വളരുക, മതത്തിൽനിന്നും സംസ്‌കാരത്തിലേക്ക്‌

ശ്രീമാൻ കുരീപ്പുഴ ശ്രീകുമാറിന്റെ ഒരു കവിതാപുസ്‌തകത്തിന്‌ ഈ വർഷത്തെ ബാലസാഹിത്യപുരസ്‌കാരം നല്‌കാൻ കേരള സാഹിത്യഅക്കാദമി തീരുമാനിച്ചു. എന്നാൽ കവി അതു നിരസിച്ചിരിക്കുന്നു! പുരസ്‌കാരം ശ്രീപത്മനാഭസ്വാമിയുടെ പേരിലുളളതാണ്‌ എന്നതത്രേ നിരാസഹേതു.

വേദാന്തശാസ്‌ത്രമനുസരിച്ച്‌ അസ്‌തി, ഭാതി, പ്രിയം, നാമം, രൂപം എന്ന അംശപഞ്ചകത്തിൽ നാമരൂപാത്മകമാണ്‌ ഈ പ്രപഞ്ചം. ആദ്യത്രയം ബ്രഹ്‌മവും. അങ്ങനെ, നാമരൂപങ്ങൾക്കതീതനായി സർവ്വവ്യാപിയായിരിക്കുന്ന അനന്തശായിയെ പേരിട്ടു താഴ്‌ത്തുന്നതിനോടു യോജിപ്പില്ലായ്‌കയാലാവണം അദ്ദേഹം അങ്ങനെ ചെയ്‌തത്‌ എന്നേ ഞാൻ ധരിച്ചുളളു. അപ്പോഴുണ്ട്‌, അതാവരുന്നു വിശദീകരണം. മതേതര രാഷ്‌ട്രമായ ഭാരതത്തിൽ (ക്ഷമിക്കണം, ഇന്ത്യയിൽ) ഹിന്ദുദൈവത്തിന്റെ പേര്‌ എങ്ങനെ നല്‌കാം?

ഭാരതീയ പാരമ്പര്യമനുസരിച്ച്‌ ഋഷിത്വത്തിലേക്കുയർന്നില്ലെങ്കിൽ വേണ്ട. അല്ലയോ കാവേ, ഇത്രവലിയ അജ്ഞതയിലേക്ക്‌ താഴരുത്‌. ഇസ്ലാം ക്രൈസ്‌തവ മതങ്ങൾപോലെ ഒരു മതമാണു ഹിന്ദുധർമ്മവും എന്നോ അങ്ങു ധരിച്ചിരിക്കുന്നത്‌! എങ്കിൽ, അതിന്റെ സ്ഥാപകൻ ആര്‌? ചരിത്രാതീതകാലത്തു തുടങ്ങി ഇങ്ങോട്ട്‌ ഉണർന്നു ചിന്തിക്കുകയും ഉയർന്ന ജീവിതം നയിക്കുകയും ലോക ഗുരുസ്ഥാനത്തു വർത്തിക്കുകയും ചെയ്‌ത ആര്യമായ ഒരു ജനതയല്ലേ ഹിന്ദുക്കൾ? അവരുടെ സംസ്‌കൃതിയല്ലേ ഹിന്ദുത്വം?

‘ഹിമാലയം സമാരഭ്യ

യാവദിന്ദു സരോവരം

തം ദേവനിർമ്മിതം ദേശം

ഹിന്ദുസ്ഥാനം പ്രചക്ഷതേ’

പില്‌കാലത്തു പലേടത്തും വ്യാപിച്ചുവെങ്കിലും ഹിമവാനും ഹിന്ദുസാഗരത്തിനുമിടയ്‌ക്കുളള ഈ മണ്ണിലാണതിന്റെ ഉല്‌പത്തി. ഇന്ന ഗ്രന്ഥത്തിൽ വിശ്വസിച്ചാൽ മാത്രമേ രക്ഷകിട്ടൂ എന്നോ, ഇന്ന ദേവനെ ഭജിച്ചാൽ മാത്രമേ മുക്തികിട്ടൂ എന്നോ ഇവിടെ യാതൊരു നിയമവുമില്ല. മുപ്പത്തി മുക്കോടി ദേവന്മാരിൽ ആരെ ആരാധിച്ചാലും ഫലം തുല്യം. ആരിലും വിശ്വാസമില്ലെങ്കിൽ നാസ്‌തികനായിക്കൊളളൂ. അപ്പോഴും നിങ്ങൾ ഹിന്ദുവല്ലാതാകുന്നില്ല. ഈ സ്വാതന്ത്ര്യം ഏതുമതത്തിലുണ്ട്‌? ഗോപി ആനയടി നാഗപ്പൂരിൽനിന്ന്‌ എഴുതിയിരിക്കുന്ന ‘തടവുശിക്ഷ നേരിടുന്ന ദൈവങ്ങൾ’ വായിച്ചില്ലേ? സ്വധർമ്മമനുഷ്‌ഠിക്കാത്ത ദൈവങ്ങൾക്കു തടവുശിക്ഷ വിധിക്കുന്നു. ആ ‘പ്രാകൃത’രും ഹിന്ദുസമൂഹത്തിന്റെ ഭാഗംതന്നെ. അതു വായിച്ചപ്പോൾ

‘വല്ലായ്‌മ ദേവകൾ പെടുത്തുവതും

സഹിപ്പൊന്നല്ലായിരുന്നു ഹഹ

ഭാരത പൂർവ്വരക്തം’

എന്ന വളളത്തോൾ മഹാകവിയുടെ വരികളാണോർമ്മയിൽ വന്നത്‌. ‘അപരിഷ്‌കൃതരെന്നുചൊല്ലി നാം മാറ്റിനിർത്തുന്ന ഈ ആദിവാസി സമൂഹത്തിന്റെ ഉദാത്തമായ സാമൂഹ്യനീതി’യെ വെളിപ്പെടുത്തുന്ന പ്രസ്‌തുത കുറിപ്പ്‌, മുഖലേഖനമായി ഉൺമയിൽ ഒന്നാംസ്ഥാനത്ത്‌ ചേർക്കേണ്ടതായിരുന്നു.

ഒന്നാം സ്ഥാനത്തിരിക്കാൻ വിശ്വപ്രസിദ്ധർ വേറെയുണ്ടല്ലോ; വിത്തില്ലാത്ത അപ്പൂപ്പൻതാടിയാണവരുടെ രചനകളധികവും എന്നുമാത്രം.

വിത്തുളള ഫലങ്ങൾ കണ്ടെത്തുക വിരളമായിരിക്കുന്നു ഇന്ന്‌ സാഹിത്യത്തിൽ. ശ്രീപാദം ഈശ്വരൻനമ്പൂതിരിയുടെ ‘അന്തച്ഛിദ്രം’ മാത്രമേയുളളു, കാപ്‌സ്യൂൾ കവിതകൾക്കിടയിൽ കവിതയുളള ഒന്ന്‌. രൂപംകൊണ്ടു മാത്രമല്ല, വീര്യംകൊണ്ടുകൂടി ക്യാപ്‌സ്യൂളായില്ലെങ്കിൽ അതിനെന്തുവില? രൂപംകൊണ്ടു കഷായമെങ്കിൽ കയ്‌പ്പും പുളിപ്പുമൊക്കെയാവാം. കലാമണ്ഡലം കേശവനും ചന്തിരൂർ ദിവകരനും വെച്ച കഷായത്തിന്‌ മാധുര്യമാണു മുന്തിയ ഗുണം. മാധുര്യവും സൗന്ദര്യവുമൊക്കെ മണ്ണിൽ നിന്നും മനങ്ങളിൽനിന്നും മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. തനിക്കു പരിചിതമായ രംഗത്തിന്റെ അപചയം അഡ്വ.ജിതേഷ്‌ ചൂണ്ടിക്കാട്ടുമ്പോൾ ആഗോളീകരണത്തിന്റെ അപകടത്തിലേക്കാണു കാവാലം ബാലചന്ദ്രൻ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌. അപചയവും അപകടവും മുറയ്‌ക്ക്‌ കാര്യകാരണങ്ങളാകുന്നു. സാംസ്‌കാരികരംഗത്തെ അപചയം സമൂഹത്തെയാകെ അപകടത്തിൽകൊണ്ടെത്തിക്കും. നമ്മുടെ ഭാഷയിൽ കണ്ടുകിട്ടിയിട്ടുളളതിൽവച്ചേറ്റവും പഴയ കൃതികളിൽ ഒന്ന്‌ ശ്രീപത്മനാഭനെ സ്‌തുതിക്കുന്ന കവിതാശകലമാണ്‌. ഇന്ന്‌, ചില കവിതകൾക്കെങ്കിലും ശ്രീപത്മനാഭൻ അലർജിയായിരിക്കുന്നു! സ്വാതന്ത്ര്യവും സർവ്വധർമ്മസമഭാവനയും ആത്മാവായ സ്വന്തം നാടിന്റെ സംസ്‌കൃതിയെ തളളിപ്പറഞ്ഞ്‌ പണത്തിനും വിലകുറഞ്ഞ കൈയടിക്കും വേണ്ടി മതംമാറിയ ‘സാംസ്‌കാരികനായക’രുളള ഈ മലയാളത്തിൽ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം നിരസിച്ച കവിക്ക്‌ ഉദ്ദേശിച്ചത്ര ബഹുജനശ്രദ്ധ നേടാനാവാത്തതു സ്വാഭാവികം മാത്രം. മനോജ്‌കുമാർ ഐശ്വര്യ ‘ഉൺമ’യിൽ ഐശ്വര്യമായി പറഞ്ഞവസാനിപ്പിച്ചതേ ഇത്തരക്കാരോട്‌ ഈ ലേഖകനും പറയാനുളളു-

‘അക്ഷരത്തോണി തുഴഞ്ഞുനീ നീങ്ങുക

അതിരുകൾക്കപ്പുറം നീ വളർന്നീടുക.’

Generated from archived content: essay6_may.html Author: dr_mpbalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English