എല്ലാ രാഷ്‌ട്രീയപാർട്ടികളും എല്ലാ നേതാക്കളും ഒരുപോലെ തന്നെയെന്ന് കരുതുന്ന ധാരാളം ആളുകളുണ്ട്. ആകൃതിയിൽ മാത്രമല്ല പ്രകൃതിയിലും. പക്ഷേ അവരൊക്കെ ഉളളിൽ ഒതുക്കുന്ന ഒരു കാര്യമുണ്ട്; തങ്ങൾക്ക് സ്വീകാര്യമായ കക്ഷിയും ആ കക്ഷിയിലെ ചില നേതാക്കന്മാരെങ്കിലും മറ്റ് പാർട്ടികളിൽനിന്നും മറ്റു നേതാക്കന്മാരിൽ നിന്നും വ്യത്യസ്ഥമോ വ്യത്യസ്ഥരോ ആണെന്നത് പുറമേ അവർ അത് പറയാറില്ലെങ്കിലും.
എന്നാൽ എല്ലാ പാർട്ടികളും എല്ലാ നേതാക്കന്മാരും ഒരുപോലെതന്നെയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും അതിൻപടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടരെങ്കിലും ഈ സമൂഹത്തിലുണ്ട്. ഒരു ചെറിയ സംഭവത്തിലൂടെയാണ് ഞാനതറിഞ്ഞത്.
1960 കാലഘട്ടം;
രംഗം ബോംബെ.
സാന്റോക്രൂസ് വിമാനത്താവളത്തിൽ അന്തർദ്ദേശീയ കസ്‌റ്റംസ് നടപടിക്രമം പഠിക്കാൻ കോഴിക്കോട്ടുനിന്നെത്തിയതായിരുന്നു ഞാൻ. രണ്ടുമൂന്ന് സഹപ്രവർത്തകരോടൊപ്പം ഒരു ലോഡ്‌ജിലാണ് താമസം. ബോംബെയിൽ മലയാളികൾ അന്ന് നിർണ്ണായക ശക്തിയായിരുന്നു. വി.കെ.കൃഷ്‌ണമേനോന്റെ പുഷ്‌കലകാലം. ദക്ഷിണേന്ത്യക്കാരെല്ലാം ബോംബെക്കാർക്ക് ‘മലയാളിഭയ്യാ’മാരായിരുന്നു. എല്ലാം കമ്മ്യൂണിസ്‌റ്റുകാർ!
അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്നു അത്. അന്ധേരി നിയോജകമണ്ഡലത്തിലെ കമ്മ്യൂണിസ്‌റ്റുപാർട്ടി സ്ഥാനാർത്ഥി കണ്ണൂർക്കാരനും ബോംബെയിലെ ട്രെയിഡ് യൂണിയൻ നേതാവും ഞങ്ങളുടെയൊക്കെ ആരാധനാപാത്രവുമായിരുന്ന സ.മാധവനായിരുന്നു.
ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനം. ഓഫീസ് വിട്ടാൽ മുറിയിൽപോയി യൂണിഫോം മാറ്റി നാടൻവേഷത്തിൽ നേരേ പാർട്ടി ഓഫീസിലേക്ക്. നോട്ടീസും മറ്റ് പ്രചരണ വസ്‌തുക്കളുമായി പാർട്ടി നിർദ്ദേശിക്കുന്ന പ്രദേശത്തേക്ക്. വോട്ട് ക്യാൻവാസിംഗ്. പാതിരാത്രിവരെ. ബോംബെ നഗരത്തിനുണ്ടോ രാവും പകലും!
ഒരിക്കൽ പാർട്ടി നിർദ്ദേശിച്ചത് ഒരു കോളനിയായിരുന്നു. കോളനി കണ്ടുപിടിച്ച് ആദ്യത്തെ വീടിന്റെ മുൻപിലെത്തി. വോട്ടർ പട്ടികയിൽനിന്നും വിശദവിവരങ്ങൾ മനസ്സിലാക്കി ഞാൻ ഗേറ്റ് തുറന്ന് അകത്തുചെന്ന് മുൻവാതിലിൽ മുട്ടി. മറ്റു സുഹൃത്തുക്കൾ ഗെയ്‌റ്റിന് പുറത്തുതന്നെ നിന്നു.
നാല്‌പത് വയസ്സ് തോന്നിക്കുന്ന ഒരു സ്‌ത്രീ കതകുതുറന്നു. തടിച്ച ശരീരം. ആകർഷകമായ വേഷം. നല്ല മുഖശ്രീ.
ഞാൻ ഇംഗ്ലീഷിൽ പറഞ്ഞുഃ
“മാഡം, ഞാൻ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ ആളാണ്.”
സ്‌ത്രീ റോഡിലേക്ക് നോക്കി. ഗെയ്‌റ്റിന് മുൻപിൽ നില്‌ക്കുന്ന എന്റെ സുഹൃത്തുക്കളുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് എന്റെ അടുത്തേക്ക് അല്‌പം നീങ്ങിനിന്ന് ഞാൻ മാത്രം കേൾക്കത്തക്കതരത്തിൽ നല്ല ഇംഗ്ലീഷിൽ പറഞ്ഞുഃ
“നോക്കൂ, ഞങ്ങൾക്ക് എല്ലാ പാർട്ടിക്കാരും ഒരുപോലെയാണ്. അകത്തേക്ക് വന്നോളൂ.”
അതൊരു വേശ്യാഗൃഹമായിരുന്നു!
Generated from archived content: sept_essay12.html Author: br_nair