ബുദ്ധിയുടെ ലോകം

വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തിലേക്ക്‌ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊളളുന്നു. ഭൗതിക ജീവിതസൗകര്യങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതിനനുസരിച്ച്‌ നമ്മുടെ ബുദ്ധിപരമായ ഉണർവ്‌ നശിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ പ്രത്യേകം പഠനവിഷയമാക്കേണ്ടതായിട്ടുണ്ട്‌. ജീവിതത്തിന്റെ വേഗത കൂടിക്കൂടി വരുന്നതിന്‌ ആനുപാതികമായി മൂല്യങ്ങൾ കൈവിട്ട്‌ പൊയ്‌ക്കൊണ്ടിരിക്കുന്നു. വിശാലചിന്തയും സമഗ്രവീക്ഷണവും വായനാശീലവും ബുദ്ധിയുടെ ഉപയോഗവും അനുഭവങ്ങൾ പങ്കിടലും എഴുത്തും നന്നേ ശുഷ്‌കിച്ച്‌ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ആത്മബോധനം അഥവാ ബൗദ്ധികത ഉണർത്തൽ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം വ്യക്തികൾ, സംഘടനകൾ, സമൂഹങ്ങൾ, പ്രസിദ്ധീകരണങ്ങൾ ഇന്നും പ്രവർത്തിച്ചുവരുന്നുണ്ട്‌. അവയെ ഓരോന്നായി കണ്ടെത്തി അവയുമായി കൈകോർക്കുവാൻ നമുക്ക്‌ സാധിക്കുമെങ്കിൽ ഭൗതികസമ്പത്ത്‌ വാരിക്കൂട്ടുവാൻ വേണ്ടിയുളള നമ്മുടെ വിഡ്‌ഢിപ്രയത്‌നം ഇല്ലാതാകുകയും നാം ബുദ്ധിയുടെ ലോകത്തേക്ക്‌ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യും. ഓരോ സമൂഹവും കുടുംബവും വ്യക്തിയും യഥാക്രമം ഗ്രന്ഥശാല വായനശാല സർവ്വകലാശാല എന്നിങ്ങനെയായിമാറും. ബുദ്ധിയുടെ ലോകത്തേക്ക്‌ കടക്കുവാൻ നമ്മുടെ സമയവും സാമ്പത്തികവും; ഈ പ്രസിദ്ധീകരണങ്ങളുടെ പ്രയത്നം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഉപയോഗിക്കാം. ഓരോ വ്യക്തിയും കുടുംബവും സമൂഹവും ബൗദ്ധികമായി സമ്പന്നമാകുവാൻ നമ്മുടെ വായനക്കാരുടെ പ്രാദേശിക കൂട്ടായ്‌മകൾ രൂപീകരിക്കുകയും, നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഓരോ ലക്കവും, പ്രകാശനം ചെയ്യപ്പെടുന്ന ഓരോ പുതിയ പുസ്‌തകവും അവലോകനം ചെയ്യുക. പൊതുതാത്‌പര്യമുളള വിഷയങ്ങളിൽ ചർച്ചകളും അതാതുവിഷയങ്ങളിൽ പരിചയസമ്പന്നരായവരുടെ പ്രഭാഷണങ്ങളും നടത്തുക. സാമൂഹ്യജീവിത പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തികളുടെ കുടുംബങ്ങളുടെ സമൂഹങ്ങളുടെ പരീക്ഷണപ്രദേശങ്ങൾ സന്ദർശിക്കുക. വനയാത്രകൾ, പരിസ്ഥിതി പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുക.

ഏവരുടേയും ജീവിതമൂല്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി നാം പ്രധാനപ്പെട്ട മറ്റൊരു തീരുമാനത്തിലെത്തേണ്ടതായിട്ടുണ്ട്‌. ഈ നിമിഷം മുതൽ ആർക്കെങ്കിലും പാരിതോഷികങ്ങളോ സമ്മാനങ്ങളോ കൊടുക്കേണ്ടിവരുന്ന അവസരങ്ങൾ- അതായത്‌ നവദമ്പതികൾക്ക്‌, ഗൃഹപ്രവേശം ചെയ്യുന്നവർക്ക്‌​‍്‌, പിറന്നാൾദിവസം, പരീക്ഷകളിൽ വിജയിക്കുന്നവർക്ക്‌, ഉദ്യോഗത്തിൽ പ്രവേശിക്കുന്നവർക്ക്‌, സ്ഥാനക്കയറ്റം കിട്ടുന്നവർക്ക്‌, സ്ഥലംമാറി പോകുന്നവർക്ക്‌, വായനശാലകൾക്ക്‌, കൂട്ടായ്‌മകൾക്ക്‌ പ്രസിദ്ധീകരണങ്ങളുടെ വാർഷികവരിസംഖ്യ അടച്ചും പുസ്‌തകങ്ങൾ മാത്രം അവസരോചിതമായി സമ്മാനിച്ചും മാതൃക കാട്ടുക.

Generated from archived content: essay2_aug13_05.html Author: basuma_

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here