വേണം ബന്ധുത്വലോകം

സ്നേഹക്കുറിപ്പ്‌

നമുക്ക്‌ ജന്മം തന്നവരിൽ നിന്നോ പരിപാലിച്ചവരിൽ നിന്നോ ആകാം നമ്മുടെ ബന്ധങ്ങളുടെ തുടക്കം. അനാഥാലയത്തിൽ നിന്നും വളർന്നവരാണെങ്കിൽ കൂടി കൂടെയുണ്ടായിരുന്നവരുമായി സൗഹൃദസാഹോദര്യ ബന്ധങ്ങൾ ഉണ്ടാകും. ഉറ്റവരും ഉടയവരുമുളളിടത്താണ്‌ ജനനമെങ്കിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുമിത്രാദികൾ, നാട്ടുകാർ അങ്ങനെ ധാരാളം ആൾക്കാരുമായി നമ്മുടെ ബന്ധങ്ങളും വളർന്നുകൊണ്ടേയിരിക്കും. മറ്റെന്തിനേയുംപോലെ ബന്ധങ്ങളിലും മാറ്റങ്ങളുണ്ടാകാം. മാറ്റങ്ങളില്ലാതെ തുടരുന്ന അപൂർവ്വം ഭാര്യാഭർതൃബന്ധം, സുഹൃത്‌ബന്ധം, പ്രണയബന്ധം, സഹോദരബന്ധം, ഗുരുശിഷ്യബന്ധം എന്നിങ്ങനെയും ബന്ധങ്ങൾ ഉണ്ടാകാം. ശൈശവത്തിൽ വീട്ടുകാരോടും, നാട്ടുകാരോടും, ബാല്യത്തിൽ സഹപാഠികളോടും, യൗവനകാലം സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഒത്താണ്‌ നാം കൂടുതലായും ചെലവിടുന്നത്‌.

പൊതുവെ വിവാഹപ്രായം 25 വയസ്‌ എന്ന്‌ കരുതാമെങ്കിൽ നാം നമ്മുടെ ആദ്യകാൽ നൂറ്റാണ്ട്‌ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ചെലവിടുകയും, അടുത്ത കാൽനൂറ്റാണ്ട്‌ ഇണയോടും കുട്ടികളോടും ഒപ്പവുമായിരിക്കും കഴിഞ്ഞുകൂടുന്നത്‌. എല്ലാ മക്കൾക്കും വിവാഹശേഷം മാതാപിതാക്കളോടൊപ്പവും സഹോദരങ്ങളോടൊപ്പവും ഒന്നിച്ച്‌ താമസിക്കുവാൻ കഴിഞ്ഞെന്ന്‌ വരില്ല. വിവാഹത്തിന്‌ മുൻപ്‌ തന്നെ വിദ്യാഭ്യാസത്തിനായും, തൊഴിലിനായും ദൂരെസ്ഥങ്ങളിലേയ്‌ക്ക്‌ ചേക്കേറേണ്ടതായി വരുമ്പോൾ വീട്ടുകാരിൽ നിന്നും, നാട്ടുകാരിൽ നിന്നും അകന്ന്‌ നിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകാറുണ്ട്‌. വിവാഹശേഷം കുടുംബവസ്‌തുവകകൾ ഭാഗംവയ്‌ക്കൽ കൂടി ആകുമ്പോൾ പുതിയ സാഹചര്യങ്ങളിലേക്കും, പുതിയ ബന്ധങ്ങളിലേക്കും നാം കടക്കുന്നു. അതായത്‌ ഒരു കുടുംബത്തിലെ അംഗങ്ങൾക്ക്‌ 25 വർഷത്തിൽ കൂടുതൽ ഒരുമിച്ച്‌ കഴിയുവാൻ കഴിഞ്ഞെന്ന്‌ വരില്ല. വിവാഹശേഷം പുതിയ കുടുംബം ആരംഭിക്കുന്നതോടുകൂടി നാം പൊതുവെ നമ്മുടെ വീട്ടുകാരും, നാട്ടുകാരും, സുഹൃത്തുക്കളും, സഹപ്രവർത്തകരുമായുളള വിശാല സാമൂഹ്യബന്ധുത്വം കുറേശ്ശെ കുറച്ച്‌ അവരവരിലേക്ക്‌ ചുരുങ്ങുന്നതായാണ്‌ കാണുന്നത്‌.

ഓരോ വ്യക്തിയും പ്രായപൂർത്തിയാകുമ്പോൾ ഇണയുമായി ചേർന്ന്‌ പുതിയ കുടുംബങ്ങൾ നടത്തുവാൻ സ്വയം പ്രാപ്‌തരാകുന്നത്‌ പോലെ കുടുംബങ്ങൾ ചേർന്നോ പരസ്‌പരം ബഹുമാനത്തോടും പരസ്‌പരം സഹകരണത്തോടും ഉളള സൗഹൃദസമൂഹങ്ങൾ വളർന്നുവരുന്നതായി കാണുന്നില്ല. സ്വയം പര്യാപ്‌തമായിരുന്ന പഴയ കൂട്ടുകുടുംബവ്യവസ്ഥയിലേക്ക്‌ നമുക്ക്‌ തിരികെ പോകുവാനാകില്ലെങ്കിൽ കൂടി അയൽക്കൂട്ടങ്ങൾ, റസിഡന്റ്‌ അസോസിയേഷനുകൾ, സ്വയം സഹായസംഘങ്ങൾ എന്നിവയിലൂടെ നമ്മുടെ മഹത്തായ സാംസ്‌കാരികമൂല്യങ്ങൾ പരസ്‌പര ബഹുമാനത്തോടും, സഹകരണത്തോടും പരിഷ്‌ക്കാരത്തിനൊത്ത്‌ നിലനിർത്തുവാൻ സാധിക്കും.

നാം ഓരോരുത്തരും മനുഷ്യരായ്‌ ജനിക്കുന്നത്‌ വീട്ടുകാർക്കും, നാട്ടുകാർക്കും, സർവ്വർക്കും വേണ്ടിയാണെന്ന ബോധം ഉണ്ടാകുമെങ്കിൽ പ്രാദേശിക കൂട്ടായ്‌മകളിലൂടെ ഈ ലോകത്തിലെ അന്യത്വം മാറ്റി ബന്ധുത്വംകൊണ്ട്‌ നിറയ്‌ക്കാവുന്നതേയുളളൂ.

Generated from archived content: essay3_dec9_06.html Author: basuma_

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English