക്ഷരതയിലേക്ക്‌ തിരിച്ചുപോകുന്ന സ്ഥിതിയിലാണ്‌. ഇടതുകക്ഷികൾപോലും തങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ എതിരല്ലെന്ന്‌ പറഞ്ഞുകഴിഞ്ഞു. പിന്നെ വലതുപക്ഷമാണോ ഇതിനെ എതിർക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടത്‌?. സോഷ്യലിസം എന്ന ഭരണഘടനാലക്ഷ്യം സ്വപ്‌നം കാണാൻ കൂടിയുളള സാഹചര്യം നഷ്‌ടമാകുന്നു.

വിദ്യാഭ്യാസത്തിനെറ സ്വകാര്യവത്‌കരണം വളരെ ദൂരവ്യാപകവും, തിരിച്ചുപോക്കിനു സാദ്ധ്യതയില്ലാത്തതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്‌. ഒരു രാഷ്‌ട്രത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നത്‌ അവിടുത്തെ വിദ്യാഭ്യാസമാണ്‌. സർക്കാർനയവും അതു നടപ്പാക്കുന്ന ഏജൻസിയുമാണ്‌ ഗുണനിലവാരം നിശ്ചയിക്കുന്നത്‌. ജനങ്ങളുടെ മൂല്യബോധവും സോഷ്യലിസ്‌റ്റ്‌ മനോഭാവവും ഇക്കാര്യത്തിൽ വളരെ പ്രസക്തമാണ്‌. ബ്രിട്ടീഷുകാർ അവരുടെ ഭരണം നിലനിർത്താനാവശ്യമായ വിദ്യാഭ്യാസം നടപ്പാക്കി. എന്നാൽ സ്വാതന്ത്ര്യാനന്തര സർക്കാർ നമ്മുടെ ലക്ഷ്യപ്രാപ്‌തിക്ക്‌ അനുഗുണമായ വിദ്യാഭ്യാസം നടപ്പാക്കിയില്ല. ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക്‌ അതിനുവേണ്ട പരിശീലനം നൽകിയില്ല. അതിനാൽ അവരിൽനിന്ന്‌ വേണ്ട സേവനവും ലഭിക്കുന്നില്ല. ശാരീരികമായി ഭാരതീയരും മാനസികമായി വിദേശികളുമായ ഉദ്യോഗസ്ഥവൃന്ദം സൃഷ്‌ടിക്കപ്പെട്ടു. അവർ ദരിദ്രരോട്‌ അനുകമ്പയോ, അവരുടെ ഉന്നതിക്കുവേണ്ട പദ്ധതികൾ നടപ്പാക്കാനുളള താത്‌പര്യമോ ഇല്ലാത്തവരാണ്‌. അതുകൊണ്ടാണല്ലോ അമ്പതുവർഷം ഭരിച്ചിട്ടും ഭരണഘടന ഉറപ്പുതന്ന, 14 വയസ്സുവരെയുളളവരുടെ സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നടപ്പാക്കാൻ സാധിക്കാത്തത്‌. ഇതു സംബന്ധിച്ച്‌ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്‌ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളുടെ 16% മാത്രമേ ഗുണഭോക്താക്കളിൽ എത്തുന്നുളളുവെന്നാണ്‌.

സ്വകാര്യവത്‌കരണം, വിദ്യാഭ്യാസം ചെലവേറിയതും സമ്പന്നർക്കുമാത്രം നേടാവുന്നതുമാക്കുന്നു. വലിയ തുകമുടക്കി അതു നേടുന്നവർക്ക്‌ സാമൂഹ്യപ്രതിബദ്ധത ഉണ്ടാകുന്നില്ല. മുടക്കിയ പണം തിരിച്ചെടുക്കാനാണ്‌ അത്തരം വിദ്യാഭ്യാസം നേടിയവർ ശ്രമിക്കുന്നത്‌. അതുകാരണം അഴിമതിയും കൈക്കൂലിയും വർദ്ധിക്കും. ജനങ്ങൾ അരനൂറ്റാണ്ടുകാലത്തേക്ക്‌ പിന്നോക്കം പോകും. സത്യസന്ധത, സ്‌നേഹം, സഹകരണം തുടങ്ങിയ സാമൂഹ്യമൂല്യങ്ങൾ നശിക്കും. പണമുളളവരും അനർഹരുമായവർ ഉന്നതശ്രേണിയിൽ കടന്നുകൂടും. അവർ പാവപ്പെട്ടവരെയും ദുർബലരെയും നിർഭയം ചൂഷണം ചെയ്യും. സേവനമനസ്ഥിതിതന്നെ ഇല്ലാതാകും. വിദ്യാഭ്യാസം പണക്കാർക്ക്‌ വിലയ്‌ക്കുവാങ്ങാവുന്ന ഒരു ഉത്‌പന്നമാവും. സാധാരണക്കാരന്‌ വിദ്യാഭ്യാസം കൊണ്ടുളള പ്രയോജനം നിഷേധിക്കപ്പെടും. പാവപ്പെട്ടവർ നിരക്ഷരരായി തുടരും. അവരുടെ ചെലവിൽ സമ്പന്നർ തഴച്ചുവളരും. പാവപ്പെട്ടവരുടെ ഗതി പിന്നോട്ടുതന്നെയായിരിക്കും. ധനികനും ദരിദ്രനുമിടയിലെ ദൂരമേറും. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ വർദ്ധിക്കും. മാനവവിഭവശേഷി വേണ്ടവിധം വികസിക്കില്ല. എയിഡഡ്‌-സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനപ്രീതി നഷ്‌ടമാകും. പ്രാഥമിക വിദ്യാഭ്യാസംപോലും ചെലവേറിയതാകും. സാധാരണക്കാർക്ക്‌ അതുപോലും അപ്രാപ്യമാകും. ക്രമേണ വിദ്യാഭ്യാസത്തിന്റെ ഉളളടക്കവും രീതിയും വരേണ്യവത്‌കരണത്തെ സഹായിക്കുന്നതും അതിനനുഗുണമായ മനോഭാവം ഉണ്ടാകുന്നതുമാകും. അത്തരം വിദ്യാഭ്യാസം നേടുന്നതിനേക്കാൾ നല്ലത്‌ നിരക്ഷരരായി തുടരുന്നതാണ്‌! കാരണം, അവരിൽ സാമൂഹ്യവിരുദ്ധ മനോഭാവമെങ്കിലും ഉണ്ടാകാനിരിക്കുമല്ലോ. സാധാരണക്കാരായ പൊതുജനത്തിന്‌ ഹാനികരമായ ഈ വിദ്യാഭ്യാസ സ്വകാര്യവത്‌കരണത്തെ സർവ്വശക്തിയുമുപയോഗിച്ച്‌ എതിർക്കേണ്ടത്‌ സമൂഹസ്‌നേഹികളുടെ കടമയാണ്‌.

Generated from archived content: essay9_jan.html Author: dr_nooranadu_gopikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English