ഉണ്ണിയുടെ പുസ്‌തകം

സന്ധ്യവന്നടുക്കുമ്പോൾ

ഉമ്മറത്തിണ്ണയിങ്കൽ

ഉണ്ണിവന്നിരിക്കുന്നു,

പുസ്‌തകം നിവർത്തുന്നു

ഉണ്ണിതൻ വിരൽതുമ്പിൽ

പാഠമാം പതിനൊന്ന്‌!

“പാഠം പതിനൊന്ന്‌ ‘ഭൂമി’!

ജീവരാശിതൻ ആശയാം ഭൂമി…

നിറവാർന്ന പുഴകളും

കനിവാർന്ന മലകളും

സ്‌നേഹം നുരയ്‌ക്കും കടൽതീരവും

പിന്നെ തീരത്ത്‌ കൈകോർത്ത

സംസ്‌കാരവും

പൂത്ത ഭൂമി!”

“മലരണിക്കാടുകൾ മധുരമൊഴി

വീചികൾ

ആലോലമാടുന്ന ഭൂമി!”

അമ്മചൊല്ലുന്നു; “ഉണ്ണീ…

നുണയാണിന്നു നിന്റെ

പുസ്‌തകം ചൊൽവതെല്ലാം

പണ്ടുപണ്ടത്തെ കാര്യം!

ഉണ്ണിതൻ വിരൽനീങ്ങി…

സ്‌നേഹമെന്നൊരു പാഠം!

”പാഠം പതിനഞ്ച്‌ ‘സ്‌നേഹം’!

ഈ ഭൂമിതൻ ചലനമാം സ്‌നേഹം…

നിറവാർന്ന പുഴയിലും

കനിവാർന്ന മലയിലും

കാലം കരുത്തോടെ പെയ്‌തു

നിറയ്‌ക്കുന്ന

ചെറുതുളളി പലതുളളി സ്‌നേഹം!

ഒരു ദിവ്യവീണയായ്‌

മർത്ത്യന്റെ ഹൃത്തിലെ

തീരത്ത്‌ മീട്ടുന്ന സ്‌നേഹം!“

അമ്മചൊല്ലുന്നു പിന്നേം…

”എന്തിനാണുണ്ണീ വീണ്ടും

കാണാപ്പാഠം പഠിക്കാൻ

പാഴ്‌ക്കഥ നുണയുന്നു?“

പുസ്‌തകം മാറ്റിയുണ്ണി;

അമ്മയോടൊന്നു ചൊല്ലീഃ

”കളളമെന്തിന്നമ്മേ

പുസ്‌തകത്താളിലായ്‌

വയ്യേ പഠിക്കുവാൻ…

പോയ്‌കളിക്കട്ടെ ഞാൻ!“

Generated from archived content: jan_poem6.html Author: bc_mohanan_ayilur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here