ഒരുസംഘം തനി ദേശസ്നേഹികൾ ജയിച്ചെത്തി നാടിന്റെ ഉദ്‌ഗതിക്കുവേണ്ടി, സദ്‌ഗതിക്കുവേണ്ടി, ഭരണഘടനയിൽ ഏതാനും ഭേദഗതികൾ വരുത്തി. ഭേദഗതി റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും അറിഞ്ഞ പതിനായിരങ്ങൾക്കു തലകറക്കം. രാഷ്ര്ടീയത്താൽ ജീവിതം കെട്ടിപ്പൊക്കുന്ന അനേകർക്ക് പരിഭ്രമം. അമ്പരപ്പ് അസ്വാസ്ഥ്യങ്ങൾ!
ഒന്ന് ഃ “എം.എൽ.എ ആകണമെങ്കിൽ ഒന്നാംക്ലാസിൽ ഡിഗ്രി നേടിയവനും, അതിനുശേഷം ഏതെങ്കിലും തൊഴിലിൽ കഴിവു തെളിയിച്ച ജനസമ്മതനും, മുപ്പതുവയസിൽ കുറയാത്തവനുമായിരിക്കണം”.
(നടുങ്ങുന്നതെന്തിനാണ് മിത്രങ്ങളേ? മനസ്സുണ്ടെങ്കിൽ പഠിക്കാനുള്ള സൗകര്യം സ്വതന്ത്രഭാരതത്തിൽ ഇന്ന് ആർക്കുമുണ്ട്. പഠനത്തിനു വിലയുണ്ടെന്നും, കുട്ടികൾക്ക് അതിനാൽ പഠനത്തിൽ ജാഗ്രതയുണ്ടെന്നും വരുമ്പോൾ വിദ്യാലയത്തിൽ വിദ്യാർത്ഥിസമരം കുറയും എന്ന ദോഷം ഇതിന് ആരോപിക്കാം. നാട്ടിൽ അപക്വതയുടെ മുക്രയിടുന്നതും കുറഞ്ഞുപോയെന്നുവരും).
രണ്ട് ഃ “എം.പിയോ, മന്ത്രിയോ ആകണമെങ്കിൽ എം.എയോ തത്തുല്യമായ വിദ്യാഭ്യാസയോഗ്യത മാത്രം പോരാ, ആശയാവിഷ്‌കരണസാമർത്ഥ്യവും ഉച്ചാരണശുദ്ധിയും പ്ലസ്‌പോയിന്റായി പരിഗണിക്കും”.
(വിവരമുള്ളവരും അഭ്യസ്തവിദ്യരും കൂടുന്ന സദസ്സിൽ അതിദയനീയമായ അവസ്ഥയിൽ മന്ത്രിപദ്യപ്രാപ്തരും, പാർലമെന്റ് അംഗങ്ങളും ബ്ലിങ്കി വിഷമിക്കുന്ന രംഗം നാടിനല്ലയോ മാനക്ഷയമുണ്ടാക്കുന്നത്. അവകാശങ്ങൾ വാദിച്ചു വാങ്ങാൻ അപ്രാപ്തരാകുന്നു മറ്റുള്ളവർ).
മൂന്ന് ഃ “സ്വന്തം ഉത്സാഹത്തിൽ നല്ല മാർക്കുവാങ്ങി പന്ത്രണ്ടുക്ലാസ്സുവരെയെങ്കിലും പഠിച്ചു ജയിച്ചവർക്കേ പഞ്ചായത്തു മെമ്പറായി മത്സരിക്കാൻ അവകാശമുള്ളൂ. പ്രായം ഇരുപത്തഞ്ചുവയസു പൂർത്തിയായിരിക്കുകയും വേണം”.
(അഭ്യാസം ഫലിക്കില്ലെന്നായാൽ കുമാരന്മാർ നിത്യവും ഉത്സാഹിച്ചു വിദ്യാഭ്യാസം നടത്തും. സ്വന്തം തട്ടകത്തിൽ ആളുവില അടിയുറയ്‌ക്കാനുള്ള പ്രായവുമാകും.)
നാല് ഃ “ഒന്ന് അല്ലെങ്കിൽ രണ്ടുതവണയല്ലാതെ ഒരാൾക്ക് ഒരു രാഷ്ര്ടീയപദവി വഹിക്കാൻ സാധിക്കുന്നതല്ല”.
(ജനസംഖ്യകൊണ്ടു വീർപ്പുമുട്ടുന്ന ഒരു രാജ്യത്തിൽ ഏതാനുംപേർ സ്ഥിരമായി അധികാരപദവികളിൽ കയറിയിരിക്കുന്നത് മറ്റുള്ളവരുടെ അവകാശചൂഷണമാകുന്നു. തുടർച്ചയായി ഒരാൾ ഒരു സ്ഥാനത്തെത്തുന്നത് അഴിമതിക്കു കൂടുതൽ സാധ്യതയുണ്ടാക്കുന്നു. ഇരുപത്തഞ്ചും മുപ്പതും വർഷം ഒരാൾ ഒരു സ്ഥാനംവഹിച്ചതു ബഹുമതിയായി കരുതുന്നത് എത്ര മണ്ടത്തരമാണ്. രാഷ്ര്ടീയം ജീവിതമാർഗ്ഗമാക്കാമെന്നു വരുന്നതോടെ കള്ളന്മാരും കൊള്ളക്കാരും കാപാലികരുമെല്ലാം അവിടം കൈയടക്കുന്നു. അതിന് അവസരം നൽകാത്ത ഈ ഭേദഗതി മക്കൾ രാഷ്ര്ടീയത്തിനും പ്രതിവിധിയാകുന്നു.)
അഞ്ച് ഃ “രാഷ്ര്ടീയത്തിലും അധികാരസ്ഥാനങ്ങൾക്ക് ഏറ്റവും കൂടിയ പ്രായം അറുപത്തഞ്ച് എന്ന് നിജപ്പെടുത്തുന്നു”.
(കുഴിയിലേയ്‌ക്കിറങ്ങുന്നതുവരെ അധികാര കസേരയിൽ കുടിയിരിപ്പ് അനുവദിച്ചുകൂടാ. നൂതനചിന്തകളും നൂതന മാർഗങ്ങളും രാഷ്ര്ടീയത്തിന്റെ പുരോഗതിയ്‌ക്കും സഹായകമായിരിക്കും. ക്ലേശം കുറഞ്ഞ പണിചെയ്യുന്ന സർക്കാർ ആഫീസുകളിലെ ജോലിക്കാർ അമ്പത്തഞ്ചിൽ പിരിയേണ്ട ഈ നാട്ടിൽ, അവരേക്കാൾ ശാരീരികാദ്ധ്വാനവും ബൗദ്ധികാദ്ധ്വാനവും വേണ്ട ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കേണ്ട രാഷ്ര്ടീയാധികാരപദവി വഹിക്കുന്നവർക്കു അറുപത്തഞ്ച് എന്ന പ്രായപരിധി തന്നെ കൂടുതലാണ്. സീനിയർ സിറ്റിസന്മാർക്കു സഹകരിക്കാവുന്ന നിർമ്മാണാത്മകമായ രാഷ്ര്ടീയസേവനങ്ങൾ പലതും ഉണ്ടെന്നും ഓർക്കണം).
ആറ് ഃ “ഈർക്കിൽ പാർട്ടികളുടെ ജനനം തടയാൻ കടുത്ത സന്താനനിയന്ത്രണപദ്ധതി ഏർപ്പെടുത്തും. ഇപ്പോഴുള്ള തൊങ്ങൽ പാർട്ടികളെയെല്ലാം വെട്ടിനിരത്തും”.
(മുഖ്യജനവികാരത്തെ തരംതിരിച്ച് രണ്ടു രാഷ്ര്ടീയപാർട്ടികൾക്കു നാട്ടിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചാൽ മതിയാകുമല്ലോ. മതപരമായ അടിസ്ഥാനത്തിൽ രാഷ്ര്ടീയപാർട്ടിയെ ഭരണഘടന ഉൾക്കൊള്ളുന്നില്ല. ഒരു പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ന്യൂനപക്ഷം പുതിയ പാർട്ടിയുണ്ടാക്കുന്നു. അതിൽ പിന്നെയും രണ്ടുപക്ഷം വന്നാൽ ന്യൂനപക്ഷം മറ്റൊരു പാർട്ടിക്കു രൂപം നൽകുന്നു. അങ്ങനെയങ്ങനെ പാർട്ടികളുടെ സുകരപ്രസവം നടക്കുന്നതു ഡെമോക്രസിയല്ല. അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ ന്യൂനപക്ഷമതക്കാർ ആ പാർട്ടിയിലെ ഭൂരിപക്ഷമതത്തെ ആദരിച്ച് അവിടെ നിൽക്കുകയും, തങ്ങളുടെ അഭിപ്രായം ഭൂരിപക്ഷാഭിപ്രായമാക്കിയെടുക്കാൻ നോക്കുകയുമാണ് വേണ്ടത്. അല്ലാത്ത സമീപനം എങ്ങനെ ഡെമോക്രസിയാവും? അധികാരസമ്പാദനത്തിനുള്ള തന്ത്രകുതന്ത്രങ്ങളുടെ ചുവടുവെട്ടിയാലല്ലാതെ എങ്ങനെ ജനകീയഭരണം വിജയിക്കും?)
റേഡിയോയിലും ടെലിവിഷനിലുമുള്ള പ്രഭാത പ്രഖ്യാപനംകേട്ട് പതിനായിരങ്ങൾക്കു തലകറക്കം വന്നാൽ വരട്ടെ. അനേകർക്ക് പരിഭ്രമവും അമ്പരപ്പും അസ്വാസ്ഥ്യവും ഉണ്ടായാൽ ഉണ്ടാകട്ടെ. കടുത്ത വേദന സഹിച്ചാണല്ലോ പുതിയ ഒരു ശിശുവിനെ ലഭിക്കുന്നത്. ദേശസ്നേഹികളേ നിങ്ങൾക്കു സ്തുതി! എന്റെ സ്വപ്നമാണല്ലോ നിങ്ങൾ ഭരണഘടനാ ഭേദഗതിയിലൂടെ പ്രാവർത്തികമാക്കുന്നത്!
Generated from archived content: humur1_july20_07.html Author: chemmanam_chacko