വിധി

കോടതിയിൽ നിന്നും വീട്ടിലെത്തുമ്പോൾ ജഡ്‌ജി അസ്വസ്ഥനായിരുന്നു.

ജഡ്‌ജി ഭാര്യയെ വിളിച്ചു.

ഭാര്യയ്‌ക്ക്‌ അത്ഭുതം. ജഡ്‌ജി ആയതിനുശേഷം ഒരിക്കൽപോലും ഇത്ര ആർദ്രതയോടെ തന്നെ വിളിച്ചിട്ടില്ലല്ലോ!

“ഞാനിന്നല്‌പം ടെൻഷനിലാണ്‌. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ഉണ്ണികൃഷ്‌ണനെപ്പറ്റി? കോളേജിൽ എന്റെ ആത്മസുഹൃത്ത്‌. ഒരിക്കൽപോലും സത്യം പറഞ്ഞിട്ടില്ലാത്ത ഉണ്ണിയുടെ എത്രയെത്ര കഥകൾ ഞാൻ നിന്നോട്‌ പറഞ്ഞിട്ടുണ്ട്‌.”

“ഓ, ഓർക്കുന്നു. അന്നൊരിക്കൽ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ കാണാൻ നമ്മൾ ലണ്ടനിലേക്ക്‌ പോകുന്നവഴി ഫ്രാങ്ക്‌ഫർട്ടിൽനിന്നും ഫോൺചെയ്‌ത ആളല്ലേ?”

“അതെ; അവൻ തന്നെ. അന്നവൻ തമ്പാനൂരിലെ അരിസ്‌റ്റോ ഹോട്ടലിൽനിന്നാണ്‌ വിളിച്ചത്‌.”

“അയാൾക്കെന്തുപറ്റി, മരിച്ചോ?”

“എങ്കിലെത്ര നന്നായിരുന്നു. ഒരു വിശ്വാസവഞ്ചനാക്കേസിൽ പ്രതിയായി അവനിന്ന്‌ എന്റെ മുമ്പിൽ ഹാജരായി.

”അതിനെന്തിനാ നിങ്ങൾ ടെൻഷനടിക്കുന്നത്‌? ഒടുവിലയാൾ ജയിലിലെത്തുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നതാണ്‌.“

”ഛെ, അങ്ങനെ പറയാതെ. അവൻ ശുദ്ധനാണ്‌. കളളം പറയുന്നത്‌ അവന്റെയൊരു ദൗർബല്യം മാത്രം.“

”ഒരിക്കൽ ഇവിടെവന്ന്‌ രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നു പറഞ്ഞ്‌ നിങ്ങളോടു നൂറുരൂപ ചോദിച്ചുവാങ്ങിയതല്ലേ? അല്‌പം കഴിഞ്ഞ്‌ പോക്കറ്റിൽനിന്ന്‌ ആയിരം രൂപയുടെ ഒരു നോട്ടെടുത്തുകാട്ടി നമ്മളെ മസ്‌കറ്റ്‌ ഹോട്ടലിലേക്ക്‌ ഡിന്നറിന്‌ ക്ഷണിച്ചു. ആ നൂറുരൂപ തിരികെ തന്നതുമില്ല. ബ്ലഡി ചിറ്റ്‌.“

”അതവന്റെ ഒരു തമാശ. പാവം. അന്നുപോയ അവനെ കണ്ടിട്ട്‌ മൂന്നുവർഷമായി. കളളം പറഞ്ഞുപറഞ്ഞ്‌ എവിടെയോപോയി പെട്ടിട്ടുണ്ടാവണം.“

കോടതിയിൽ വിചാരണയ്‌ക്ക്‌ വരുമ്പോഴൊക്കെ പരസ്‌പരം നോക്കാതിരിക്കാൻ ജഡ്‌ജിയും ഉണ്ണിയും ശ്രദ്ധിച്ചുപോന്നു.

തെളിവെല്ലാം ഉണ്ണികൃഷ്‌ണന്‌ എതിര്‌. പ്രോസിക്യൂട്ടർ കത്തിക്കയറിയപ്പോൾ പ്രതിഭാഗം വക്കീൽ അടിയറവു പറയുന്നതുപോലെ തോന്നി. പ്രതി അക്ഷോഭ്യനായി നിന്നു.

ഒടുവിൽ വിധിപറയുന്നതിനു മുമ്പായി ജഡ്‌ജി പ്രതിയോട്‌ സംസാരിച്ചു.

”നിങ്ങൾ ചെയ്‌ത കുറ്റം അറിയാമല്ലോ?“

”അറിയാം.“

”നിങ്ങൾക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?“

”ഉണ്ട്‌.“

അല്‌പം നിർത്തി ഒറ്റശ്വാസത്തിൽ ഉണ്ണികൃഷ്‌ണൻ പറഞ്ഞുഃ

”ഞാൻ കുറ്റം ചെയ്‌തിട്ടുണ്ട്‌. ശിക്ഷയനുഭവിക്കാൻ തയ്യാറാണ്‌.“

വൈകിട്ട്‌ വീട്ടിലെത്തിയപ്പോൾ ആകാംക്ഷയോടെ ഭാര്യ മുമ്പിൽ.

”എന്തായി വിധി? അയാൾ കുറ്റം സമ്മതിച്ചല്ലോ.“

പൊട്ടിച്ചിരിച്ചുകൊണ്ട്‌ ജഡ്‌ജി പറഞ്ഞുഃ

”ജീവിതത്തിൽ ഒരിക്കൽപോലും സത്യം പറഞ്ഞിട്ടില്ലാത്ത അവനെ സംശയത്തിന്റെ ആനുകൂല്യം നൽകി ഞാൻ വിട്ടയച്ചു!“

Generated from archived content: story12_sep.html Author: br_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here