മൂന്നും കൂടിയ ജംഗ്‌ഷനിലേക്ക് ചീറിപ്പാഞ്ഞുവന്ന ടിപ്പർലോറി വഴിയാത്രക്കാരനായ വൃദ്ധനെ ഇടിച്ച് തെറിപ്പിച്ചു. റോഡിൽ തലയടിച്ചു വീണ് രക്തം ഒഴുകിപ്പരന്നു.
പടിഞ്ഞാറുനിന്നും മുഹമ്മദ് ഓടിവന്നു നോക്കി. വൃദ്ധന് നിസ്‌കാരത്തഴമ്പില്ല. മുണ്ടുടുത്തിരിക്കുന്നതും തിരിച്ചാണ്. പള്ളിയിൽ ബാങ്കുവിളിക്കുന്നു. സമയം കളയാനില്ല. മുഹമ്മദ് പോയി. തെക്കുനിന്നും മത്തായി ഓടിവന്നു. വൃദ്ധന് കൊന്തയോ വെന്തിങ്ങയോ ഉണ്ടായിരുന്നില്ല. താമസിച്ചാൽ കുർബാനയും അച്ചന്റെ പ്രസംഗവും കേൾക്കാൻ പറ്റില്ല. മത്തായിയും പോയി. വടക്കുനിന്നും മാധവനും ഓടിവന്നു. വൃദ്ധന്റെ നെറ്റിയിൽ കുങ്കുമമോ ചന്ദനമോ കൈയിൽ ചരടോ ഒന്നുമില്ല. ക്ഷേത്രത്തിൽ സപ്‌താഹം നടക്കുന്നു. ഇന്ന് രുഗ്‌മണീസ്വയംവരം. കളയുവാൻ ഒട്ടും സമയമില്ല. മാധവനും പോയി.
നിർമതനായ വൃദ്ധൻ രക്തം വാർന്ന് മരിച്ചു.
Generated from archived content: story2_mar23_11.html Author: deepu_kattur