എല്ലാം വില്‌ക്കുന്ന കാറ്റിൽ

വിത്തുകുത്തി ഊണുകഴിഞ്ഞു. കഴുക്കോലൊക്കെയും ഊരിവിറ്റു. ഇപ്പോൾ മോന്തായം കുലുക്കുന്നു കേന്ദ്ര-സംസ്ഥാന ഭരണക്കാർ. അവശേഷിക്കുന്നത്‌ അല്‌പം മാനമുണ്ടെന്ന സംശയംമാത്രം. അതും വൈകാതെ വില്‌പനയ്‌ക്കെത്തുന്നതാണ്‌.

വാചകവീര്യത്തിനപ്പുറം ഒന്നും കൈവശമില്ലാത്തവർ മുഷ്‌ടിചുരുട്ടുന്നത്‌ വായുവിൽ മർദ്ദിച്ചാൽ പ്രശ്‌നം തീരുമെന്ന വിശ്വാസത്താലാണ്‌. ശൂന്യവായുവിൽ മുടങ്ങാതെകഴിഞ്ഞ പല പതിറ്റാണ്ടുകൾ ഇടിച്ചുണ്ടാക്കിയ ശൂന്യത നമ്മുടെ ഉദരങ്ങളിൽ ആളുന്ന തീജ്വാലകളായിരിക്കുന്നു. വിശപ്പിന്റെ പേരിൽ എല്ലാം വിറ്റുതീർന്നാൽ നമുക്കു പരസ്‌പരം ചുട്ടുതിന്നാം. അതിന്റെ തുടക്കം ഇന്ത്യയിൽ പലയിടത്തും ഘോഷിക്കയാണല്ലോ.

ത്രിശ്ശൂലങ്ങളിൽ തറഞ്ഞിരുന്നു മനുഷ്യശിരസ്സുകൾ ഭീകരമായി ഇളിക്കുമ്പോൾ, നിത്യഹരിതവനങ്ങളുടെ വിശുദ്ധഗർഭങ്ങളിലേക്ക്‌ ഹിംസയുടെ ഉരുക്കുചക്രങ്ങൾ ഇരച്ചുകയറി ദുഷ്‌ടബീജം വിതയ്‌ക്കുമ്പോൾ ക്ഷണിക വിജയഭേരികളിൽ അമർന്നടിയുന്നത്‌ ധാർമ്മികതയുടെ ചാരിത്ര്യശുദ്ധിയല്ല. മുഷ്‌ക്കിന്റെ രക്ഷാകവചങ്ങളാണ്‌.

മുന്നറിയിപ്പുകളെ അവഗണിച്ചു നമ്മൾ തെറ്റുകളെ തിരിച്ചറിയാതെ നമ്മുടെ ദുഃസ്ഥിതിയിൽ ദുഃഖം തോന്നാതെയുമായി. നേടി എന്നുകരുതിയതെല്ലാം പുകയായിരുന്നുവെന്നു തിരിച്ചറിയുന്ന ഒരുനിമിഷം നമുക്കുണ്ടാകുമോ? ആ നിമിഷത്തിൽ ആരെതേടും രക്ഷയ്‌ക്ക്‌. ‘എല്ലാമറിയുന്ന’ നേതാവിനെയോ ‘ഒന്നുമറിയാത്ത’ പാവം ദൈവത്തെയോ? നാം തൂക്കിവില്‌ക്കപ്പെട്ട കമ്പോളത്തിലെ ഏതുചാക്കിൽ ഏതുമൂലയ്‌ക്കുപോയൊളിക്കും ഒരുവീർപ്പു ശ്വാസത്തിനുവേണ്ടിയപ്പോൾ.

Generated from archived content: essay1_mar20.html Author: dr_babyvarghese

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here