മന്ത്രിമാർ ഊരുചുറ്റരുത്‌

കേരളത്തിൽ ഒരു പുതിയ മന്ത്രിസഭ ഉണ്ടായിരിക്കുന്നു. കഷ്‌ടിച്ച്‌ 400-ൽ ചില്വാനം ദിവസമാണ്‌ അവർക്ക്‌ ഭരിക്കാൻ കിട്ടുന്നത്‌. ഇതിൽ ഒഴിവുദിവസം കിഴിക്കണം. ബാക്കി തൊഴിൽ ദിവസങ്ങളിലെല്ലാം മന്ത്രിമാർ ഓഫീസിൽ ഇരുന്ന്‌ ഭരിക്കണം. സ്വീകരണ സൽക്കാരങ്ങൾക്കും വേശ്യാലയവും വേദാന്തസെമിനാറും ഉദ്‌ഘാടനം ചെയ്യാനും വിത്തുകാള വിതരണത്തിനും കുളിക്കടവിനും കാടമുട്ട സെന്ററിനും കല്ലിടാനും മറ്റുമായി ജനങ്ങളുടെ പെട്രോളും കത്തിച്ച്‌ പേപിടിച്ച നായ്‌ക്കളെപ്പോലെ നാടുനീളെ ഓടിനടക്കരുത്‌. മന്ത്രിമാർ ഓഫീസിലുണ്ടെങ്കിൽ സെക്രട്ടറിമാർ കാണും, സൂപ്രണ്ടുമാർ കാണും, ക്ലർക്കുമാർ കാണും, ക്ലാസ്‌ ഫോറും കാണും. ഭരണം വല്ലതും നടക്കും. മന്ത്രിസഭയ്‌ക്ക്‌ ചങ്കൂറ്റമുണ്ടെങ്കിൽ ഇതൊരു പൊതുതീരുമാനമായി പ്രഖ്യാപിക്കണം.

അധികാരപൂജ എന്നത്‌ കേരളീയരുടെ മാനസികരോഗമാണ്‌. ആരെങ്കിലും അധികാരപ്രാപ്‌തനായാൽപ്പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം അയാളെ കെട്ടിയെഴുന്നെളളിക്കണം. ഒറ്റദിനംകൊണ്ട്‌ അയാൾ ദിവ്യനും സർവ്വവിജ്ഞാനവിഭവനും ആയെന്ന മട്ടാണ്‌ ആൾക്കാർക്ക്‌. ഏതൊരു വീൺവാക്കും മന്ത്രിയുടെ തിരുവായിൽനിന്നു വന്നാലേ മാധ്യമരാജാക്കൾക്കും വിലയുളളൂ. കസേരയിൽനിന്നു താഴെപ്പോയാലോ, പിറ്റേന്നുമുതൽ തിരിഞ്ഞുനോക്കാൻ ഒരു പൂച്ചപോലും കാണുകയുമില്ല. ഈ അധികാരപൂജ അത്ര ശുദ്ധമായ ഏർപ്പാടൊന്നുമല്ല. മന്ത്രിയെ വിളിച്ചാൽ കാറുകൂലി മുടക്കാതെ ചക്കാത്തിനൊരു അതിഥിയെ കിട്ടും. മന്ത്രിമാരുമായി ചങ്ങാത്തം കൂടുന്നതിനും അവരെ തന്ത്രപരമായി പാട്ടിലാക്കുന്നതിനും കൊമ്പൻസ്രാവുകൾക്ക്‌ ഇതിനേക്കാൾ എളുപ്പമാർഗ്ഗമില്ല. ഭരണം ദുഷിക്കുന്നതിന്റെ ഒരു നല്ല പങ്ക്‌ മന്ത്രിമാരുടെ ഈ നെട്ടോട്ടം നിർത്തിയാൽ ഇല്ലാതാകും. അനവസരത്തിൽ മന്ത്രിപുംഗവന്മാർ പറയുന്ന വങ്കത്തരങ്ങളും ഒഴിവായിക്കിട്ടും. കൂട്ടായ പ്രവർത്തനത്തിനിടയിലെ പല അപസ്വരങ്ങളുടെ ഉറവിടവും അങ്ങനെ നില്‌ക്കും. ഛോട്ടാനേതാക്കളുടെ രാഷ്‌ട്രീയ ചൂതുകളികൾക്കും അവസരം കുറയും. ചുരുക്കത്തിൽ മന്ത്രിമാരെ ഓഫീസിലിരുന്ന്‌ ഭരിക്കാൻ അനുവദിക്കാതെ ഉദ്‌ഘാടന-കാലുനാട്ടൽ-കല്ലിടീൽ യന്ത്രങ്ങളാക്കുന്ന ജനതന്ത്രം ദേശദ്രോഹ നടപടിയാവുന്നു. നിങ്ങൾ പൗരബോധമുളള ആളാണെങ്കിൽ മന്ത്രിമാരെ ഇതിനൊന്നിനും വിളിക്കരുത്‌.

ഞങ്ങൾ വരുന്നുണ്ട്‌, സെക്രട്ടറിയേറ്റ്‌ മലർക്കെ തുറന്നിട്ടിരിക്കുകയല്ലേ? ഓഫീസ്‌ സമയത്ത്‌ മന്ത്രിമാരുടെ മുറികളിൽ ‘ആളില്ലാക്കസേരകൾ’ ആണോ ഭരണം നടത്തുന്നതെന്നറിയാൻ ഞങ്ങൾ വരുന്നുണ്ട്‌. നടുറോഡിലാണ്‌ ഭരണമെങ്കിൽ പറഞ്ഞേക്കാം, ഓടിച്ചിട്ട്‌ പിടിച്ച്‌ മുണ്ടുരിയണമോ എന്നുപോലും ആലോചനയുണ്ട്‌. കൂടാതെ അധികാരമില്ലാത്തവർ, സീനിയറായാലും കൊളളാം ജൂനിയറായാലും കൊളളാം, ആസനത്തിലെ തഴമ്പ്‌ തപ്പി ‘ക്രോം ക്രോം’ വിളിച്ച്‌ ശബ്‌ദമലിനീകരണം നടത്താതെ അവനവന്റെ മാളത്തിലിരുന്നുകൊളളണം. അല്ലെങ്കിൽ ഞങ്ങൾ കല്ലെറിയും. പാവം ജനങ്ങളുടെ ക്ഷമയ്‌ക്കുമുണ്ട്‌ ഒരതിര്‌.

Generated from archived content: essay6_dec.html Author: chemmanam_chacko

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English