വിഭാഗീയതകളും പരിസ്ഥിതി മലിനീകരണവും

ജോലിക്ക്‌ കൂലി എന്ന വ്യവസ്ഥ അടിയുറച്ചതുകൊണ്ടും നമ്മുടെ ആവശ്യങ്ങളെല്ലാം സാമ്പത്തികമായി പരിഹരിക്കപ്പെടേണ്ടതുകൊണ്ടും പ്രകൃതിയും നമ്മളും പരസ്‌പരം ചൂഷണം ചെയ്യപ്പെടുന്നു. തൊഴിൽപരമായതുൾപ്പെടെയുളള സകലവിധമായ വിഭാഗീയതകളും ശക്തിപ്പെട്ടുവരുന്നതിനാൽ ചൂഷണത്തിന്റെ മത്സരസ്വഭാവവും രൂക്ഷമായിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ ഫലമായി പ്രകൃതിക്ക്‌ സ്വയം പരിഹരിക്കാനാകാത്തത്ര ക്രൂരമായി മണ്ണ്‌ ജലം വായു എന്നിങ്ങനെ സർവ്വവും മലിനപ്പെട്ടുകൊണ്ടേയിരിക്കുന്നു.

പണം കൊടുത്ത്‌ മണ്ണ്‌ വാങ്ങേണ്ടി വരുന്നതുകൊണ്ടുതന്നെ ആ മണ്ണിൽനിന്ന്‌ നന്നായി ആദായം കിട്ടുവാൻ, യാതൊരു ദാക്ഷിണ്യവും കൂടാതെ രാസവസ്‌തുക്കൾ വളമായും കീടനാശിനിയായും പ്രയോഗിക്കുവാൻ നാം മടിക്കാറില്ല. നല്ലൊരു തുകമുടക്കി ഡോക്‌ടറാകുന്നതു കൊണ്ടോ ആശുപത്രി ആരംഭിക്കുന്നതുകൊണ്ടോ ആവശ്യമില്ലാത്ത ചികിത്സയും മരുന്നും രോഗികളിൽ പ്രയോഗിക്കുവാൻ ധൈര്യമുണ്ടാകുന്നു. പണത്തിന്റെ ക്രയവിക്രയമുളള എല്ലാ മേഖലകളിലും ഇത്തരം സാമ്പത്തികചൂഷണത്തിന്റെ ഭാഗമായി തൊഴിൽപരമായ വിഭാഗീയതകളും പരിസ്ഥിതി മലിനീകരണങ്ങളും സംഭവിക്കുന്നത്‌ കൂടാതെ നാം ഉൾപ്പെടെയുളള ജീവികളുടെ നിലനില്‌പിനെയും ബാധിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഈ ഗോളം സർവചരാചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതായിരുന്നിട്ടുകൂടി ആഗോളസമ്പദ്‌ഘടനയുടെ പേരിൽ ഓരോ പ്രദേശത്തെ നാണയത്തിന്‌ വ്യത്യസ്‌തമായ മൂല്യനിർണം ചൂഷണത്തിന്‌ ആയുധമായി പ്രയോഗിച്ചുവരുന്നു. ഒരേ ജോലിക്ക്‌ ജർമ്മനിക്കാരന്‌ കിട്ടുന്നതിന്റെ 128ൽ ഒരുഭാഗം കൂലി മാത്രമാണ്‌ ഇന്ത്യാക്കാരന്‌ കിട്ടുന്നത്‌. ആഗോളസാമ്പത്തികത്തിനു പിന്നിലെ ചൂഷണത്തിന്റെ രൂക്ഷതയ്‌ക്ക്‌ നാം അറിഞ്ഞോ അറിയാതെയോ വഴിപ്പെട്ടു കഴിഞ്ഞു.

‘നാടോടുമ്പോൾ നടുവെ’ എന്ന തത്വത്തിന്‌ അടിമപ്പെട്ടു പോയിട്ടുണ്ടെങ്കിൽ കൂടി നാം ഓരോരുത്തർക്കും ഭൂമിയെ അലോസരപ്പെടുത്താതെ ജീവിക്കാനുളള സ്വാതന്ത്ര്യമുണ്ട്‌. ആ സ്വാതന്ത്ര്യം ആയുധമാക്കാമെങ്കിൽ നമ്മുടെ ആവശ്യങ്ങൾ സാമൂഹികമായി പരിഹരിക്കപ്പെടാവുന്നതേയുളളു. സാമ്പത്തികം എന്നതിനെ ബഹിഷ്‌കരിച്ചു നിർത്തുവാൻ നമുക്ക്‌ സാധിച്ചാൽ ചൂഷണമെന്നത്‌ ഇല്ലാതായിക്കൊളളും. സാമൂഹികമായി നാം ഓരോരുത്തർക്കും സമഗ്രതയും പൂർണ്ണതയും വളർത്തിയെടുക്കുവാൻ സാധിച്ചാൽ നമുക്കിടയിൽ യാതൊരുവിധ വിഭാഗീയതയും ഉണ്ടാകില്ല. ചൂഷണവും വിഭാഗീയതയും കെട്ടടങ്ങുമ്പോൾ പ്രകൃതിയെ മലിനീകരിക്കാതെ സാമൂഹികമായി നമ്മുടെ ഏതാവശ്യവും നിറവേറ്റപ്പെടുകയും ചെയ്യും.

Generated from archived content: essay6_jan13_06.html Author: basuma_

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here