സന്തുഷ്‌ട (വിപ്ലവ) കുടുംബകം

ഞങ്ങൾ മൂവരും ഒന്നിച്ചാണ്‌ മിക്ക സാംസ്‌ക്കാരിക സമ്മേളനങ്ങൾക്കും പോകുക. എന്റെ ‘മാരുതി’യിലാണ്‌ നഗരത്തിനുള്ളിലെ യാത്രകൾ. സംഘാടകർക്ക്‌ അതറിയാം. അതുകൊണ്ട്‌ ഞങ്ങൾ മൂന്നാളെയും മിക്കവരും ഒന്നിച്ച്‌ ക്ഷണിക്കാറുണ്ട്‌. ഞാൻ ഉദ്‌ഘാടകൻ. പ്രൊഫസർ കർമ്മചന്ദ്രൻ അദ്ധ്യക്ഷൻ. ഇ. കെ. എൻ മുഖ്യപ്രഭാഷകൻ.

ചടങ്ങുകൾക്കനുസൃതമായി ഞങ്ങളുടെ റോളുകളും മാറും. പുസ്‌തകപ്രകാശനത്തിന്‌ ഞാൻ അദ്ധ്യക്ഷനെങ്കിൽ, ഇ. കെ. എൻ പ്രകാശനകർമ്മം നിർവഹിക്കും. പ്രൊഫസർ കർമ്മചന്ദ്രൻ പുസ്‌തകം ഏറ്റുവാങ്ങും. എയ്‌ഡസിനെതിരായ എഴുത്തുകാരുടെ സംഗമത്തിന്‌ ഞാൻ കവിതചൊല്ലി ഉദ്‌ഘാടനം നിർവഹിക്കുമ്പോൾ ഇ. കെ. എൻ ചിത്രംവരച്ച്‌ ചിത്രകാര കൂട്ടായ്‌മയും, പത്തടി ഓടി പ്രൊഫസർ കർമ്മചന്ദ്രൻ എയ്‌ഡ്‌സിനെതിരായ കൂട്ടയോട്ടവും ഉദ്‌ഘാടനം ചെയ്യും.

പ്രസംഗവും ഉദ്‌ഘാടനവും പ്രകാശനവും പ്രഭാഷണവും ചർച്ചയുമൊക്കെക്കഴിഞ്ഞ്‌ ചില ‘നേരമ്പോക്കുകകൾ’ക്ക്‌ പോകുന്നതും ഞങ്ങളൊന്നിച്ചുതന്നെ.

എല്ലാംകഴിഞ്ഞ്‌ സന്ധ്യവൈകി മടങ്ങുമ്പോൾ എനിക്ക്‌ ഒരുകാര്യം നിർബന്ധമുണ്ട്‌. വിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിനുമുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ച്‌ മെഴുകുതിരി കത്തിക്കണം. രാത്രി അത്താഴകുർബാനയ്‌ക്കുമുൻപ്‌ വീട്ടിലെത്തണം.

പ്രൊഫ. കർമ്മചന്ദ്രൻ എത്തിട്ടുവേണം കുടുംബക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ്‌ നടയടയ്‌ക്കാൻ. പാർട്ടിഫ്രാക്ഷൻ യോഗത്തിനിടയ്‌ക്കുപോലും ഇ. കെ. എൻ നിസ്‌കാരം മുടക്കില്ല. എന്റെ കാറിന്റെ ഡിക്കിയിൽ നിസ്‌ക്കാരപ്പായ ഭദ്രമായി വച്ചിട്ടുണ്ട്‌.

ഓരോന്നാലോചിച്ച്‌ സമയം പോയതറിഞ്ഞില്ല. മിശ്രവിവാഹിതരുടെ സംഗമത്തിനുശേഷം മതേതരകൂട്ടായ്‌മയും വിപ്ലവകവി സമ്മേളനവും ജോതിഷസന്ധ്യയും ഇന്നു വൈകിട്ടുണ്ട്‌.

ഞങ്ങൾക്കിത്‌ നൊയമ്പുകാലമായതു കൊണ്ട്‌ പ്രൊ. കർമ്മചന്ദ്രന്‌ നിന്നുതിരിയാനിടമില്ല. പകലത്തെ ഉദ്‌ഘാടനത്തിനും പ്രസംഗത്തിനുമൊക്കെ ഓടിനടന്ന്‌ പങ്കെടുക്കണം. അതിനെന്താ, നാല്‌പത്തൊന്നുദിവസം വ്രതമെടുത്ത്‌ ആ സഖാവ്‌ മലയ്‌ക്കുപോകുമ്പോൾ ഞങ്ങൾ സാംസ്‌കാരികചടങ്ങിൽ പങ്കെടുത്ത്‌ പ്രത്യുപകാരം ചെയ്യുമല്ലോ. ഇന്നെന്തായാലും വൈകരുത്‌. എട്ടുമണിക്ക്‌ ഫ്രാക്ഷൻ കൂടുന്നുണ്ട്‌. ഒൻപതിന്‌ പാർട്ടികമ്മിറ്റി. ഇന്നിനി മൂന്നാൾക്കും ഉറങ്ങാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. നാളെ കുടുംബത്തെക്കൂട്ടി തീർത്ഥാടനത്തിന്‌ പോകുന്നുണ്ട്‌. ഞങ്ങൾ വേളാങ്കണ്ണിക്ക്‌, പ്രൊഫസറും കുടുംബവും തിരുനെല്ലിക്ക്‌, ഇ. കെ. എൻ ബീവിയോടും പിള്ളേരോടുമൊപ്പം ബീമാപ്പള്ളിക്ക്‌.

ഞങ്ങൾ പരസ്‌പരം വ്യക്തിപരമായ കാര്യങ്ങൾ ചർച്ചചെയ്യാറില്ല. മതം തികച്ചും വ്യക്തിപരമായ കാര്യമാകുന്നു. ഓരോരുത്തർക്കും അവരവരുടെ വിശ്വാസം. ശരിയല്ലേ?

വിശ്വാസം വിജയിക്കട്ടെ! വിപ്ലവം നീണാൾ വാഴട്ടെ! സാംസ്‌കാരികനായകർ(എൽ) നാമോവാകം. ലാൽസലാം…..!

Generated from archived content: story3_sept1_06.html Author: d_pradeepkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English