ഇനിയെങ്ങിനെ കഴുതയാവും?

സത്യം പറയാമല്ലോ, ഇടത്തൂന്നുളള അമിട്ടും നിലവെടീം ഒക്കെക്കണ്ടു പൊളിച്ച വായ്‌ ഇനിയും അടയ്‌ക്കാറായിട്ടില്ല. പൊതുജനം കഴുതയെന്നു ഇനി വിളിക്കുന്നവനെ കോവർ കഴുതയെന്നു വിളിക്കണ്ടേ! നാടൻഭാഷയിൽ പറഞ്ഞാൽ ഇതുപോലൊരു പണി….

തളളയില്ലാത്ത രണ്ടു കുഞ്ഞുങ്ങൾക്കുവേണ്ടി നവതിയെത്താറായ ഒരു പിതാവ്‌ ഇത്തിരി സ്വാർത്ഥനായിപ്പോയ തെറ്റല്ലേ ഉണ്ടായുളളൂ. ഇരുന്ന കസേര ഒന്നിളകിയെന്നു തോന്നിയപ്പോൾ ആ പിതാവിന്റെ മുന്നിൽ സാഷ്‌ടാംഗം നമസ്‌കരിച്ച്‌ സർവ്വതും അനുസരിച്ചുപോയ ഒരു പുണ്യാളന്റെ പണിയാണോ ഈ ജനത്തിന്‌ ഇഷ്‌ടപ്പെടാതെ പോയത്‌, ആവോ! എന്തായാലും ഇത്തിരി കടന്നുപോയേ!

*******************************************************

ലോകത്തെന്തു നടന്നാലും മുന്നേ അറിയാൻ കഴിഞ്ഞിരുന്ന രണ്ടു വീരകേസരികൾക്കു പറ്റിപ്പോയ മണ്ടത്തരമാണിതെന്നാണ്‌ അടുക്കളപ്പുറ സംസാരം. ഇന്ദ്രപ്രസ്ഥത്തിൽ ഇനി മൂവർണ്ണക്കൊടി ഉയരില്ലെന്നും, കാവിയാൽ വർണ്ണശബളമായ പ്രഭയോടെ കൂടുതൽ കൂടുതൽ കാലം തിളങ്ങുമെന്നും ധരിച്ചുപോയ പാവം വിദ്വാൻമാർ!

കാവിക്കാരെ പിണക്കേണ്ടെന്നു കരുതിയ പാവം മുഖ്യൻ വടക്കൂന്നു വണ്ടിയേക്കേറി ജാഥനടത്തി തെക്കുവരെ എത്തിയിട്ടും അവരേക്കുറിച്ചു കമാന്നു മിണ്ടിയില്ല. പകരം ചുമ്മാകേറി സഖാക്കന്മാരെ തലങ്ങും വിലങ്ങും തല്ലി. കാലഹരണപ്പെട്ടുപൊയവർ ശകുനം മുടക്കാൻ എന്തിനു വന്നുവെന്നു ചോദിച്ചായിരുന്നു തല്ലുമുഴുവൻ. കാവിക്കാൻ കണ്ണിറുക്കി കാട്ടിയെന്നോ ഉപരാഷ്‌ട്രപതി പദമെന്നോ രാഷ്‌ട്രപതി പദമെന്നോ ഒട്ടെ ചെവിയിൽ പതുക്കെ പറഞ്ഞെന്നോ ഒക്കെ പറയുന്നവർ പൈശാചികവും മൃഗീയവുമായാണ്‌ ആ പറയുന്നത്‌. മുഖ്യൻ പോയാൽ പിന്നെ മോനോ മോളോ ആരുവേണമെന്ന തർക്കം മാത്രമേ പാവം പിതാവിനുണ്ടായിരുന്നുളളൂ. ഒക്കെ തകർത്തുകളഞ്ഞില്ലേ ഈ ജനമെന്ന-അല്ലാ, ഇപ്പണിക്ക്‌ എന്തു പേരിട്ടുവിളിക്കണമെന്ന്‌ വീരശൂരകേസരികൾക്കിനിയും മനസ്സിലായിട്ടില്ല.

******************************************************

കാര്യമൊക്കെ ശരി, 2006-ൽ എന്തുപറഞ്ഞ്‌ വോട്ടുപിടിക്കും ഇവിടുത്തെ സഖാക്കാൾ. അഴിമതിക്കാരായ കോൺഗ്രസുകാർ….എന്നു നീട്ടിപ്പറയുന്നവരും, നാക്കേ മസിലുമായി നടക്കുന്ന കണ്ണൂരെ സഖാവും ഒക്കെ സോണിയാഗാന്ധിക്ക്‌ സിന്ദാബാദ്‌ വിളിക്കുകയല്ലേ….കാത്തിരുന്നുകാണാം.

*******************************************************

തളളച്ചി എന്നു പറഞ്ഞാൽ പുന്നപ്ര ഭാഗത്തു മാഡത്തിന്റെ മലയാള പരിഭാഷയാണെന്നിപ്പം മനസ്സിലായില്ലേ. നെറികേടിനു പിതൃശൂന്യത്വം എന്നൊരർത്ഥമുളളതുപോലെ.

Generated from archived content: essay2_july.html Author: d_ayyappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English