ഒരിറ്റു ദാഹജലം തേടിയുളള
യാത്രയിൽ
കണ്ടതില്ലൊരു കുളിർനീരും
അറുതിപൂണ്ട മനം
പെയ്യാതെയായ്
വിനാഴികയങ്ങനെ കടന്നുപോയ്
ശ്രുതിതാളമിടറി വീഴുന്നു
നിലയറ്റ നേരം തല-
ചായ്‌ക്കാനിത്തിരി
ഇടം തേടിയലയുകയായ്
അറിഞ്ഞു ഞാനും
ഈ കൂട്ടിൽ ഞാനുമിക്കിളിയും മാത്രം
പറന്നു പോകാതെയതിനെ
മാറോടടുക്കുമ്പോൾ
ചിറകുവിടർത്തിയെന്നോ-
ടവളോതിടുന്നുഃ
“ഞാനും പറന്നുയരാൻ കൊതിക്കുന്നു
എന്നെ വിട്ടേക്കുക
അകലെയെവിടെയോ
ഒരു വേണുഗാനം കേൾക്കുന്നു
പറന്നുയരണമെനിക്കുമവിടേയ്‌ക്ക്”
പാറിപ്പറക്കണം ദൂരമത്രയും
ജീവിതനാടകം തുടങ്ങുമ്പോൾ
പലതും പലരും പിരിഞ്ഞുപോകും
വ്യസനിക്കേണ്ട തെല്ലുമെന്നോതിയവൾ
പറന്നനന്തവിഹായസ്സിലേറി.
Generated from archived content: sept_poem47.html Author: binimol_p_kallar