കാര്യവിവരമുളളവർ ഇറ്റലിയിലുമുണ്ട്‌

‘ഇന്ത്യ ഇറ്റലിയുടെ കൈകളിൽ ഭദ്രം’- കോൺഗ്രസ്‌ മുന്നണി അധികാരത്തിൽ വന്നപ്പോൾ ഇറ്റലിയിലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്ത, ആ പത്രം ഉയർത്തിക്കാട്ടി ഒരു ചാനൽ സംപ്രേഷണം ചെയ്‌തിരുന്നു. ഭദ്ര ശബ്‌ദത്തിന്റെ ആർഷപ്രയോഗത്തിന്‌ അർത്ഥം ഇതല്ല. ‘ഓം ഭദ്രം കർണ്ണേഭിഃ ശൃണുയാമ ദേവാഃ’ എന്നു തുടങ്ങുന്ന തൈത്തിരീയമന്ത്രം പ്രശസ്‌തമാണല്ലോ. ഒന്നിന്റെ ഭദ്രത മറ്റൊന്നിന്റെ കൈകളിലല്ല, സ്വന്തം കാലുകളിലാണ്‌ എന്നു നാം വിശ്വസിക്കുന്നു. അല്ലെങ്കിൽ കുറേക്കൂടി ശക്തമായ ബ്രിട്ടീഷ്‌ ഹസ്‌തങ്ങൾ തട്ടിമാറ്റി നിലത്തിറങ്ങേണ്ട കാര്യമില്ലായിരുന്നുവല്ലോ. സ്വാതന്ത്ര്യത്തിന്റെ അമൃതം നുകരുന്നിടത്തോളമേ ജീവിതമുളളൂ എന്നറിഞ്ഞവരാണു നമ്മുടെ പൂർവ്വികർ. അതാണു പ്രപഞ്ചനിയമം. അതിനാലാണ്‌ ഏഴുനാൾ അരിയും ചോറും വെളളവും കൊടുത്തിട്ട്‌ എട്ടാംപക്കം കൂടുതുറന്നപ്പോൾ ഇണപ്രാവുകൾ ആകാശപ്പരപ്പിലേക്ക്‌ പറന്നുപോയത്‌, പൂർണ്ണസ്വാതന്ത്ര്യത്തിന്റെ നിറവിണ്ണിലേക്ക്‌.

ഇങ്ങനെ ഇക്കുറി (മെയ്‌ ലക്കം) മാസികയിലെ ഇതര വാങ്ങ്‌മയങ്ങളെക്കാൾ പത്രാധിപരുടെ മുഖക്കുറി (പത്രാധിപരെ കളിയാക്കുന്ന പ്രാവുകൾ) ഉത്തമരചനയായി. മുഖക്കുറി കവിതയോ കഥയോ അല്ല. എങ്കിലും അതു സാഹിത്യമായതെങ്ങനെ? സാഹിത്യം സൃഷ്‌ടിക്കുന്നു എന്ന ഭാവത്തിൽ പടച്ചുവിട്ടതിലൊന്നും അതൊട്ടു കാണാനുമില്ല. അതെങ്ങനെ? ഉപ്പും മുളകും പുളിയുമെല്ലാം വേണ്ടയളവിൽ ചേർത്തുവല്ലോ എന്നാവും പാചകക്കാരന്റെ ന്യായം. പക്ഷേ രുചി ചേർത്തില്ലല്ലോ എന്നാണ്‌ ആസ്വാദകന്റെ അനുഭവമെങ്കിലോ? “ദൈവത്തിന്റെ നാട്ടിൽ നിന്നായിരുന്നു അയാൾ യാത്രയാരംഭിച്ചത്‌. യാത്ര അവസാനിപ്പിച്ചത്‌ ചെകുത്താന്റെ നാട്ടിലും” എന്ന വാക്യദ്വയം കഥയാണെന്നും “ഒരു വീടും നാടിനേക്കാൾ വലുതല്ല; ഒരു സ്വപ്‌നവും നിദ്രയേക്കാൾ നീളില്ല; ഒരു ജീവിതവും കാലത്തെ അതിജീവിക്കില്ല” എന്ന പ്രസ്‌താവന കവിതയാണെന്നുമൊക്കെ അതിന്റെ ഉടമസ്ഥർക്ക്‌ അവകാശപ്പെടാം. (പോലീസിനെന്തു ചെയ്യാനൊക്കും!) അംഗീകരിക്കാൻ ആസ്വാദകൻ ബാധ്യസ്ഥനല്ലെന്നു മാത്രം.

“ഒരു നിദ്ര തീർന്നാലുണരുകില്ലെങ്കിൽ

കനവുകളെന്തിനു തോഴീ?”

എന്നവസാനിക്കുന്ന ഗാനം (ശ്രീകുമാരൻതമ്പി) നാം കേട്ടിട്ടുണ്ട്‌. നമ്മുടെ മനസ്സിൽ മായാതെ നില്‌ക്കുന്നുമുണ്ട്‌. കവിതയുളള വരികളാകയാലാണത്‌. “പൊന്നോ പണമോ തുണിയോ ഒന്നുംവേണ്ട; എനിക്കു നിന്റെ പ്രണയം മാത്രം മതി” എന്നു കേൾക്കുമ്പോൾ വക്താവിന്റെ കാമുകിക്കതു കർണ്ണാനന്ദകരമാകാം. മറ്റുളളവർക്കെന്ത്‌? അതേസമയം-

“ഒന്നും പ്രതിഫലം വേണ്ടെനിക്കാമഞ്ഞ്‌ജു

മന്ദസ്‌മിതം കണ്ടു കൺകുളിർത്താൽ മതി”

നമ്മെ ഓരോരുത്തരെയും ആനന്ദിപ്പിക്കുന്നു. കവനവൈഭവം ജന്മസിദ്ധമാണ്‌. അതില്ലാത്തവർ ഭയാവഹമായ ആ പരാമർശത്തിലേക്കിറങ്ങാതിരിക്കുകയാണു മര്യാദ. പകരം, അച്ചടിച്ചിറക്കിയ പുസ്‌തകം ആരും തിരിഞ്ഞുനോക്കുന്നില്ലെന്നു കണ്ട്‌ കാസറ്റാക്കുക; സ്‌പീക്കർസെറ്റുകാർക്കത്‌ ഫ്രീയായി നൽകുക. അവരത്‌ ഉത്സവപ്പറമ്പുകളിൽ പ്രയോഗിക്കുക. ഇതെല്ലാമാണിന്നു നടക്കുന്നത്‌! ഭഗവാന്റെയും ഭക്തസഹസ്രങ്ങളുടെയും പരിദേവനങ്ങൾ ആരുകേൾക്കാൻ! ചെവിക്കല്ലു പൊളിക്കുന്ന പ്രചാരണതന്ത്രങ്ങളെ വിഷയമാക്കിയ ‘കവിത’ ചെവിക്കല്ലും തലച്ചോറും തകർത്തുകളഞ്ഞാലോ? നോക്കുകഃ “ചെവിക്കല്ലു തകർത്ത പ്രസ്‌താവന ഉറകൂടിയ നിലവറയിൽ തിക്കും തിരക്കും വിതച്ചത്‌ ഭീതിയുടെ വിത്ത്‌!” സംശയമില്ല, ഭീതിദം തന്നെ ഈ വരികൾ.

അകാലത്തിൽ മരിച്ചുപോയ സാഹിത്യകാരന്മാരെപ്പറ്റി നാം പറയും, ജീവിച്ചിരുന്നുവെങ്കിൽ കുറെക്കൂടി നല്ല കൃതികൾ ലഭിച്ചേനെ എന്ന്‌. അതേ പ്രശംസ ആയുർദൈർഘ്യമുളളവർക്കും നേടാം. ഒന്നു ചെയ്‌താൽ മതി; സ്വന്തം കഴിവിന്റെ പരമാവധി സമർപ്പിച്ചശേഷം മൗനം പാലിക്കുക. സഹൃദയലോകം അപ്പോൾ പറയും, അദ്ദേഹം എഴുത്തുനിർത്തിയത്‌ കഷ്‌ടമായി എന്ന്‌. ഈ ലളിതസത്യം മാധവിക്കുട്ടിയെപ്പോലുളളവർ അറിയാത്തതാണു കഷ്‌ടം.

ലളിതജീവിതവും സൂക്ഷ്‌മബുദ്ധിയും ഉയർന്ന കാഴ്‌ചപ്പാടും ഉളളവനാണ്‌, അഥവാ ഉണ്ടായിരുന്നവനാണ്‌ മലയാളി. നീട്ടിപ്പിടിച്ച കമ്പിനറ്റത്തുതൂക്കിയ കാരറ്റു തിന്നാൻ കഴുത്തുനീട്ടി നടക്കുന്ന കഴുതയാണിന്നവൻ എന്നു കാണുന്നു ഡോ. രാജൻ പെരുന്ന; ഉൺമ. ഈ ഉണ്മയ്‌ക്കു പുറംതിരിഞ്ഞു നില്‌ക്കുന്നവരോട്‌, “താല്‌പര്യമില്ലാത്തവർ ആ വിവരം അറിയിക്കുന്നതിൽ വിരോധമി”ല്ലെന്നു പത്രാധിപർ. ന്യായം.

താല്‌പര്യമുളള രംഗങ്ങളിലെല്ലാം പ്രവർത്തിക്കാൻ സമയം കിട്ടാറില്ല. ദിവസത്തിൽ പാതിസമയം രോഗികൾക്കായി നീക്കിവച്ചിട്ടുണ്ട്‌. അദ്ധ്യാത്മവിദ്യയിൽ ജിജ്ഞാസുക്കൾക്കുവേണ്ടി അല്‌പസമയം. അത്യാവശ്യം ചില പ്രഭാഷണങ്ങൾ. ബന്ധുമിത്രാദികളുടെ സുഖദുഃഖങ്ങളിൽ ഭാഗഭാഗിത്വം. ഇതെല്ലാം കഴിഞ്ഞുകിട്ടുന്ന നേരമേ സാഹിത്യയത്‌നങ്ങൾക്കുളളൂ. അത്തരം കാലാംശങ്ങളിലുണ്ടായ നാലഞ്ചു ചെറുപുസ്‌തകങ്ങളല്ലാതെ എന്റെ ഭാഷയ്‌ക്കും സാഹിത്യത്തിനും കാര്യമായ സംഭാവനയൊന്നും ചെയ്യാൻ ഇന്നോളം കഴിഞ്ഞിട്ടില്ല. എന്നിരിക്കേ, ആ എന്നെക്കുറിച്ച്‌ ഒന്നേമുക്കാൽ പുറമുളള ഒരു ലേഖനമാണു ഉൺമ മാസികയിൽ വന്നിരിക്കുന്നത്‌! ഇത്രവലിയ ബഹുമതി ഈയുളളവൻ അർഹിക്കുന്നില്ലല്ലോ എന്ന്‌ അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ്‌ പത്രത്തിൽ ആ വാർത്ത കണ്ടത്‌. ഇറ്റലിക്കാർ പറയുന്നുവത്രേ, മഹാത്മാഗാന്ധിയുടെ കുടുംബത്തിൽ ചെന്നുകയറിയതുകൊണ്ടാണ്‌ സോണിയയ്‌ക്ക്‌ ഈ ഔന്നത്യമെല്ലാം കൈവന്നത്‌ എന്ന്‌!

കാര്യവിവരമുളളവർ കാവാലത്തുമാത്രമല്ല, ഇറ്റലിയിലുമുണ്ട്‌. എന്താ?

Generated from archived content: essay3_july.html Author: dr_mp_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English