ചരിത്രാതീതം (കവിതകൾ)
ജാനകിക്കുട്ടി
ഉൺമ പബ്ലിക്കേഷൻസ്
പേജ് – 64 വില – 35 രൂ.
അമ്പതു ഭാവഗീതങ്ങളാണ് ജാനകിക്കുട്ടിയുടെ ‘ചരിത്രാതീതം’ എന്ന സമാഹാരത്തിലുളളത്. യാഥാർത്ഥ്യങ്ങളുടെ ഭൂമികയിൽ നിന്നുകൊണ്ടുതന്നെ വർണ്ണസ്വപ്‌നങ്ങൾ കാണാനുളള അപൂർവ്വമായ ഒരു വരം കവയിത്രിക്ക് ലഭിച്ചിട്ടുണ്ട്. ശ്രുതിഭംഗികൾ വിടരുന്ന അന്തരീക്ഷത്തിൽ സ്വന്തം കവിതയുടെ തൃക്കൊടി മന്ദമായി പൊങ്ങിയ ‘ചരിത്രാതീത’ കാലഘട്ടത്തെ കരുണാർദ്രമായൊരു വൈപരീത്യമായാണ് ജാനകിക്കുട്ടി വിശേഷിപ്പിക്കുന്നത്. മധുരിക്കുന്ന ഓർമ്മകളും സ്വകാര്യതകളും നഷ്‌ടബോധങ്ങളും വിഹ്വലതകളും ഈ കവിതകളിൽ മിന്നിമറയുന്നു. കലികാലവൈഭവങ്ങളുടെ വാങ്ങ്‌മയമാണീ സമാഹാരം. ലളിതമധുരമായ ബിംബങ്ങളിലൂടെ ധ്വനിസാന്ദ്രമായ അന്തരീക്ഷം ചമയ്‌ക്കുവാനുളള സർഗ്ഗവൈഭവം ഈ കവയിത്രിക്കുണ്ട്. ഗൗരവതരമായ മുന്നറിയിപ്പുകളും ഈ കാവ്യസമാഹാരത്തിൽ കാണാം. ചില സൂചകങ്ങൾക്ക് ധ്വനി മൂല്യത്തിനുമപ്പുറം ഉദ്‌ബോധനശക്തികൂടിയുണ്ടെന്ന് നാം തിരിച്ചറിയുന്നു. സൂര്യയശ്ശസ്, പുഴമീൻ, ഞങ്ങളുടെ കത്ത് നാം ഏകരാണ് തുടങ്ങിയ കവിതകൾ ഭാവഭംഗിയിൽ മികച്ചുനില്‌ക്കുന്നു. പ്രകൃതിയെ സ്വർണ്ണാക്ഷരങ്ങളിലെഴുതിയ സൂര്യകാവ്യമെന്ന് വിശേഷിപ്പിച്ചുകൊണ്ടു തുടങ്ങുന്ന പ്രഭാതത്തിന്റെ അഴക് എന്ന കവിതയും ശ്രദ്ധേയമാണ്. നേർത്ത നീലിമയിൽ വീണുരുണ്ട തിങ്കൾക്കലയും ഉറക്കെച്ചിരിക്കുന്ന ചിതലും ഇരവിൽ നിശ്ശബ്‌ദത പൂണ്ടുനില്‌ക്കുന്ന പൂവും ഇടകലർന്ന പ്രകൃതിയിലെ വിചിത്രധാരകൾ ജാനകിക്കുട്ടിയുടെ കവിതകൾക്ക് ചാരുതയേകുന്നു. ഒ.എൻ.വി. കുറുപ്പിന്റെ പ്രൗഢമായ അവതാരിക ഈ കാവ്യസമാഹാരത്തെ ആഴത്തിലറിയുവാൻ സഹായകമാണ്. (കുങ്കുമം മാസിക)
Generated from archived content: book_charithratitam.html