സ്വാതന്ത്ര്യം നിലനിർത്താൻ, സ്വപ്‌നം സംരക്ഷിക്കാൻ

തമിഴ്‌നാടും കേരളവും തമ്മിലെന്തു വ്യത്യാസം? അവിടെ പൂജ്യപാദന്മാർ പീഡിപ്പിക്കപ്പെടുന്നു. ഇവിടെ പരമനാറികൾ സംരക്ഷിക്കപ്പെടുന്നു. രണ്ടും ഫലം കൊണ്ടൊന്നുതന്നെ-സംസ്‌കാരത്തിന്റെ മരണമണി.

മരിച്ചുകൊണ്ടിരിക്കുകയായിരുന്ന കിളിരൂരിലെ പെൺകുട്ടിയെക്കുറിച്ചു മുഖക്കുറിയെഴുതിയ (നവംബർ ലക്കം) പത്രാധിപർക്ക്‌, ഇതച്ചടിച്ചുവരുന്ന ലക്കത്തിൽ പെൺകുട്ടിക്ക്‌ നിത്യശാന്തി നേരേണ്ടിവന്നിരിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ഈ മലനാടിന്നായി പരിസ്ഥിതിലക്കം ഇറക്കിയവർക്ക്‌ അങ്ങനെയൊരു ദുര്യോഗം വരാതിരിക്കട്ടെ. ‘നമ്മുടെ ഓലപ്പന്തുരുണ്ട ചെമ്മൺവഴികളെ’ ഓർക്കുന്ന മലയാളമനസ്സുകൾ അവശേഷിക്കുന്നിടത്തോളം അതു സംഭവിക്കില്ലെന്നാശിക്കാം. ഫാത്തിമാ ഫസീലയുടെ ‘എക്‌സ്‌പ്രസ്‌ ഹൈവേ’ വായിച്ചപ്പോൾ ‘കാലവേഗങ്ങളെ അതിക്രമിച്ചു കടക്കുന്നത്‌ കാറ്റു മാത്രമായിരിക്കും’ എന്ന അന്ത്യവാക്യത്തോടു ഒരു വാക്കുകൂടിച്ചേർക്കാൻ തോന്നി- കൊടുങ്കാറ്റ്‌. വീണ്ടും ഒരുതാൾ മറിച്ചപ്പോഴുണ്ട്‌ അതേ കൊടുങ്കാറ്റ്‌! മുതുകുളം സി.മാധവൻപിളള കൊടുങ്കാറ്റായി വീശുന്നു. നിഷേധത്തിന്റെ കൊടുങ്കാറ്റായി വീശിയ പ്രതിഭയായിരുന്നല്ലോ പൊൻകുന്നം വർക്കി. മലയാളഭാഷയെ ദുഷിപ്പിച്ചതിൽ മുഖ്യപങ്ക്‌ ക്രിസ്‌ത്യാനികൾക്കാണെന്നദ്ദേഹം പറഞ്ഞു. ഡിസംബർ 13ന്റെ മാതൃഭൂമി പത്രം നോക്കുക; ‘സകലജനത്തിനും മഹാസന്തോഷം’ എന്ന ശീർഷകത്തിൽ (‘ക്രിസ്‌തുമസ്‌ രാവ്‌) മാർത്തോമ്മാസഭയുടെ ഫിലിപ്പോസ്‌ മാർ ക്രിസ്‌റ്റോസ്‌റ്റം മെത്രാപൊലീത്ത എഴുതിയിരിക്കുന്നുഃ ’സമൂഹത്തെ വെല്ലുവിളിക്കുംവിധം സമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങളിൽ നാം ജഡം ധരിക്കണം‘. ക്രിസ്‌തുവേക്കാൾ എത്ര വലിയ പ്രവാചകനാണു വർക്കി!

പ്രവാചകൻ ചമയുന്ന എഴുത്തുകാരേ ഇന്നുളളു. അവർ നിരന്തരം മതം മാറിക്കൊണ്ടിരിക്കും. മതം (അഭിപ്രായം) മാറുന്നവർക്കുളളതാണ്‌ മലയാള ഭാഷാപിതാവിന്റെ പേരിലുളള പുരസ്‌കാരമെന്ന്‌ ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അധഃപതിക്കാൻ ഇനിയുമുണ്ടോ എന്നു മൂക്കത്തു വിരൽവെച്ചിരിക്കുമ്പോഴാണ്‌ രാജി വൈഷ്‌ണവത്തിന്റെ അതേ ചോദ്യം കാതിൽ വീണത്‌; ’മനുഷ്യൻ ഇത്രയും അധഃപതിക്കാമോ?‘ ചോദ്യം നിശിതഭാഷയിലാകയാൽ ഉത്തരം പറയേണ്ടവർ മൗനം ഭജിക്കുന്നു. ആ മൗനം പക്ഷെ ആത്യന്തികമല്ലെന്നാണ്‌ കരൂരിന്റെ ആശ്വാസവചനം. ’പ്രകൃതി എന്നതൊരലംഘനീയതയാണ്‌. വെയിൽ പരക്കും, മഴ പെയ്യും, മരം വളരും, കിളി പാടും. ആരു മുഖം തിരിച്ചാലും സൂര്യചന്ദ്രന്മാരും നക്ഷത്രസമൂഹവും അവിടെത്തന്നെയുണ്ടാകും. ഉൺമയെ മാറോടുചേർത്തു കാലം കടന്നുപോകും.‘ പ്രതികരണക്കുറിപ്പാണെങ്കിലും കവിതപോലെ ഹൃദയത്തിൽ പറ്റി നില്‌ക്കുന്ന വരികൾ.

കവിതയില്ലാത്ത ഗാനങ്ങളെച്ചൊല്ലിയാണ്‌ ടി.പി ശാസ്‌തമംഗലം നിരന്തരം പരിഭവിക്കുന്നത്‌. വിയോജനക്കുറിപ്പെഴുതിയ പത്തിയൂർ ശ്രീകുമാറിനും അക്കാര്യത്തിൽ വിയോജിപ്പില്ല. ഒരു സങ്കരകലയായ സിനിമയിലെ ഇതരാംശങ്ങൾക്കിണങ്ങണമെങ്കിൽ ഗാനങ്ങളും ഇന്നു തരംതാണേപറ്റൂ എന്നദ്ദേഹം നിരീക്ഷിക്കുന്നു. പക്ഷെ ചിലരെങ്കിലും സത്യം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കേണ്ടത്‌ ആവശ്യമല്ലേ? സ്വാർത്ഥമതികളായ അധികാരകേന്ദ്രങ്ങൾ ആസൂത്രിതമായ നുണപ്രചരണങ്ങളിലൂടെ ജനത്തെ കഴുതയാക്കിക്കൊണ്ടിരിക്കുമ്പോൾ അഡ്വ. എസ്‌.ജിതേഷും (എക്‌സ്‌പ്രസ്സ്‌ ഹൈവേഃ സാധാരണക്കാരന്‌ അഗ്നിപാതയോ) ഫൈസൽബാവയും (ജലയുദ്ധങ്ങൾ വരുന്നവഴി) മറ്റും ചെയ്യുന്നത്‌ അതാണല്ലോ. ’സത്യമേവജയതേ‘ എന്ന വേദവാക്യം തന്നെ സ്വതന്ത്രഭാരത സംസ്‌കാരത്തിന്റേയും മുഖവാക്യം. സത്യം-സംസ്‌കാരം-സ്വാതന്ത്ര്യം. തിരുവനന്തപുരത്ത്‌ ഈയിടെ നടന്ന ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ’ഡാൻസ്‌ ഓഫ്‌ ദി വിൻഡി‘ന്റെ സംവിധായകൻ ടൂണീഷ്യക്കാരനായ തെയ്‌ബ്‌ പറഞ്ഞുഃ “ആഗോളീകരണത്തെ ചെറുക്കേണ്ടത്‌ സ്വന്തം സംസ്‌കാരത്തിൽ ഊന്നിനിന്നാണ്‌. ഞങ്ങൾ അതിനാണ്‌ ശ്രമിക്കുന്നത്‌. ഞങ്ങൾക്കു ഞങ്ങളുടെ സ്വപ്‌നം സംരക്ഷിച്ചേ മതിയാവൂ. സ്വാതന്ത്ര്യം നിലനിർത്താൻ അതുമാത്രമേ വഴിയുളളൂ.”

Generated from archived content: essay8_jan.html Author: dr_mp_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English