പ്രതിഷേധം ആരോട്‌ ഞാനറിയിക്കേണ്ടൂ?

നാടാകെ പ്രതിഷേധം. മുഖക്കുറിമുതൽ പുറംചട്ടവരെ ‘ഉൺമ’യിലും പ്രതിഷേധം. അടിയന്തിരാവസ്ഥയുടെ പുതിയ മുഖമായി മുത്തങ്ങയെ ഉൺമ കാണുന്നു. അതുണ്മയോ?

ഇങ്ങുതെക്ക്‌, കന്യാകുമാരി ജില്ലയോടു ചേർന്ന്‌ ആറുകാണിസെറ്റിൽമെന്റ്‌. പത്തുമുപ്പതുവർഷംമുൻപ്‌ ഈ ലേഖകൻ ആദിവാസികളുടെ ജീവിതമറിയാൻ അവിടെച്ചെന്നു. അഞ്ഞൂറോളം കാണിക്കാരുളള പ്രദേശം. ആഴ്‌ചയിലൊരിക്കൽ അവരുടെ ഭരദേവതാക്ഷേത്രത്തിൽ എല്ലാവരും ഒത്തുകൂടും. അങ്ങനെയൊരു ദിവസമാണു ഞാനും അവിടെച്ചെന്നത്‌. ഒരാളൊഴികെ ബാക്കിയെല്ലാവരും മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. മദ്യപിക്കാത്ത യുവാവിനെ പരിചയപ്പെട്ടതിൽ അയാൾ എസ്‌.എസ്‌.എൽ.സി. വരെ പഠിച്ചിട്ടുണ്ടെന്നും മറ്റാരും അത്രത്തോളം പോയിട്ടില്ലെന്നും മനസ്സിലായി. അയാൾ പറഞ്ഞ പലതും കേട്ടു ഞാൻ ഞെട്ടി. സർക്കാർ കുടുംബമൊന്നുക്ക്‌ അഞ്ചേക്കർ ഭൂമിവീതം നല്‌കിയിട്ടുണ്ടത്രെ. അതൊക്കെ പക്ഷേ രേഖയിൽമാത്രം. വസ്‌തു ആണുങ്ങളുടെ കൈയിൽ. കോട്ടയം ഭാഗത്തുനിന്നും കുടിയേറി വനംവെളുപ്പിച്ചു റബ്ബർ എസ്‌റ്റേറ്റാക്കി പളളിയും സ്ഥാപിച്ചു സത്യവിശ്വാസികളായിക്കഴിയുന്ന ആണുങ്ങളുടെ കൈയിൽ. ഭൂമിയുടെ യഥാർത്ഥ അവകാശികൾക്കു മദ്യവും പുകയിലയും നല്‌കി ക്രമേണ അവർ വനഭൂമിയാകെ കൈക്കലാക്കിയപ്പോൾ ഇവിടെ ബ്രിട്ടീഷുകാരല്ല ഭരിച്ചിരുന്നത്‌. ഗിരിനിവാസികളായ കാണിക്കാരാരും നേരത്തെ മദ്യപാനികളായിരുന്നില്ലത്രെ. ഇന്നു മദ്യപിക്കാത്തവരായി ആരുമില്ല. വനംവെട്ടിത്തെളിച്ച കരിമണ്ണിൽ തഴച്ചുനില്‌ക്കുന്ന റബ്ബർ, മരച്ചീനി, വാഴ. ഇവയ്‌ക്കുനടുവിൽ എല്ലും തോലുമുളള ഭൂപുത്രന്മാർ ഒടിഞ്ഞുകുത്തി കിറുങ്ങിയിരിക്കുന്നു.

മറ്റോരനുഭവം; ഇരുപത്തഞ്ചോളം വർഷങ്ങൾക്കുമുൻപ്‌ ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ-ആസാം വനങ്ങളിലുൾപ്പെടെ-സഞ്ചരിക്കാനിടയായി. ക്രിസ്‌തുമത പ്രചാരണാർത്ഥം വനത്തിനുളളിൽ കഴിയുന്ന രണ്ടു മലയാളിപ്പെണ്ണുങ്ങളെ പരിചയപ്പെട്ടു. സൂര്യാരാധനപോലുളള പുരാതന നാട്ടാചാരങ്ങളുളളവരാണ്‌ അവിടുത്തെ ആദിവാസികൾ. പത്രലേഖകനായി അഭിനയിച്ച ഞാൻ ആ മലയാളിസ്‌ത്രീകളോടന്വേഷിച്ചുഃ “എത്രപേരെ ഇരുവരെ മതംമാറ്റി?” “പതിനഞ്ചുകൊല്ലമായി ഞങ്ങളിവിടെ വന്നിട്ട്‌. രണ്ടേരണ്ടു കുടുംബങ്ങളെ മാത്രമേ ഇരുവരെ വിശ്വാസികളാക്കാൻ പറ്റിയുളളൂ.” അവർ പറഞ്ഞു. “ഇങ്ങനെയായാൽ നിങ്ങളുടെ ആയുഷ്‌കാലം കൊണ്ടുപോലും ലക്ഷ്യം നേടാനൊക്കില്ലല്ലോ” ഞാൻ സഹതാപം അഭിനയിച്ചു. “ഞങ്ങൾ ആവുന്നതു ചെയ്യും. പിന്നെ നൂറുകൊല്ലം കൊണ്ടാവട്ടെ, അന്നുളളവർ പൂർത്തിയാക്കിക്കൊളളും.‘ എന്നായിരുന്നു അവരുടെ മറുപടി.

മുത്തങ്ങയിൽ ഞാൻ പോയില്ല. എന്നാൽ മേൽപ്പറഞ്ഞ രണ്ടുസംഭവങ്ങൾ ആദിവാസിവിഷയത്തിൽ വ്യക്തമായ ചില അഭിപ്രായങ്ങൾ എന്നിലുണ്ടാക്കിയിട്ടുണ്ട്‌ഃ

1. കൃഷിഭൂമി കർഷകന്‌ എന്നപോലെ വനഭൂമി വനവാസികൾക്കുളളതാണ്‌. സംശയമില്ല. (വനവാസികളിൽ മനുഷ്യരും വന്യജീവികളുംപെടും. അവരെക്കൊണ്ടു വനത്തിനൊരു ദോഷവും സംഭവിക്കില്ലെന്നു മാത്രമല്ല, അവർ വനത്തെയും വനം അവരെയും സംരക്ഷിച്ചുകൊളളുകയും ചെയ്യും.) മറ്റുളളവർ അതു തട്ടിയെടുക്കാതിരിക്കാനാണു സർക്കാർ നിയമമുണ്ടാക്കേണ്ടത്‌. ഇതിനകം തട്ടിയെടുത്തവരെ തുരത്താനും കഴിയണം.

2. ലഹരിക്കടിമകളും അലസന്മാരുമാക്കിമാറ്റപ്പെട്ട അവരെ ബോധവല്‌ക്കരണത്തിലൂടെ സ്വത്വം വീണ്ടെടുത്തവരും വലിയവലിയ സ്വപ്‌നങ്ങളുളളവരുമാക്കിമാറ്റണം. ബോധവല്‌ക്കരണത്തിനുളള ഉപകരണം നമ്മെ നാമല്ലാതാക്കിത്തീർക്കുന്ന മെക്കാളേയുടെ വിദ്യാഭ്യാസമാകരുത്‌. പരിസ്ഥിതിക്കിണങ്ങുന്നതും തനത്‌ ആചാരമര്യാദകളെ തകിടം മറിക്കാത്തതുമായതാവണം. വനംകൊളളയ്‌ക്കൊരു പാർട്ടി; തടിക്കച്ചവടത്തിനൊരു പാർട്ടി. ഈ പാർട്ടികൾ രണ്ടുംമൂന്നുമായി പിളർന്നുനിന്ന്‌, ഏതുമുന്നണിയുടെ കാലത്തും ഭരണപങ്കാളിത്തം വഹിച്ചുപോരുന്ന നമ്മുടെ നാട്ടിൽ ഇവ സാധ്യമാകുമോ? പറന്നുവളർന്ന മണ്ണിലേക്കാഴ്‌ന്നിറങ്ങിയിട്ടുളള തായ്‌വേരറുത്തുമാറ്റി മരണാനന്തരസ്വർഗ്ഗത്തിന്റെ പച്ചിലത്തുമ്പുകാട്ടി ആട്ടിൻപറ്റത്തെയെന്നപോലെ മനുഷ്യപുത്രന്മാരെ വിദേശതാല്‌പര്യങ്ങളിലേക്കു തെളിക്കുന്ന കാരുണ്യപ്രവർത്തനങ്ങൾക്കു പിന്നിലെ കാപട്യം പൊളിച്ചുകാട്ടാൻ കഴിയുമോ? കാപട്യത്തിൽ പിറന്നു കാപട്യത്താൽ തഴച്ചുവളരുന്ന രാജനൈതിക കക്ഷികളാൽ നിയന്ത്രിതമാണു ജനാധിപത്യ സർക്കാരുകൾ എന്നിരിക്കേ അവയ്‌ക്ക്‌ ഇതൊക്കെക്കഴിയുമോ എന്ന ചോദ്യതന്നെ അപ്രസക്തമാണെന്നു ഞാൻ അറിയുന്നു. കളവും കാപട്യവുമൊക്കെ അധികാരരാഷ്‌ട്രീയത്തിൽ അംഗീകൃതമാണു പണ്ടും. പക്ഷേ സാഹിത്യത്തിൽ ഒരിക്കലും അരുത്‌. അതുകൊണ്ടെന്റെ മൈതീനേ ഈ കാട്ടിയതൊട്ടും ശരിയായില്ല. ഉപ്പുപാവ കടലിന്റെ ആഴമളക്കാൻ പോയകാര്യം പണ്ടൊരു ഭ്രാന്തൻ ശ്രീരാമകൃഷ്‌ണൻ പറഞ്ഞതാണെന്നാർക്കാണറിഞ്ഞുകൂടാത്തത്‌? ഞാനിതു ചൂണ്ടിക്കാട്ടിയില്ലെന്നു വച്ചോളൂ.

എങ്കിലും മൈതീനേ നമ്മളെപ്പോൽ

വങ്കന്മാരല്ലല്ലോ വായനക്കാർ.

ചൊല്‌ക്കാഴ്‌ചയുടെ ചൊവ്വില്ലായ്‌മകളാൽ പണ്ടേ മലിനമായ അന്തരീക്ഷം. പരാന്നജീവികളായ ഇത്തിൾക്കവിതകൾകൂടി പടർന്നേറിയാൽ നമ്മുടെ സംസ്‌കാരവൃക്ഷത്തിന്റെ കാര്യമെന്താവും? ഒക്കെ കണ്ടും കേട്ടും മടുത്ത കെ.കെ. വിശ്വംഭരൻ അവർകളെപ്പോലെ, ഇനി നശിക്കാനില്ലെന്നു വരുമ്പോൾ വേണമെങ്കിൽ നന്നാവട്ടെ എന്നുകരുതി കയറൂരിവിടുകയോ വേണ്ടത്‌?

അങ്ങനെ പൂർണ്ണമായും തളളിക്കളയേണ്ട കാലം വന്നിട്ടില്ല എന്നോതുന്നു സുരേഷ്‌.ജിയുടെ കഥ ’അച്ഛനും മകനും‘. ആകെ ആറുവാക്യം. മുപ്പത്താറു വാക്കുകൾ. എന്തെല്ലാം ചോദ്യങ്ങളാണ്‌ അതു നമ്മോടു ചോദിക്കുന്നത്‌! ആത്മവഞ്ചന കൂടാതെയാണോ നാം പ്രവർത്തിക്കുന്നത്‌? പ്രകടിപ്പിക്കുന്ന ഭക്തി നമ്മുടെ പ്രവൃത്തിയിലുണ്ടോ? പുതിയ തലമുറ ദുഷിക്കുന്നതിൽ മുഖ്യപങ്കു മുതിർന്നവർക്കു തന്നെയല്ലെ? നമ്മുടെ മനസ്സാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന ചോദ്യങ്ങൾ എത്രയെത്ര! ഇത്ര ചെറിയൊരു കഥയ്‌ക്ക്‌ ഇത്ര വലിയ ശക്തി എങ്ങനെ വന്നു? ’കടലിൽ കടുകല്ല, കടുകിൽ കടലാണ്‌‘ എന്നുൺമയെക്കുറിച്ചു പറയാനുളളത്‌ (നമുക്കും തോന്നുന്നത്‌) ഈ കഥയ്‌ക്കും ഇണങ്ങും. മുഷ്‌ടിചുരുട്ടി വായുവെ മർദ്ദിക്കുന്ന പ്രതിഷേധത്തിനുപകരം നിത്യജീവിതത്തിലെ പ്രതിഷേധാർഹമായൊരു നിമിഷത്തിന്റെ വാചംയമിത്വപൂർണ്ണമായ ആവിഷ്‌കാരമായതാണ്‌ ഈ കഥയുടെ വിജയം.

മുത്തങ്ങ മുതൽ ഇറാഖുയുദ്ധം വരെയുളള പ്രശ്‌നങ്ങളിൽ ആരോടാണു പ്രതിഷേധിക്കേണ്ടതെന്നെങ്കിലും നമുക്കറിയാം. കാവ്യാമാധവന്റെയും മഞ്ഞ്‌ജുവാര്യരുടെയും കക്ഷാദികൾക്കിടയിലൂടെ സൂക്ഷിച്ചുനോക്കിയാൽ മാത്രം കണ്ണിൽപെടുമാറു പി.ഭാസ്‌കരൻ, ഒ.എൻ.വി. മുതൽപേരെ പിൻനിരയിലിരുത്തിയ ഫിലിം അവാർഡുദാനച്ചടങ്ങിനെതിരെ ആരോടാണു പ്രതിഷേധിക്കേണ്ടതെന്നു പത്രാധിപർക്കറിയില്ല! ആലോചിച്ചിട്ട്‌ എനിക്കുമറിയില്ല. അറിയില്ല, അറിയില്ല എന്ന്‌ അമ്പരക്കുന്ന മുഖങ്ങളോടെ പ്രിയവായനക്കാരേ നിങ്ങളേയും ഞാൻ കാണുന്നു! പ്രതിഷേധിക്കാൻ പ്രതിയില്ല എന്നതല്ലേ ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ധർമ്മസങ്കടം.

Generated from archived content: essay_unmayilude.html Author: dr_mpbalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English