ധനാശ്രയവിദ്യാഭ്യാസം

‘സ്വാശ്രയസ്‌ഥാപനങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നതും പഠിതാക്കൾ കൊടുത്ത പണത്തെ മാത്രം ആശ്രയിച്ച്‌ നിലനിൽക്കുന്നതുമായ വിദ്യാഭ്യാസസ്‌ഥാപനങ്ങളെപ്പറ്റി ചർച്ചചെയ്യപ്പെടുന്ന അവസരമാണല്ലോ ഇത്‌. പണക്കാർക്കുവേണ്ടി പണക്കാർ നടത്തുന്ന പണക്കാരുടെ ഈ പണാധിപത്യസ്‌ഥാപനങ്ങൾ കണ്ടിട്ട്‌ മറ്റുളളവർ എന്തിന്‌ അസൂയപ്പെടുന്നു. പണമില്ലാത്തവർക്കുവേണ്ടി സർക്കാർ സ്‌ഥാപനങ്ങളുണ്ടല്ലോ. പിന്നെന്തിന്‌ ഇത്തരം സ്‌ഥാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. പണമില്ലാത്തവർക്കുവേണ്ടി സ്‌ഥാപനങ്ങൾ നടത്തേണ്ടത്‌ സർക്കാരിന്റെ ചുമതലയല്ലെ. സർക്കാർ വേണ്ടതു ചെയ്യാതെ, ഇവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്‌ ആശാസ്യമാണോ? ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ നിരവധിയാണ്‌. എന്നാൽ ഇത്തരം സ്‌ഥാപനങ്ങൾ വളരെ കൂടുകയും അവിടെനിന്നും വിദ്യാഭ്യാസം ലഭിച്ചവർ ഭരണയന്ത്രം ചലിപ്പിക്കുന്നവരായിത്തീരുകയും ചെയ്യുമ്പോൾ നമമുടെ രാജ്യത്തിന്റെ സ്‌ഥിതി എന്തായിരിക്കുമെന്ന്‌ ചിന്തിക്കുന്നവർ വിരളമാണ്‌.

ശുദ്ധവായു, ശുദ്ധജലം,ഭക്ഷണം, ആരോഗ്യം എന്നീ അടിസഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന്‌ പൗരന്മാരെ സഹായിക്കേണ്ടത്‌ ഏതൊരു സർക്കാരിന്റെയും ചുമതലയാണ്‌. വിജയകരമായ ജീവിതം നയിക്കുന്നതിന്‌ വേണ്ട അറിവും കഴിവും പരിചയവും മനുഷ്യനു ലഭിക്കുന്നത്‌ വിദ്യാഭ്യാസത്തിൽ കൂടിയാണ്‌. ഒരു രാഷ്‌ട്രത്തിന്റെ ഭാവി നിശ്‌ചയിക്കുന്നത്‌ അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായമാണ്‌. അതിനാൽ അതിന്‌​‍്‌ അനുഗുണമായ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത്‌ സർക്കാരിന്റെ ചുമതലയാണ്‌. സോഷ്യലിസം, മതേതരത്വം, അവസരസമത്വം എന്നിവ നേടുന്നതിന്‌ പര്യാപ്‌തമായിരിക്കണം നമമുടെ വിദ്യാഭ്യാസമെന്ന്‌ ഭരണഘടന തന്നെ സൂചന നല്‌കുന്നുണ്ട്‌. പക്ഷെ 1990കളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിത്തുടങ്ങിയ നൂതനസാമ്പത്തിക നയപരിപാടികൾ മുകളിൽ പറഞ്ഞ മൂന്നു ആശയങ്ങളുടെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന തരത്തിലുളളതാണ്‌. അതിന്റെ പരിണിതഫലമായിട്ടാണ്‌ പണാധിപത്യസ്‌ഥാപനങ്ങൾ നാടുമുഴുവൻ തഴച്ചുവളർന്നുവരുന്നുത്‌. സ്വാശ്രയസ്‌ഥാപനങ്ങൾക്ക്‌ തങ്ങൾ എതിരല്ലെന്നു പറയുന്ന ഇടതുപക്ഷ ചിന്താഗതിക്കാരും ഈ വിദ്യാഭ്യാസം നമമുടെ രാജ്യത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന്‌ മനസിലാക്കിയിട്ടുണ്ടോയെന്ന്‌ സംശയമാണ്‌.

ഒരു രാഷ്‌ട്രത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്ന പ്രധാനഘടകം അവിടുത്തെ ജനതയുടെ മനോഭാവമാണ്‌. അത്‌ രൂപപ്പെടുന്നത്‌ അവർക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിൽ കൂടിയാണ്‌. സാമൂഹ്യനീതി ഉറപ്പുവരുത്തുവാനുളള മനോഭാവമില്ലാത്ത ഒരുപറ്റം ഉദ്യോഗസ്‌ഥരെ ഉന്നതശ്രേണികളിൽ കയറിപ്പറ്റാൻ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം, ഭരണഘടന വിഭാവനം ചെയ്യുന്ന ലക്‌ഷ്യപ്രാപ്‌തിക്കു വിഘാതമാണ്‌. ഇപ്പോൾ തന്നെ പട്ടിണിപ്പാവങ്ങൾക്കുവേണ്ടിയുളള പദ്ധതികളുടെ ലക്ഷ്യം വെറും 16ശതമാനം മാത്രമേ നിറവേറുന്നുളളൂ എന്നതാണ്‌ അതുസംബന്‌ധിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത്‌.

പുതിയ പണാധിപത്യസ്‌ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിവരുന്നവർ രാജ്യത്തിന്‌ എത്രമാത്രം ഗുണകരമാണെന്ന്‌ പരിശോധിച്ച്‌ നോക്കാം. വിദ്യാഭ്യാസത്തിനുളള ചിലവ്‌ സർക്കാർ തന്നെ വഹിക്കണമെന്നാണ്‌ വിദ്യാഭ്യാസവിദഗദ്ധർ പറഞ്ഞിട്ടുളളത്‌. എങ്കിൽ മാത്രമേ അത്തരം വിദ്യാഭ്യാസം നേടുന്നവർ സാമൂഹ്യപ്രതിബദ്ധതയുളളവരായി സേവനം ചെയ്യുകയുളളൂ. പണാധിപത്യ സ്‌ഥാപനങ്ങളിൽ പഠിക്കാൻവേണ്ടി ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു പുറത്തുവരുന്ന ഡോക്‌ടർമാരും, എൻജിനീയറുമാരും സാങ്കേതികവിദഗ്‌ദ്ധരും സമൂഹത്തോട്‌ യാതൊരു പ്രതിബദ്ധതയുളളവരായിരിക്കില്ല. കാരണം അവർക്കു പഠിക്കാൻ വേണ്ട മുഴുവൻ പണവും അവർതന്നെ ചെലവാക്കിയതാണ്‌. അവർക്ക്‌ ആരോടും ഒരു ബാദ്ധ്യതയുമില്ല എന്നതായിരിക്കും മനോഭാവം. മുടക്കിയ പണം പലിശസഹിതം ഏറ്റവും കുറഞ്ഞകാലംകൊണ്ട്‌ അവർ തിരിച്ചെടുക്കാൻ ശ്രമിക്കും. അതിന്‌ കൈക്കൂലി, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ സാമൂഹ്യവിരുദ്ധമാർഗങ്ങൾ അവലംബിക്കും. തദ്‌ഫലമായി അത്തരം പ്രവർത്തനങ്ങൾ രാജ്യത്ത്‌ വർദ്ധിക്കും. പണം മുടക്കി കുറുക്കുവഴിയിൽകൂടി പ്രവേശനം നേടിയവരിൽ മിക്കവരും യോഗ്യതയും കഴിവും ഉളളവരായിരിക്കില്ല. അവരുടെ സേവനംതന്നെ കാര്യക്ഷമത കുറഞ്ഞതായിരിക്കും. അത്തരം ഡോക്‌ടർമാരുടെയടുത്ത്‌ ചികിൽസയ്‌ക്കെത്തുന്ന രോഗികളുടെ സ്‌ഥിതി എന്തായിരിക്കും. കഴിവു കമ്മിയായ സാങ്കേതികവിദഗ്‌ദ്ധരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കുന്ന പാലങ്ങളും അണക്കെട്ടുകളും ബഹുനിലമന്ദിരങ്ങളും എത്രമാത്രം സുരക്ഷിതമായിരിക്കും. ഇവരിൽ കാര്യക്ഷമതയുളള ഒരു ന്യൂനപക്ഷം ഉണ്ടെങ്കിൽ തന്നെ അവർ സാമൂഹ്യബോധമോ പ്രതിബദ്ധതയോ ഉളളവരായിരിക്കുകയില്ല. പഠിച്ചുകഴിയുമ്പോൾ തന്നെ ഇക്കൂട്ടർ വിദേശത്ത്‌ ജോലിതേടിപോകും.

ശരിയായ സ്‌ഥിതിവിവരപഠനം നടത്തി രാജ്യത്ത്‌​‍ിന്‌ ആവശ്യമുളളതരം സ്‌ഥാപനങ്ങൾ ആവശ്യത്തിനനുസരിച്ച്‌ തുടങ്ങുന്നതിന്‌ പകരം എല്ലാവർക്കും ഡോക്‌ടർന്മാരും എൻജിനീയർമാരും ആകാനുളള സ്‌ഥാപനങ്ങൾ മാത്രമുണ്ടാക്കിയാൽ അവരുടെ ആധിക്യംമൂലം തൊഴിലില്ലാത്ത, ഉന്നതവിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളുടെ ഒരു പടതന്നെ ഇവിടെയുണ്ടാവുകയായിരിക്കും ഫലം. ഇവരിലെ ഇടത്തരക്കാർ സാമ്പത്തിക സ്‌ഥാപനങ്ങളിൽനിന്നും വായ്‌പയെടുത്തു പഠിക്കാൻ നിർബന്ധിതരാകും. പഠനം കഴിഞ്ഞ്‌ ഉടനെ ജോലികിട്ടാത്തവർക്ക്‌ പണവും പലിശയും കൊടുക്കുവാൻ സാധിക്കാതെ ജപ്‌തിനടപടികൾ നേരിടേണ്ടിവരുമ്പോൾ ഗത്യന്തരമില്ലാതെ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിക്കുന്ന സാഹചര്യമുണ്ടാകാം. വയനാട്ടിലെ കർഷകരെപ്പോലെ കടക്കെണിയിലേയ്‌ക്ക്‌ അഭ്യസ്‌തവിദ്യരെ തളളിയിടലാകും ഫലം. ദേശീയവരുമാനത്തിന്റെ 6ശതമാനം വിദ്യാഭ്യാസത്തിന്‌ ചെലവാക്കേണ്ടിടത്ത്‌ അതിന്റെ പകുതിപോലും ചെലവാക്കാതെ, ആയിരക്കണക്കിന്‌ കോടിരൂപ ടൂറിസത്തിനും സമ്പന്നർക്കുളള എക്‌സ്‌പ്രസ്‌ പാതകൾക്കും അതുപോലുളള മറ്റുപലതിനുംവേണ്ടി മാറ്റി വയ്‌ക്കുന്നത്‌ ശരിയായ പ്രവർത്തനമല്ല.

Generated from archived content: essay3_oct11_2006.html Author: dr_nooranadu_gopikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English