പാർക്കിൽ കുറച്ചുപേർ കൂടിനിന്ന് സംസാരിക്കുകയായിരുന്നു. പാർക്കിന്റെ കല്ലുകൊണ്ടുളള ചുറ്റുമതിലിന്റെ മാളത്തിൽനിന്ന് രണ്ട് കീരികൾ വെളിയിൽവന്ന് വെയിലുകായുകയായിരുന്നു. അപ്പോൾ പാർക്കിനു വെളിയിൽനിന്ന് ആരോ ഓടിച്ചിട്ടെന്നപോലെ ഒരു പാമ്പ് അങ്ങോട്ട് പാഞ്ഞുവന്നു.
കീരികൾ ഒന്നമ്പരന്നു. പിന്നിങ്ങനെ ചൊടിച്ചുഃ “കീരികൾ ധർമ്മം നടപ്പാക്കുന്ന ഈ ലോകത്ത് നിനക്കെങ്ങനെ ധൈര്യംവന്നു?”
പിന്നെ കീരികൾ രണ്ടുംകൂടി പാമ്പിന്റെ മേൽ ചാടിവീണു. പൊരിഞ്ഞ യുദ്ധം.
“പാമ്പിനെ കൊന്നതുതന്നെ.” ചുറ്റുംകൂടി നിന്നവർ അഭിപ്രായപ്പെട്ടു. അവർ കുറച്ചുനേരം നോക്കിനിന്നു. പിന്നെ എന്തിനോ ഉളള വ്യഗ്രതയിൽ പുറത്തേക്കുപോയി.
അപ്പോൾ പാമ്പും കീരികളുംകൂടി മാളത്തിനകത്തു കയറി. പിന്നെ അവർ ‘ചിയേഴ്‌സ്’ പറഞ്ഞ് ആർത്തുചിരിച്ചു.
“അതൊക്കെ പഴയകാലം. ഹ്…ഹ്….ഹ.”
Generated from archived content: story3_may.html Author: chandu_chokkotta